ഇസ്ലാമബാദ്:പാകിസ്ഥാനിലെ ഇമ്രാന് സര്‍ക്കാരിന്റെ ഉറക്കം കെടുത്തിയിരുന്ന തീവ്രവാദി സംഘടനയായ തെഹ്റീക് ഇ താലിബാന് പാകിസ്ഥാന് (ടിടിപി) സമാധാനപാതയിലേക്ക്. ഇമ്രാന് സര്‍ക്കാരുമായുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാനപാതയിലേക്ക് നീങ്ങാന്‍ ടിടിപിയെ പ്രേരിപ്പിച്ചത് താലിബാന് നേതാവും ഹഖാനിഗ്രൂപ്പിന്റെ തലവനുമായ സിറാജുദ്ദീന് ഹഖാനിയാണ്. ഇപ്പോള്‍ താലിബാന് സര്‍ക്കാരിനെ ആഭ്യന്തരമന്ത്രിയുമാണ് സിറാജുദ്ദീന് ഹഖാനി.
ഇതോടെ ഇമ്രാന്ഖാന് സര്‍ക്കാരും ഹഖാനി ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധബന്ധമാണ് മറനീക്കി പുറത്തുവരുന്നത്. സിറാജുദ്ദീന് ഹഖാനിയ്ക്ക് ആഭ്യന്തരവകുപ്പിന്റെ ചുമതല നല്‍കിയത് പാകിസ്ഥാനിലെ ഇന്റലിജന്‍സ് മേധാവിയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടായിരുന്നു. ഇപ്പോള്‍ പാകിസ്ഥാന് സര്‍ക്കാരിന് നിത്യതലവേദനയായ ടിടിപിയുടെ ശല്ല്യം ഒഴിവാക്കാന്‍ ഇമ്രാന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് സിറാജുദ്ദീന് ഹഖാനി ഇടപെട്ടത്. ഹഖാനി നേതാവിന്റെ നിര്‍ദേശത്തിന് തല്ക്കാലം ടിടിപി വഴങ്ങുകയാണ്. പാക് സൈന്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ടിടിപി നേതാക്കള്‍ അഭയം തേടിയിരിക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്.
കഴിഞ്ഞ രണ്ട് ദശകമായി പാകിസ്ഥാന് ഭരണാധികാരികളെ വിറപ്പിക്കുന്ന തീവ്രവാദി സംഘടനയാണ് ടിടിപി. അഫ്ഗാനിലെ താലിബാന്റെ ഇരട്ടയായാണ് പാകിസ്ഥാനിലെ ടിടിപി അറിയപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയില്‍ രണ്ടാഴ്ചയായി പാക്സര്‍ക്കാര്‍ പ്രതിനിധികളും ടിടിപി നേതാക്കളും തമ്മില്‍ സമാധാനചര്‍ച്ചകള്‍ നടക്കുകയാണ്. ടിടിപിയുടെ ചില തീവ്രവാദികളെ മോചിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാനിലാകെ സമാധാനം സ്ഥാപിക്കാനാണ് ആലോചിക്കുന്നത്.
പാകിസ്ഥാന് തടവിലാക്കിയിരിക്കുന്ന തീവ്രവാദികളെ വിട്ടയക്കുന്നതോടെ സമാധാനം നിലവില്‍ വരും. കുറച്ചുനാളായി ടിടിപിയോട് ആയുധം താഴെവെയ്ക്കാനും രാജ്യത്തിനെതിരായ അക്രമം അവസാനിപ്പിക്കാനും ആവശ്യപ്പെടുകയായിരുന്നു ഇമ്രാന് സര്‍ക്കാര്‍. എന്നാല്‍ താലിബാന്റെ രീതിയില്‍ ശരിയ നിയമങ്ങള്‍ പാകിസ്ഥാനില്‍ അടിച്ചേല്‍പ്പിക്കാനായിരുന്നു ടിടിപി ശ്രമിച്ചിരുന്നത്. പാകിസ്ഥാനിലെ താലിബാന് എന്നറിയപ്പെടുന്ന ടിടിപിയ്ക്ക് ഇമ്രാന് സര്‍ക്കാരിനെ സായുധസമരത്തിലൂടെ താഴെ വീഴ്ത്താനായിരുന്നു പദ്ധതി.
എന്നാല്‍ വടക്കന്‍ വാസിരിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടിടിപിയ്ക്കെതിരെ പാക് സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി. ഇതോടെ അവസാന കോട്ടയായ വാസിരിസ്താന്‍ വിട്ട് ടിടിപി തീവ്രവാദികള്‍ അഫ്ഗാനിലേക്ക് പലായനം ചെയ്തു. അഫ്ഗാനില്‍ നിന്നുകൊണ്ട് ടിടിപി പിന്നീട് പാകിസ്ഥാനില്‍ ബോംബാക്രണവും കൊലപാതകങ്ഹളും അതിര്‍ത്തികടന്നുള്ള ആക്രമണങ്ങളൂും നടത്തിപ്പോന്നു. താലിബാന് കാബൂള്‍ കിഴടക്കിയതോടെ പാകിസ്ഥാനില്‍ ടിടിപിയുടെ ആക്രമണം കൂടിവന്നു.
പാകിസ്ഥാനില്‍ അക്രമം ഈ വര്‍ഷം കൂടിയെന്നും ടിടിപിയാണ് ഇതിന് പിന്നിലെന്നും പാകിസ്ഥാന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സ്റ്റഡീസ് (പി ഐപിഎസ്) പഠനത്തില്‍ പറയുന്നു. ഈ വര്‍ഷം ടിടിപി 95 ആക്രമണങ്ങള്‍ നടത്തുകയും 140പരെ കൊല്ലുകയും ചെയ്തു. ഈ വര്‍ഷം ജൂലായ് മുതല്‍ സപ്തംബര്‍ വരെ മാത്രം ടിടിപി 44 ആക്രമണങ്ങള്‍ നടത്തി ഇതില്‍ 73 പേര് കൊല്ലപ്പെട്ടു. ഒക്ടോബര്‍ 20ന് നടന്ന ഒരു ആക്രമണത്തില്‍ നാല് പാക് സുരക്ഷസൈനികര്‍ കൊല്ലപ്പെട്ടു.
2007ല്‍ തെക്കന്‍ വാസിരിസ്താനിലെ ബൈതുല്ല മെഹ്സുദാണ് ടിടിപിയ്ക്ക് ജന്മം നല്‍കിയത്. ലാല്‍ മസ്ജിത് പള്ളിയില്‍ തീവ്രവാദിയായ ഒരു ഇസ്ലാമിക പ്രഭാഷകനെയും അനുയായികളെയും ഒഴിപ്പിക്കാന്‍ പാക് സൈന്യം നടത്തിയ നീക്കത്തെ എതിര്‍ക്കാനാണ് ടിടിപി രൂപീകരിച്ചത്. ടിടിപി രൂപീകരണത്തിിന് ശേഷം തീവ്രവാദികള്‍ പാക് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. സാധാരക്കാര്‍ക്കും പാക് സൈനികര്‍ക്കെതിരെയും ശക്തമായ ആക്രമണം ടിടിപി നടത്തിപ്പോന്നു. പിന്നീട് പാകിസ്ഥാന് സേന ടിടിപിയ്ക്കെതിരെ ആഞ്ഞടിക്കാന്‍ തുടങ്ങി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ടിടിപി നേതൃത്വവുമായി സമാധാനക്കരാറുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു പാകിസ്ഥാന്. പക്ഷെ ഇപ്പോള്‍ ഹഖാനി ഗ്രൂപ്പിന്റെ ഇടപെടലോടെ ടിടിപി ആയുധങ്ങള്‍ താഴെവെച്ച് കീഴടങ്ങാനും പാക്സര്‍ക്കാര്‍ പൊതുമാപ്പ് നല്‍കാനുമുള്ള സാധ്യത വര്‍ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: