തിരുവനന്തപുരം: ഷാജി കൈലാസും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ‘കടുവ’ സിനിമയുടെ ഷൂട്ടിങ്ങ് സെറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. വഴി തടഞ്ഞാണ് സിനിമ ഷൂട്ട് ചെയ്യുന്നതെന്ന് ആരോപിച്ച് പൊന്‍കുന്നത്തുനിന്നും എത്തിയ പ്രവര്‍ത്തകര്‍ ചിത്രീകരണം തടസപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രശ്നത്തില്‍ ഇടപെടുകയും ഒടുവില്‍ ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നു. റോഡ് തടഞ്ഞ് സിനിമ ചിത്രീകരിക്കുന്നോയെന്ന് ചോദിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രശ്നമുണ്ടാക്കിയതെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. സിനിമയ്ക്ക് ചിത്രീകരണാനുമതിയുണെന്ന് നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
പാലായില്‍ 90കളില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ കടുവാകുന്നേല്‍ കുറുവച്ചന് എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. നിലവില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മുണ്ടക്കയം, കുമളി എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ രചയിതാവും ആദം ജോണിന്റെ സംവിധായകനുമായ ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: