പി. പ്രേമകുമാര്‍
സ്വാതിതിരുനാളിന്റെ സദസിലെ ആസ്ഥാന ഗായകനും ത്യാഗരാജ സ്വാമികളുടെ സമകാലികനുമായിരുന്ന ഗോവിന്ദമാരാര്‍ ജനിച്ചത് മാതൃഭവനമായ കോട്ടയം ജില്ലയിലെ പുതുപ്പള്ളിക്കടുത്ത വെന്നിമല ഗ്രാമത്തിലെ പുളിക്കല്‍ മാരാത്ത് ഭവനത്തിലാണ്. പിതാവിന്റെ വീട് എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത രാമമംഗലത്തായിരുന്നു.
മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള രാമമംഗലം ‘ബാലനരസിംഹമൂര്‍ത്തി’ ക്ഷേത്രത്തിലെ സോപാന സംഗീതവും ക്ഷേത്രകലകളും പരമ്പരയായി കൈകാര്യം ചെയ്യുന്നതിനുള്ള അവകാശം അവിടത്തെ അഞ്ചുമാരാര്‍ കുടുംബങ്ങള്‍ക്കായിരുന്നു. ആ അഞ്ച്കുടുംബങ്ങളില്‍ ‘താഴത്തേടത്ത്’എന്ന കുടുംബാംഗമായാണ് ഗോവിന്ദമാരാര്‍ 1798-ല്‍ ജനിച്ചത്. (1795 ല്‍ ആണന്ന് കരുതുന്നവരുമുണ്ട്.) ചെറുപ്പത്തില്‍ത്തന്നെ സോപാനസംഗീതത്തിലും, ഇതര ക്ഷേത്രകലകളിലും പ്രാവീണ്യം നേടി. യൗവ്വനാരംഭത്തില്‍ത്തന്നെ ഒരു മാറാവ്യാധിയായ വാതരോഗം അദേഹത്തെ പിടികൂടി. അതിനാല്‍ പല വാദ്യോപകരണങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയാത്തതിനാല്‍ അദ്ദേഹം വായ്പാട്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സംഗീതത്തില്‍ ഉപരിപഠനത്തിനായി തിരുവനന്തപുരത്തെത്തി. അവിടെ താമസിച്ച് ഹരിപ്പാട് രാമസ്വാമി ഭാഗവതരുടേയും ഹരിദ്വാര ഭാഗവതരുടേയും ശിഷ്യനായി ആറു കൊല്ലം കൊണ്ട് സംഗീതത്തില്‍ വേണ്ട പ്രാഗത്ഭ്യം നേടി.
ത്യാഗരാജന് എന്നൊരു പ്രസിദ്ധ സംഗീതജ്ഞന് തഞ്ചാവൂരില്‍ ഉണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ മാരാര്‍ അവിടെ എത്തി. തിരുവിതാംകൂറില്‍ നിന്നുമാണ് എത്തിയതെന്നറിഞ്ഞ് മാരാരെ ആചാരപൂര്‍വ്വം സ്വാഗതം ചെയ്ത് അദ്ദേഹത്തോട് ഒരു കീര്‍ത്തനം ആലപിക്കാന്‍ ത്യാഗരാജന് ആവശ്യപ്പെട്ടു. ഒരു കീര്‍ത്തനം ആറുകാലങ്ങളില്‍ പാടി അവിടെ കൂടിയിരുന്ന എല്ലാവരേയും മാരാര്‍ അത്ഭുതപ്പെടുത്തി. എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ‘പന്തുവരാളി’യില്‍ ‘ചന്ദനചര്‍ച്ചിത നീലകളേബര’ എന്ന ‘ഗീതഗോവിന്ദ’ പദം ഒന്നാം വിളംബിത കാലത്തില്‍ വലിച്ചു പാടിയാണ് അദ്ദേഹം തുടങ്ങിയത്. എന്നാല്‍ തുടര്‍ന്ന് രണ്ടാം കാലത്തിലും പിന്നെ മൂന്നാം കാലത്തിലും നാല്, അഞ്ച്, ആറ് കാലങ്ങളിലും അദ്ദേഹം അത് പാടിയപ്പോള്‍ അത്ഭുതസ്തബ്ധരായത് ത്യാഗരാജനടക്കമുള്ളവരായിരുന്നു. കാല്‍വിരലുകള്‍ക്കിടയില്‍ ഉറപ്പിച്ച ഇടയ്ക്ക ഒരു കൈകൊണ്ട് വായിച്ചും മറ്റേ കൈകൊണ്ട് ഏഴ് തന്ത്രികളുള്ള തംബുരു മീട്ടിയുമാണത്രേ മാരാര്‍ പാടിയത്. തന്റെ അതിഥി അമാനുഷിക സിദ്ധികളുള്ള വ്യക്തിയാണന്ന് മനസിലാക്കിയ ത്യാഗരാജന് മാരാര്‍ പാടിക്കഴിഞ്ഞയുടന്‍ തന്നെ ‘മഹാനുഭാവന്’ എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയും ചെയ്തു. തന്റെ സന്ദര്‍ശകനായ മാരാര്‍ക്ക് ഉപചാരമര്‍പ്പിക്കുന്നതിനും അതിഥിക്ക് സംഗീതത്തിലുള്ള അപാരമായ കഴിവ് അംഗീകരിക്കുന്നതിനുമായി ത്യാഗരാജന് തന്റെ ശിഷ്യരോട് പഞ്ചരത്ന കൃതികളിലഞ്ചാമത്തേതും ശ്രീരാഗത്തിലുള്ളതുമായ ‘എന്തരോ മഹാനുഭാവുലു അന്ദരികി വന്ദനമു’ ആലപിക്കാന്‍ ആവശ്യപ്പെടുകയും അവര്‍ ഒന്നിച്ച് ആ കൃതി ആലപിച്ച് അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തു. ഇതിന് ശേഷം മാരാര്‍ നാട്ട, ഗൗള, ആരഭി, വരാളി എന്നീ രാഗങ്ങളില്‍ ഓരോ കീര്‍ത്തനങ്ങളും ആ സദസ്സില്‍ പാടിക്കേള്‍പ്പിച്ചു. ഈ അഞ്ച് രാഗങ്ങളിലാണ് പഞ്ചരത്നകീര്‍ത്തനങ്ങള്‍ പാടാറുള്ളത്. 1842 ലെ ഒരു ഏകാദശി ദിവസമാണ് തന്റെ വിശേഷ തംബുരുവുമായി ഷഡ്കാല ഗോവിന്ദമാരാര്‍ തഞ്ചാവൂരിലെ ത്യാഗരാജ സ്വാമിയുടെ ഭവനത്തിലെത്തിച്ചേരുന്നത്. (1837/38 കാലഘട്ടത്തിലാണെന്ന് കണക്കാക്കി വരുന്നവരുണ്ട്)
സഞ്ചരിച്ചുകൊണ്ടേയിരുന്ന ഒരു ഗായകനായാണ് ഷഡ്കാല ഗോവിന്ദമാരാര്‍ അറിയപ്പെടുന്നത്. ലൗകിക ജീവിതത്തില്‍ താനാഗ്രഹിച്ചതൊന്നും ലഭിക്കാത്ത നിരാശയായിരിക്കണം മാരാരെ ഒരു സഞ്ചാരിയാക്കിയത്. ചെറുപ്പത്തില്‍ സംഗീതാഭിമുഖ്യവും കുറച്ചൊക്കെ പാടുകയും ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയോട് ഗോവിന്ദന് താല്പര്യം തോന്നുകയും പിന്നീട് അത് അനുരാഗമായിത്തീരുകയും ചെയ്തു. ആ കുട്ടിയുടെ പിതാവിനോട് മകളെ തനിക്ക് വിവാഹം കഴിച്ചു തരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തുവത്രെ. എന്നാല്‍ വാതരോഗത്താല്‍ ശാരീരിക വൈകല്യമുള്ള ഗോവിന്ദന് തന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കുവാന്‍ ആ പിതാവ് തയാറായില്ല. ഇതില്‍ മനംനൊന്ത് ഗോവിന്ദന് ഇനിയൊരു വൈവാഹിക ജീവിതം വേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം സംഗീതത്തെ മാത്രം പ്രണയിച്ചു കൊണ്ട് സംഗീതത്തിന്റെ മാസ്മരിക ലോകത്തിലേക്ക് ആഴ്ന്നിറങ്ങി. തന്റെ മനസ്സിനെ ഈ തീരുമാനത്തിലുറപ്പിച്ച് നിര്‍ത്താനായി രാമമംഗലത്തെ നരസിംഹ ക്ഷേത്രത്തില്‍ നാല്പത്തി ഒന്ന് ദിവസത്തെ വ്രതം നോറ്റതിന്റെ ഫലമായി നരസിംഹമൂര്‍ത്തി അദ്ദേഹത്തിന് ദര്‍ശനം നല്കി. തുടര്‍ന്ന് കഠിനമായ സംഗീതോപാസന കൊണ്ട് ഈശ്വരദര്‍ശനം ലഭിച്ച ഒരു അവധൂതനായി മാരാര്‍ മാറി. അതുകൊണ്ട് തന്നെയാവണം നാദബ്രഹ്മമായ പണ്ഡരീപുരത്തെ (മഹാരാഷ്ട്രയിലെ ഷോലാപൂരിനടുത്ത) പാണ്ഡുരംഗ ക്ഷേത്രത്തിലെത്തി അനേകനാള്‍ ഭജനമിരിക്കാനും ഭഗവത് ലീലകള്‍ പാടിക്കൊണ്ടിരിക്കെ തന്നെ1843 ല്‍ മരണം വരിക്കാനും ഗോവിന്ദമാരാര്‍ക്ക് അവസരം ലഭിച്ചത് (1858 ലാണെന്ന് മറ്റൊരു പക്ഷവും ഉണ്ട്) ഷഡ്കാല ഗോവിന്ദ മാരാര്‍ ഉപയോഗിച്ചിരുന്ന ഏഴ് തന്ത്രികളുള്ള അപൂര്‍വ്വ തംബുരു പണ്ഡരീപുരത്തെ വിട്ടോബാ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
ഗോവിന്ദമാരാരുടെ യൗവനകാലത്ത് തന്നെ സംഗീതജ്ഞനും സംഗീതത്തെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചിരുന്ന രാജാവുമായ സ്വാതിതിരുനാളിന്റെ സദസ്സില്‍ അംഗമായി. ഏഴ് തന്ത്രികളുള്ളതും വൈജയന്തിയണിഞ്ഞതുമായ തംബുരു മാരാര്‍ ഉപയോഗിച്ച് തുടങ്ങിയതിന് പിന്നിലുമൊരു കഥയുണ്ട്. ഗോവിന്ദമാരാരെപ്പറ്റി കേട്ടറിഞ്ഞ് സ്വാതിതിരുനാള്‍ അദ്ദേഹത്തെ പാടാന്‍ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. ഒരു രാത്രിസദസ്സില്‍ ‘പുരാനീര്‍’ രാഗം പാടാനായിരുന്നു രാജാവ് ആവശ്യപ്പെട്ടത്. പ്രഭാതത്തില്‍ പാടുന്നതാണ് ആ രാഗത്തിലുള്ള പാട്ടിനെ കര്‍ണ്ണാനന്ദരമാക്കുവാന്‍ അനുയോജ്യമെന്നറിയാമെങ്കിലും രാജാവിന്റെ ആജ്ഞയായതിനാല്‍ എതിര്‍ത്തൊന്നും പറയാതെ തന്നെ മാരാര്‍ പാടിത്തുടങ്ങി. പാട്ട് ഉച്ചസ്ഥായിലെത്തുമ്പോഴേക്കും പ്രഭാതത്തിന്റെ കുളിര്‍മ രാത്രിയില്‍ പടരുന്നതായി സദസ്സിലുരുന്നവര്‍ക്ക് അനുഭവപ്പെട്ടു. സന്തുഷ്ടനായ രാജാവ് മാരാരെ വീരശൃംഖല അണിയിക്കുകയും ഏഴ് തന്ത്രികളുള്ള തംബുരുവില്‍ ചാര്‍ത്താനായി ഒരു വൈജയന്തി (ചെറിയ കൊടി) സമ്മാനിക്കുകയും ചെയ്തു. പിന്നീട് ആ തംബുരു മീട്ടിയാണ് അദ്ദേഹം ഭാരതം മുഴുവന്‍ ചുറ്റിസഞ്ചരിച്ചത്. സാധാരണയായി ഉപയോഗിക്കുന്ന തംബുരുവിന് നാല് തന്ത്രികള്‍ മാത്രമാണുള്ളത്. ഏഴ് തന്ത്രികളുള്ള തംബുരു മാരാര്‍ സ്വയം രൂപപ്പെടുത്തി നിര്‍മ്മിച്ചെടുത്തതാണ്. വളരെ ശ്രദ്ധിച്ച് മീട്ടിയില്ലെങ്കില്‍ അപസ്വരമായിരിക്കും ഇതില്‍ നിന്നുണ്ടാകുക. ക്ഷേത്രകലകളുമായി ബന്ധപ്പെട്ട തുകല്‍ വാദ്യങ്ങള്‍ വായിക്കുന്നതിലും മാരാര്‍ പ്രവീണനായിരുന്നു. സംഗീതജ്ഞന്മാരില് അപൂര്‍വ്വം മാത്രം കാണാനാകുന്ന ഒരു പ്രത്യേകത ഗോവിന്ദമാരാര്‍ക്കുണ്ടായിരുന്നു. ആറുകാലങ്ങളില്‍ പല്ലവി പാടാനുള്ള കഴിവായിരുന്നു അത്. ഏറ്റവും മികച്ച പാട്ടുകാര്‍ പോലും മൂന്നു കാലങ്ങളില്‍മാത്രം പാടുമ്പോള്‍ ഗോവിന്ദമാരാര്‍ക്കു കൈമുതലായി ലഭിച്ച ഈ കഴിവാണ് അദ്ദേഹത്തെ ‘ഷഡ്കാല ഗോവിന്ദമാരാര്‍’ എന്ന വിളിപ്പേര് നല്‍കിയത്. ഒരുപക്ഷേ നാരായണീയമെന്ന മഹത് ഗ്രന്ഥം ഭക്തര്‍ക്ക് നല്കുവാനായി ഗുരുവായൂരപ്പന് മേല്പ്പുത്തൂരിന് വാതരോഗം നല്കിയതു പോലെ ഗോവിന്ദന്റെ ആറുകാലങ്ങളില്‍ പാടുവാനുള്ള കഴിവ് പുറത്തെടുക്കാനായിരിക്കണം അദ്ദേഹത്തിനും നരസിംഹമൂര്‍ത്തി വാതരോഗം സമ്മാനിച്ചത്. അല്ലാത്ത പക്ഷം അദ്ദേഹത്തിന് അനുരാഗം തോന്നിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ഗാര്‍ഹസ്ഥ്യജീവിതം നയിച്ചിരുന്ന ഒരു മികച്ച ക്ഷേത്രവാദ്യ കലാകാരനായി മാത്രം മാരാര്‍ അറിയപ്പെടുമായിരുന്നു.
വിളംബിതം, അതിവിളംബിത, മധ്യമ, ദ്രുത, അതിദ്രുത, അതിഅതിദ്രുത എന്നിവയാണ് ആറു കാലങ്ങള്‍. കര്‍ണ്ണാടകസംഗീത ചരിത്രത്തില്‍ ആറുകാലങ്ങളിലും പാടിയിട്ടുള്ളവര്‍ മറ്റൊരാള്‍ സേലം നരസയ്യായും മൂന്നാമതൊരാള്‍ വിജയനഗരം വീണാ വെങ്കടരമണ ദാസുമാണ്.
പരിവ്രാജകനായ ഷഡ്കാല ഗോവിന്ദമാരാരുടെ കൃത്യമായ ജനനത്തീയതിയും മരണത്തീയതിയും രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥമുള്ള സംഗീതോത്സവം എല്ലാ വര്‍ഷവും നവംബര്‍ മാസത്തിലെ രണ്ടാം വാരത്തില്‍ രാമംഗലത്തു നടന്നു വരുന്നു. ഗോവിന്ദമാരാര്‍ സ്മാരക സമിതിയും കേരള സംസ്ഥാന സംഗീത നാടക അക്കാഡമിയും ചേര്‍ന്നാണ് ഈ ഉല്‍സവം സംഘടിപ്പിക്കുന്നത്. കേരളത്തിന് പുറത്തുനിന്നുള്ള സംഗീതജ്ഞരും ഈ പരിപാടിയില്‍ പങ്കെടുക്കാറുണ്ട്. രാമമംഗലത്തും വെന്നിമലയും ഷഡ്കാല ഗോവിന്ദമാരാര്‍ സ്മാരക മന്ദിരങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പരമഹംസ ഗോവിന്ദ ദാസ് എന്ന പേരിലാണ് അദ്ദേഹം കേരളത്തിന് പുറത്ത് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: