ദുബായ്: ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയെ ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്കാരം നല്കി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.
അബുദാബി എമിറേറ്റ്സ് പാലസില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു ഇന്ത്യോനേഷ്യന്‍ പ്രസിഡണ്ട് ജോക്കോ വിഡോഡോ സര്‍ക്കാരിന്റെ ഉന്നത ബഹുമതി യൂസഫലിക്ക് നല്കി ആദരിച്ചത്. ഇന്തോനേഷ്യന്‍ വ്യാപാര മന്ത്രി മുഹമ്മദ് ലുത്ഫി, ഇന്ത്യോനേഷ്യയിലെ യു.എ.ഇ. സ്ഥാനപതി അബ്ദുള്ള അല്‍ ദാഹിരി, യു.എ.ഇ. യിലെ ഇന്തോനേഷ്യന്‍ സ്ഥാനപതി ഹുസ്സൈന്‍ ബാഗിസ് എന്നിവരടക്കമുള്ള പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഇന്തോനേഷ്യയില്‍ നിന്നുള്ള ഭക്ഷ്യ ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ കൂടുതലായി കയറ്റുമതി ചെയ്യുകയും അത് രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് കൂടുതല്‍ ഉണര്‍വ് പകരുകയും പൗരന്മാര്ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്തതിനാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ യൂസഫലിയെ പുരസ്കാരം നല്കി ആദരിച്ചത്.
ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി ലഭിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും ഇതിന് ഇന്തോനേഷ്യന്‍ പ്രസിഡണ്ടിനും സര്‍ക്കാരിനും നന്ദി പറയുന്നുവെന്നും ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി പറഞ്ഞു. രാജ്യത്തെ വാണിജ്യ മേഖലയില്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഈ അംഗീകാരം പ്രേരകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ നിലവിലുള്ള അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടാതെ അബുദാബി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏ.ഡി.ക്യൂ.വുമായി ചേര്‍ന്ന് പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ബാലി ഉള്‍പ്പെടെ 30 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി തുടങ്ങാനും ഈ-കോമേഴ്സില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ധാരണയായി. ലുലു ഗ്രൂപ്പിന്റെ ഇന്തോനേഷ്യയിലെ പ്രവര്‍ത്തനങ്ങളില്‍ പ്രസിഡണ്ട് ജോക്കോ വിഡോഡോ പൂര്‍ണ്ണ സംതൃപ്തി പ്രകടിപ്പിച്ചതായും യൂസഫലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: