റോം: അടുത്ത വര്‍ഷത്തോടെ ഇന്ത്യ അഞ്ച് ബില്യണിലേറെ ഡോസ് കൊറോണ വാക്സിന്‍ നിര്‍മ്മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇതര രാജ്യങ്ങള്‍ക്കു കൂടി നല്‍കാനാണ് ഇന്ത്യ വാക്‌സിന്‍ നിര്‍മ്മാണം കൂട്ടുന്നത്. ഇതിന് രാജ്യം തയ്യാറെടുത്തുവരികയാണെന്നും ഇതുവരെ നൂറ്റമ്പതിലേറെ രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചാല്‍ കൂടുതല്‍ രാജ്യങ്ങളെ സഹായിക്കാനാകും. സഹായം വേണ്ടിവന്ന എല്ലാ രാജ്യങ്ങള്‍ക്കും വാക്സിനെത്തിച്ച് ഇന്ത്യ ലോകത്തിന്റെ തന്നെ ഫാര്‍മസിയായെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യാന്തര യാത്രകള്‍ പ്രോത്സാഹിപ്പിക്കണം. ഇതിനായി മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്കാന്‍ ഓരോ രാജ്യവും തയ്യാറാകണം. ഭാവിയില്‍ ഏതു വെല്ലുവിളികളേയും നേരിടാനുള്ള കരുത്ത് നാം ആര്‍ജ്ജിക്കണം, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: