കോഴിക്കോട്: ഫ്രഞ്ച് മാസികയില്‍, 1922ല്‍ വന്നതെന്ന് വിശേഷിപ്പിച്ച്, മാപ്പിളക്കലാപത്തിന് നേതൃത്വം നല്കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ‘യഥാര്‍ത്ഥ ചിത്രം’ അവതരിപ്പിച്ചത് പെരുംനുണയാണെന്ന് കൂടുതല്‍ വ്യക്തമാകുന്നു. മാസികയിലെ ലേഖനത്തില്‍ വാരിയംകുന്നന്റെ പേരു പോലും പരാമര്‍ശിക്കുന്നില്ല. മാത്രമല്ല, മാപ്പിളക്കലാപം വംശഹത്യയാണെന്ന് വിശദീകരിക്കുന്നുമുണ്ട്.
1922ല്‍ ഒരു ഫ്രഞ്ച് മാഗസിനില്‍ മാപ്പിളക്കലാപത്തെ കുറിച്ചു വന്ന ലേഖനത്തിനൊപ്പം കൊടുത്ത ചിത്രങ്ങളിലൊന്നാണ് വാരിയംകുന്നനെക്കുറിച്ചുള്ള പുസ്തകത്തില്‍, അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ചിത്രം എന്നു പറഞ്ഞ് നല്‍കിയിരുന്നത്. തിരക്കഥാകൃത്ത് റമീസ് മുഹമ്മദിന്റെ ‘സുല്‍ത്താന്‍ വാരിയന്കുന്നന്’ എന്ന പുസ്തകത്തിന്റെ കവറിലാണ് ‘അപൂര്‍വ-ആധികാരിക ചിത്രം’ അച്ചടിച്ചത്. ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്ന് ലഭിച്ചതെന്നാണ് വിശദീകരിച്ചത്. എന്നാല്‍ ‘സയന്‍സ് അറ്റ് വോയേജസ്’ എന്ന മാഗസിന്റെ 1922 ആഗസ്ത് ലക്കത്തിലെ അഞ്ചാം പേജില്‍ അച്ചടിച്ചു വന്ന ലേഖനത്തിനൊപ്പം കൊടുത്ത ഈ ചിത്രം വാരിയംകുന്നന്റേതാണെന്നതിന് ഒരു തെളിവുമില്ലെന്നാണ് കഴിഞ്ഞ ദിവസം ഡോ. അബ്ബാസ് പനക്കല്‍ എന്നയാള്‍ മാഗസിനിലെ പേജുകളുടെ പകര്‍പ്പ് സഹിതം ഫെയ്സ്ബുക്കില്‍ കുറിച്ചത്. മാപ്പിളക്കലാപം അന്യമതസ്ഥരെ കൊന്നൊടുക്കിക്കൊണ്ട് മാപ്പിളമാര്‍ നടത്തിയ വംശീയ കലാപമായിരുന്നു എന്ന് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഈ ലേഖനം.
ആലി മുസലിയാരുടെ നടുക്കും ഇരുവശങ്ങളിലും കൂട്ടാളികളായ രണ്ടുപേരുടെ ചിത്രങ്ങളുമാണ് ഫ്രഞ്ച് മാഗസിനിലെ ലേഖനത്തില്‍. ആലി മുസലിയാരുടെ ചിത്രത്തിന് മാത്രം മുഹമ്മദ് ആലി എന്ന് അടിക്കുറിപ്പുണ്ട്. ‘കലാപത്തിന്റെ പ്രധാന ശില്‍പ്പികളിലൊരാളായ മുഹമ്മദ് ആലി. ഇരുവശത്തും ഇംഗ്ലീഷ് കുടിയേറ്റക്കാരെ കൊലപ്പെടുത്തി കലാപത്തിന് സൂചന നല്കിയ രണ്ട് മാപ്പിളമാര്‍’ എന്നാണ് അടിക്കുറിപ്പ്. മറ്റ് ചിത്രങ്ങള്‍ ആരുടേതാണെന്ന് വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ലേഖനത്തില്‍ എങ്ങും വാരിയംകുന്നന്റെ പേര് പറഞ്ഞിട്ടുമില്ല. ഇംഗ്ലീഷുകാരെ അനുകൂലിച്ചുകൊണ്ട് എഴുതിയ ലേഖനത്തില്‍ മാപ്പിളക്കലാപം
തികച്ചും വംശീയമായ ആക്രമണമായിരുന്നു എന്ന് വ്യക്തമാക്കുന്നു. ‘വടക്കും പടിഞ്ഞാറുമുള്ള തങ്ങളുടെ സഹമത വിശ്വാസികളേക്കാള്‍ മതഭ്രാന്തരായ മാപ്പിളമാര്‍ അക്രമാസക്തമായ പ്രതിഷേധവുമായി രംഗത്തുവരികയും 1919ന്റെ തുടക്കത്തില്‍ തന്നെ തുര്‍ക്കി സുല്‍ത്താനെ മാത്രമേ അനുസരിക്കുകയുള്ളുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു’ എന്ന് ലേഖനം പറയുന്നു.
റമീസ് തന്റെ പുസ്തകത്തില്‍ കൊടുത്ത ചിത്രം വാരിയന്‍കുന്നന്റേതു തന്നെയാണെന്ന് സ്ഥാപിക്കാന്‍ നടത്തിയ ചപലമായ ശ്രമങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷമായ പരിഹാസത്തിനിടയാക്കി. നിഗമനങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പുവരുത്താന്‍ കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറെ സമീപിച്ചെന്നും അദ്ദേഹം ഫോട്ടോ കണ്ടശേഷം അത് വാരിയംകുന്നനാണെന്ന് ഉറപ്പിച്ചെന്നും പുസ്തകത്തില്‍ പറയുന്നു. ‘ഈ ഫോട്ടോ കണ്ടാല്‍ അറിയാം, ഇയാള്‍ വെറുമൊരു നാടന്‍ മാപ്പിളയല്ല, വിദേശരാജ്യങ്ങളില്‍ ജീവിച്ച ആളാണ്. കാരണം ഇയാളുടെ ഹെയര്‍കട്ട്, താടിയുടെ സ്റ്റൈല്‍ എല്ലാം നാടന്‍ സ്റ്റൈലിലുള്ളതല്ല.’ ഇതായിരുന്നുവത്രെ പ്രൊഫസറുടെ നിഗമനം! മുടിചീകല്‍ ശൈലി നോക്കി ചരിത്രമെഴുതുന്നത് വിചിത്രമാണെന്നാണ് പരിഹാസം. ഫ്രഞ്ച് മാസികയിലെ ലേഖനത്തില്‍ ആലി മുസലിയാരുടെ വലതു വശത്തുള്ള ചിത്രം വാരിയന്‍കുന്നന്റെ ഗവര്‍ണറായിരുന്ന സീതിക്കോയ തങ്ങളുടേതാണെന്ന അവകാശവാദവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: