തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാലാവധി രണ്ടില്‍ നിന്നും നാലു വര്‍ഷമാക്കാന്‍ നീക്കം. എന്‍.വാസു വീണ്ടും പ്രസിഡന്റായി തുടരാന്‍ സാധ്യത.
പ്രസിഡന്റിന്റെയും ബോര്‍ഡ് അംഗങ്ങളുടെയും കാലാവധി നാലു വര്‍ഷത്തില്‍ നിന്നും മൂന്ന് വര്‍ഷമായും വീണ്ടും രണ്ട് വര്‍ഷമായും ചുരുക്കിയത് എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്താണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച പ്രയാര്‍ ഗോപാലകൃഷ്ണനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കാനായിരുന്നു ഏറ്റവും ഒടുവില്‍ ഭരണഘടനാ ഭേദഗതി നടത്തി കാലാവധി രണ്ട് വര്‍ഷമാക്കി മാറ്റിയത്. എന്നാല്‍ നിലവിലെ പ്രസിഡന്റ് എന്‍. വാസുവിന്റെ കാലാവധി നീട്ടി നല്‍കുന്നതിനാണ് വീണ്ടും നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസുവിന്റെ കാലാവധി നീട്ടുന്നതിനും സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയിരുന്നു. കൊവിഡ് മഹാമാരി മൂലം ക്ഷേത്രങ്ങളിലെ വരുമാനം കുറഞ്ഞതിനാല്‍ വാസുവിന്റെ കാലത്ത് കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചില്ല. തുടങ്ങിവച്ച നിരവധി പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നു. ഈ ഘട്ടത്തില്‍ വാസുവിനെ വീണ്ടും പ്രസിഡന്റാക്കണമെന്നാണ് സിപിഎമ്മിലെ ധാരണ. വാസുവിന് നവംബറില്‍ കാലാവധി തീരും.
അതിനാല്‍ 11ന് മുമ്പ് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പ്രസിഡന്റിന്റെയും ബോര്‍ഡ് അംഗങ്ങളുടെയും കാലാവധി മൂന്ന് അല്ലെങ്കില്‍ നാലു വര്‍ഷം ആക്കി ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനമെടുക്കും. എന്നാല്‍ എന്‍. വാസുവിനെ വീണ്ടും പ്രസിഡന്റാക്കുന്നതില്‍ ദേവസ്വം ബോര്‍ഡിലെ ഇടത് യൂണിയന് അതൃപ്തി ഉണ്ട്.
















