ചെന്നൈ: കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈ നഗരം വെള്ളപ്പൊക്ക ഭീതിയില്‍. 2015 ലെ വെള്ളപ്പൊക്കത്തിനുശേഷമുള്ള ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ ഇതിനോടകം തന്നെ വെള്ളത്തിനടിയിലായി. ചെന്നൈയില്‍ 23 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. നുങ്കമ്പാക്കത്ത് 21.5 സെന്റിമീറ്റര്‍ മഴയും, ചെന്നൈ വിമാനത്താവളത്തില്‍ 11.3 സെന്റിമീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്.
നഗരത്തില്‍ പലയിടത്തും വെള്ളം നിറഞ്ഞതോടെയാണ് പുലര്‍ച്ചെ ജനം ഉണര്‍ന്നത്. മുമ്പലം പ്രദേശത്തെ ആശുപത്രികളിലെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തര പരിചരണം ആവശ്യമുള്ള രോഗികളെ ബോട്ടില്‍ ഒഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മൈലാപ്പൂര്‍, വേളാച്ചേരി, ടി. നഗര്‍ തുടങ്ങി ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. പാളങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ബീച്ച് സ്റ്റേഷനും എഗ്മോറിനും ഇടയിലുള്ള ഇഎംയു സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ഗഗന്‍ദീപ് സിങ് ബേദിയ്‌ക്കൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ വടക്കന്‍ ചെന്നൈയിലെ വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്തി. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് ചെന്നൈ എംഎല്‍എമാരോട് അവരവരുടെ മണ്ഡലങ്ങള്‍ സന്ദര്‍ശിക്കാന്‍ സ്റ്റാലിന്‍ നിര്‍ദേശിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രി എം സുബ്രഹ്മണ്യന്‍ ഇന്നു രാവിലെ തന്റെ മണ്ഡലമായ സൈദാപ്പേട്ട് സന്ദര്‍ശിച്ചിരുന്നു.
നഗരത്തില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അടുത്ത ഏതാനും മണിക്കൂറുകളില്‍ ചെന്നൈയിലും തിരുവള്ളുവര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സേലം, ധര്‍മപുരി, വെല്ലൂര്‍, റാണിപ്പേട്ട, മയിലാടുതുറൈ, പുതുക്കോട്ട, അരിയല്ലൂര്‍, പെരമ്പൂര്‍, മധുരൈ, വിരുദനഗര്‍, ശിവഗംഗ, തിരുനല്‍വേലി, തെങ്കാശി, കന്യാകുമാരി, രാമനാഥപുരം ജില്ലകളിലും ഞായറാഴ്ച ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാകും. നവംബര്‍ ഒമ്പതു മുതല്‍ 12 വരെ തമിഴ്‌നാടിന്റെ തീരദേശ മേഖലകളില്‍ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്.
ചെന്നൈയുടെ പ്രധാന കുടിവെള്ള സ്രോതസ്സുകളായ ചെമ്പരാക്കം, പുഴല്‍ ജലസംഭരണികള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുഴല്‍ ജലസംഭരണിയില്‍ നിന്ന് സെക്കന്‍ഡില്‍ 1000 ഘനയടി വെള്ളവും ചെമ്പരാക്കം ജലസംഭരണിയില്‍ നിന്ന് സെക്കന്‍ഡില്‍ 500 ഘനയടി വെള്ളവുമാകും തുറന്നു വിടുക. അതു പോലെ തന്നെ പൂണ്ടി ജലസംഭരണിയില്‍ നിന്ന് സെക്കന്‍ഡില്‍ 3000 ഘനയടി വെള്ളവും തുറന്നുവിടും. 2015ല്‍ ചെമ്പരാക്കം ജലസംഭരണിയില്‍ നിന്ന് അമിതമായി വെള്ളം തുറന്നു വിട്ടതാണ് അന്ന് ചെന്നൈ വെള്ളത്തിനടിയിലാവാന്‍ കാരണം. അന്ന് ഏകദേശം നാലു ലക്ഷത്തോളം വീടുകളില്‍ വെള്ളം കയറിയിരുന്നു.
താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ സംസ്ഥാന ജലവിഭവ അധികാരികള്‍ കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) നാലു സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: