മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി നിയമിച്ചു. രവി ശാസ്ത്രിക്ക് പകരമാണ് പുതിയ നിയമം. യുഎഇയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ദയനീയമായി പരാജപ്പെടുന്നതോടെയാണ് അടിയന്തരമായി പുതിയ തീരുമാനം എടുത്തിരിക്കുന്നത്. അടുത്ത ന്യൂസിലാന്റ് പര്യടനത്തില്‍ രാഹുല്‍ ടീമിന്റെ ഭാഗമാകും.
ദുബായില്‍ നടന്ന ഐപിഎല്‍ ഫൈനലിനുശേഷം ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും രാഹുല്‍ ദ്രാവിഡുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനം ഏറ്റെടുക്കാമെന്ന് ദ്രാവിഡ് സമ്മതിച്ചത്. രാഹുല്‍ ദ്രാവിഡ് നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാണ്. ദ്രാവിഡ് സ്ഥാനമൊഴിയുന്ന ഈ പോസ്റ്റിലേക്ക് വിവിഎസ് ലക്ഷ്മണനെ പരിഗണിച്ചേക്കും.
നേരത്തെ 2018-ല്‍ ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് കണ്‍സള്‍റ്റന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ ജൂലായില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായും അദ്ദേഹമുണ്ടായിരുന്നു. രണ്ട് വര്‍ഷത്തേക്കാകും ബിസിസിഐയുമായി രാഹുലിന്റെ കരാറെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല
പരിശീലക സ്ഥാനത്തേയ്ക്ക് ഇന്ത്യക്കാരനെയാണ് പരിഗണിക്കുന്നതെന്നും ബോര്‍ഡ് നേരത്തെ തന്നെയാണ് വ്യക്തമാക്കിയിരുന്നു. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള ബിസിസിഐയുടെ വാഗ്ദാനം ദ്രാവിഡ് നിരസിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് ഗാംഗുലിയുടെയും ജയ് ഷായുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് സമ്മതം മൂളിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം ബോളിങ് പരിശീലക സ്ഥാനത്തേയ്ക്ക് അനില്‍ കുംബ്ലെയെ കൊണ്ടുവരാനും ബിസിസിഐ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ 2016, 2017 വര്‍ഷങ്ങളിലും ബിസിസിഐ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ആ ഓഫര്‍ നിരസിച്ച ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: