കോഴിക്കോട്: ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ നവതിയിലും സ്വാതന്ത്ര്യപ്രാപ്തിയുടെ 75-ാം വര്‍ഷത്തിലും വിഷ്ണുഭാരതീയനെ പോലെയുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ അവഗണിക്കപ്പെടുകയാണെന്ന് മകന് ബാലഗംഗാധര തിലകന്. ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ ഔദ്യോഗിക ചടങ്ങുകളിലൊന്നും സമരത്തില്‍ പ്രധാനപങ്കുവഹിച്ച വിഷ്ണുഭാരതീയന്റെ ഓര്മ്മകളില്ല. എന്തുകൊണ്ടാണ് വിഷ്ണുഭാരതീയന്‍ അവഗണിക്കപ്പെട്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
ടി.എസ്. തിരുമുമ്പിന്റെ ഭാഗവതസപ്താഹവും ഭാരതീയന്റെയും കേരളീയന്റെയും നിറഞ്ഞ സാന്നിദ്ധ്യവും സമരത്തിലുണ്ടായിരുന്നു. ഇവരെ ആനയെക്കൊണ്ട് കൊല്ലിക്കാന്‍ വരെ യാഥാസ്ഥിതികര്‍ ശ്രമിച്ചു. ഭാഗ്യത്തിനാണ് അന്ന് ഇവര്‍ രക്ഷപ്പെട്ടത്. ഗുരുവായൂരപ്പന്റെ മുമ്പില്‍ മരിക്കാന്‍ വരെ അവര്‍ തയാറായിരുന്നു.
പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ് വാര്‍ഷികാഘോഷത്തിലും ഉപ്പ് സത്യഗ്രഹത്തിന്റെ വാര്‍ഷിക സമ്മേളനത്തിലും വിഷ്ണുഭാരതീയനെ ഓര്‍ക്കാനാരുമുണ്ടായില്ല. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തവരെപ്പോലും സമര സേനാനികളായി ആദരിക്കുമ്പോള്‍, ഞാന്‍ അടിമുടി ഭാരതീയനാണെന്ന് ഉറക്കെപ്പറഞ്ഞ വിഷ്ണുഭാരതീയന്‍ അവഗണിക്കപ്പെട്ടു. അദ്ദേഹത്തിന് ഉചിതമായ സ്മാരകത്തിനുപോലും ഇതുവരെ ഭരിച്ച സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടില്ല.
സ്മാരകം പണിയാന്‍ ഭൂമിവിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭൂമിവിട്ടുകൊടുക്കാന്‍ തയ്യാറല്ല. എന്നാല്‍, സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില് ഭൂമി വിട്ടു നല്‍കും. വിഷ്ണുഭാരതീയന്‍ ഉചിതമായ സ്മാരകം പണിയണമെന്ന് മന്ത്രിമാരായ കെ.എന്‍. ബാലഗോപാലിനോടും അഹമ്മദ് ദേവര്‍കോവിലിനോടും ആവശ്യപ്പെട്ടിരുന്നു. ഇതുവരെ ഒരറിയിപ്പും ഉണ്ടായിട്ടില്ല.
സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകം തട്ടിയെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. യഥാര്‍ത്ഥ സ്വാതന്ത്ര്യസമരസേനാനികളെ അംഗീകരിക്കാന്‍ പോലും ഇവര്‍ തയാറാവുന്നില്ല, അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. 2000ത്തിന് ശേഷം കാഴ്ചനഷ്ടപ്പെട്ട ബാലഗംഗാധര തിലകന് ഇന്നലെ കുന്ദമംഗലത്തെ പടനിലത്തെ ഭാര്യവീട്ടില്‍ എത്തിയതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: