കുട്ടികളില്ലാത്ത ദമ്പതികള്‍ സന്താനസൗഭാഗ്യത്തിനായി പോകുന്ന ദൈവസന്നിധികള്‍ ഒരുപാടുണ്ട്. എന്നാല്‍ സന്താനലബ്ധിക്കും ഒപ്പം സുഖപ്രസവത്തിനുമായി ദേവീ കാരുണ്യം തേടി ഗര്‍ഭിണികള്‍ എത്തുന്നൊരു ക്ഷേത്രമുണ്ട് തമിഴ് നാട്ടില്‍. കുംഭകോണത്തിനടുത്ത് തിരുക്കരുഗാവൂരിലുള്ള മുല്ലൈവാണനാഥര് ഗര്ഭരക്ഷാംബികൈ ക്ഷേത്രം. ശിവപാര്‍വതിമാരാണ് മുല്ലൈവാണനാഥരും ഗര്ഭരക്ഷാംബികയുമെന്നാണ് സങ്കല്പം.
ദമ്പതികള്‍ക്ക് സേവിക്കാന്‍ നെയ്യും ഗര്‍ഭിണികള്‍ക്ക് പ്രസവമടുക്കുമ്പോള്‍ ഉദരത്തില്‍ പുരട്ടാനായി ആവണക്കെണ്ണയുമാണ് പ്രസാദമായി ലഭിക്കുക. പ്രസാദമായി നല്കുന്ന നെയ്യ,് ദമ്പതികള്‍ 48 ദിവസം വ്രതശുദ്ധിയോടെ വിധിപ്രകാരം സേവിക്കണം.
മുല്ലൈവാണനാഥരെന്നറിയപ്പെടുന്ന ശിവഭഗവാനാണ് ഇവിടെ പ്രധാനമൂര്‍ത്തി. വെരുകിന്റെ സ്രവത്താല്‍ തേച്ചുമിനുക്കിയ, മണ്പുറ്റുകൊണ്ടുണ്ടാക്കിയ ശിവലിംഗമാണ് മുല്ലെവാണനാഥരായി പൂജിച്ചു പോരുന്നത്. മണ്പുറ്റായതിനാല് അഭിഷേകം പതിവില്ല. മുല്ലവള്ളികള്ക്കുള്ളിലാണ് ‘മുല്ലൈവാണ നാഥര്‍’ കുടികൊള്ളുന്നത്. മുമ്പ് മുല്ലക്കാടായിരുന്നു ഈ പ്രദേശമത്രയും. ക്ഷേത്രത്തിലെ ‘സ്ഥലവൃക്ഷ’മായി പരിപാലിച്ചു വരുന്നതും മുല്ലയാണ്.
പൗര്‍ണമി നാളിലെ വളര്‍പിറൈ പ്രദോഷത്തിന് ഇവിടെ വെരുകിന്റെ സ്രവം ഭക്തര്‍ക്കു നല്കുന്ന പതിവുണ്ട്. ത്വഗ്രോഗങ്ങളെല്ലാം മാറ്റാനുള്ള കഴിവ് ഈ പ്രസാദത്തിനുണ്ടെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: