ന്യൂദല്‍ഹി: സാങ്കേതിക തുണിത്തരങ്ങളുടെ കയറ്റുമതിയില്‍ 3 വര്‍ഷത്തിനുള്ളില്‍ 5 മടങ്ങ് വര്‍ധനയാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയല്‍. ടെക്സ്റ്റൈല്‍ വ്യവസായത്തിന് ആവശ്യമായ ചെലവ് കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന സംസ്ഥാനങ്ങളിലെ ടെക്സ്റ്റൈല്‍ മേഖലയ്ക്ക് കേന്ദ്രം പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ദല്‍ഹിയില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ടെക്നിക്കല്‍ ടെക്സ്റ്റൈല്‍ അസോസിയേഷന്റെ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ അഞ്ച് വര്‍ഷമായി സാങ്കേതിക തുണിത്തരങ്ങളുടെ ഉത്പാദന വളര്‍ച്ച രാജ്യത്ത് കുതിച്ചുയരുകയാണ്. നിലവില്‍ ഈ മേഖല പ്രതിവര്‍ഷം 8ശതമാനം വളര്‍ച്ച കൈവരിക്കുന്നുണ്ട്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഈ വളര്‍ച്ച 15 മുതല്‍ 20 ശതമാനമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സാങ്കേതിക തുണിത്തരങ്ങളുടെ നിലവിലെ ലോക വിപണി 250 ബില്യണ്‍ യുഎസ് ഡോളറാണ് അതായത് 18 ലക്ഷം കോടിരൂപ. ഇതില്‍ ഇന്ത്യയുടെ വിഹിതം 19 ബില്യണ്‍ യുഎസ് ഡോളര്‍ മാത്രമാണ്. വരുന്ന കാലയളവില്‍ വിപണിയില്‍ 40 ബില്യണ്‍ ഡോളറിന്റെ വിഹിതം ഇന്ത്യ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമാക്കുന്ന ഗുണനിലവാരത്തില്‍ തന്നെ ആഭ്യന്തര വിപണിയിലും ഉത്പന്നം ലഭ്യക്കണമെന്ന് അദേഹം ഉത്പാദകരെ ഓര്‍മ്മിപ്പിച്ചു. ഒരു സ്വാശ്രയ, ഊര്‍ജ്ജസ്വല, കയറ്റുമതി അധിഷ്ഠിത സമ്പദ്വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് 2020 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ദേശീയ ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് മിഷന് ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: