കൊല്ലം: പരിസ്ഥിതിയുടെ പ്രതിഭാസങ്ങള്‍ക്ക് വിലങ്ങനെ നിന്നാല്‍ ജീവനടക്കം നഷ്ടമാകുമെന്ന സന്ദേശമാണ് ഉരുള്‍പ്പൊട്ടലുകളും പ്രളയങ്ങളും കാലാവസ്ഥാവ്യതിയാനവും മനുഷ്യന് നല്കുന്ന സന്ദേശമെന്ന് പശ്ചിമഘട്ട സംരക്ഷണസമിതി ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം. ആഗോളതാപനത്തിന്റെ പ്രതിഫലനമാണ് പ്രകൃതിയിലുണ്ടാകുന്നത്. കൊട്ടിഘാഷിക്കുന്നതുപോലെ മരമല്ല, വനമാണ് ഇതിന് പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലം പര്യാവരണ്‍ സംരക്ഷണ ഗതിവിധിയും അഭിഭാഷക പരിഷത്തും സംയുക്തമായി കൊല്ലം പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച ചിന്താസായാഹ്നത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയില്‍ ദുരന്തങ്ങളില്ല, പ്രതിഭാസങ്ങള്‍ മാത്രമാണ്. ഇതിന് അനുസരിച്ച് ജീവിതം കെട്ടിപ്പടുക്കേണ്ടത് മനുഷ്യരാണ്. പ്രകൃതി സംരക്ഷണത്തിന് ബാധ്യതപ്പെട്ട മനുഷ്യര്‍ ഗൗരവമായ ഇടപെടലുകള്‍ നടത്താത്ത സാഹചര്യത്തില്‍ പ്രകൃതി തിരിച്ചടിക്കുന്നതെന്ന് ഇനിയെങ്കിലും മനസിലാക്കണം. മനുഷ്യന്‍ ഭൂമിയെ മലിനമാക്കുകയും അമിതമായി ചൂഷണം ചെയ്യുകയുമാണ്.
കടലിന്റെ അമ്ലത്വം അപകടകരമായ വിധം വര്‍ധിച്ചു. കാടുകള്‍ വെട്ടി നശിപ്പിച്ചു. പ്രകൃതിസൗഹൃദനിര്‍മിതികള്‍ക്ക് പകരം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വ്യാപകമാക്കി. ജീവവായുവില്‍ 23 ശതമാനം ഓക്സിജന്‍ ആവശ്യമാണ്. ഇപ്പോള്‍ 18 ശതമാനമായി താഴ്ന്നിരിക്കുന്നു. വലുതും ചെറുതുമായ 280 അണക്കെട്ടുകളുള്ള കൊച്ചുകേരളത്തില്‍ 5600 പാറക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്.
നിലവിലെ എക്കണോമിക്കല്‍ ഗവേണന്‍സ് മാറി ഇക്കോളജിക്കല്‍ ഗവേണന്‍സ് സാധ്യമായില്ലെങ്കില്‍ 35 വര്‍ഷത്തിനപ്പുറം ഭൂമി നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ സ്വയംസേവകസംഘം പ്രാന്തീയ കാര്യകാരി സദസ്യന്‍ ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ആര്‍. രാജേന്ദ്രന്‍ അധ്യക്ഷനായി. എസ്. രഞ്ജന്‍ സ്വാഗതവും അഡ്വ. വിവേക് നന്ദിയും പറഞ്ഞു.
മനോഭാവം മാറിയില്ലെങ്കില്‍ ആപത്ത്: ഗോപാലന്‍കുട്ടി മാസ്റ്റര്‍
ഭൂമി തങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്ന മനുഷ്യന്റെ മനോഭാവം മാറി സര്‍വ ജീവജാലങ്ങളുടെതുമാണെന്ന ചിന്താഗതി വളര്‍ന്നില്ലെങ്കില്‍ വലിയ ആപത്തുണ്ടാകുമെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ ഗോപാലന്‍കുട്ടി മാസ്റ്റര്‍. കൃഷി ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ് ഇതിനെ വ്യാപാരവല്ക്കരിച്ചത് പാശ്ചാത്യചിന്താഗതിയുടെ കടന്നുവരവോടെയാണ്. ഇതോടെ ഉപഭോഗതൃഷ്ണയും ചൂഷണചിന്തയും വര്‍ധിച്ചു.
ഭൂമിയുടെ മുലപ്പാല്‍ കുടിച്ച മക്കള്‍ ഹൃദയരക്തം കുടിക്കാനാഗ്രഹിച്ചതോടെയാണ് ഇപ്പോഴത്തെ ദുരന്ത സമാനമായ സ്ഥിതിയുണ്ടായത്. മണ്ണിന്റെ ഉര്‍വരതയെയും ജൈവസത്തയെയും രാസവള പ്രയോഗത്തിലൂടെ നശിപ്പിച്ചവര്‍ ഭൂമിക്ക് ഒന്നും തരാനാകാത്ത ഗതിയിലെത്തിച്ചു. മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടതും കൂടി കൈപ്പിടിയിലാക്കിയതോടെ മാനവികചിന്ത തന്നെ മനുഷ്യന് ഇല്ലാതായി. പ്രകൃതിയാണ് ആത്യന്തികമായി വിജേതാവെന്ന സത്യം ഇടക്കിടെ അഹങ്കാരിയായ മനുഷ്യനെ ഓര്‍മിപ്പിക്കുന്നുണ്ട്. നിസ്വരായി ജീവിച്ച്, മറ്റുള്ളവരെയും കൈപിടിച്ചുയര്‍ത്തി, ഇതര ജീവജാലങ്ങളെയും ബഹുമാനിച്ചിരുന്ന പൂര്‍വിക ജീവിതശൈലി നാം നഷ്ടമാക്കി. ആ ജീവിതശൈലി വീണ്ടെടുക്കുകയാണ് ഇനി പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: