ന്യൂദല്‍ഹി: ശ്രീലങ്കന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന 100,000 കിലോഗ്രാം നാനോ നൈട്രജന്‍ വളം ശ്രീലങ്കയിലേക്ക് എത്തിച്ചു. ചൈന വിതരണം ചെയ്യുന്ന വളത്തില്‍ വലിയ തോതില്‍ മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യയോട് നാനോ നൈട്രജന്‍ അഭ്യര്‍ത്ഥിച്ചത്.
”ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ രണ്ട് ഹെവി ലിഫ്റ്റ് വിമാനങ്ങള്‍ ശ്രീലങ്കന്‍ ഗവണ്മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം നാനോ നൈട്രജന്‍ വളത്തിന്റെ ശേഖരവുമായി നവംബര്‍ നാലിന് അതിരാവിലെ കൊളംബോയില്‍ എത്തിയെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന് അധികൃതര്‍ വ്യക്തമാക്കി. ”രണ്ട് IAF C-17 ഗ്ലോബ്മാസ്റ്റര് വിമാനങ്ങള്‍ 100,000 കിലോഗ്രാം നാനോ നൈട്രജനുമായി ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തിയത്. ശ്രീലങ്കയിലെ കൃഷിയെ പിന്തുണയ്ക്കുന്നതിനായി കര്‍ഷകര്‍ക്ക് നാനോ നൈട്രജന്‍ വളങ്ങളുടെ ലഭ്യത അനിവാര്യമാണ്. കേന്ദ്രസര്‍ക്കാര്‍ നയമായ’അയല്‍പക്കത്തിന് ആദ്യം’ എന്നതിന്റെ ഭാഗമായി നിര്‍ണായകമായ സമയങ്ങളില്‍ ശ്രീലങ്കയെ പിന്തുണയ്ക്കുന്നത് തുടരുമെന്നും ഹൈക്കമ്മിഷന്.
ചൈനീസ് വളം മലിനമാണെന്നും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ശ്രീലങ്ക അതു നിരസിച്ചിരുന്നു. ചൈനീസ് വളത്തിന്റെ സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ ഹാനികരമായ സൂക്ഷ്മാണുക്കളാല്‍ മലിനമാണെന്ന് വ്യക്തമായി. എന്നാല്‍, അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നുണ്ടെന്നും മലിനമായ ബാച്ച് വീണ്ടും പരിശോധിക്കാനുമായിരുന്നു ചൈനീസ് ഉദ്യോഗസ്ഥര്‍ ശ്രീലങ്കയോട് ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് ശ്രീലങ്ക ഇന്ത്യയുടെ സഹായം തേടിയത്. ഇന്ത്യ ഉടന്‍ പ്രതികരിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: