കുന്നത്തൂര്‍: കുന്നത്തൂര്‍ താലൂക്കിന്റെ സിരാകേന്ദ്രമായ ഭരണിക്കാവ് ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം ഇനിയും അകലെ. കൊല്ലം-തേനി, ഭരണിക്കാവ്-വണ്ടിപ്പെരിയാര്‍ ദേശീയപാതകളും കൊട്ടാരക്കര, അടൂര്‍, ചവറ, കരുനാഗപ്പള്ളി ഭാഗങ്ങളിലേക്കുള്ള റോഡുകളും സംഗമിക്കുന്ന ടൗണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്.
അനധികൃത പാര്‍ക്കിംഗുകളും ഗതാഗത തടസം സൃഷ്ടിക്കുന്നു. ഇതിനൊപ്പം സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ സകല നിയമങ്ങളും കാറ്റില്‍ പറത്തി മിനിട്ടുകളോളം ടൗണില്‍ നിര്‍ത്തിയിടുന്നതും വിനയായിരിക്കയാണ്. ദിവസവും ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങളാണ് ഭരണിക്കാവ് ടൗണ്‍ വഴി കടന്നുപോകുന്നത്. പലപ്പോഴും ഗതാഗതകുരുക്ക് അഴിയാകുരുക്കായി മാറുന്നു. കഴിഞ്ഞ ശനിയാഴ്ച പിഎസ്സി പരീക്ഷയ്ക്ക് പോയവരും പരീക്ഷ കഴിഞ്ഞ് മടങ്ങിയവരും ടൗണിലെ ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളോളം പെട്ടു.
രാവിലെയും വൈകിട്ടുമാണ് കൂടുതല്‍ ഗതാഗത കുരുക്ക്. ഇതുമൂലം കാല്‍നടയാത്രികര്‍ ഭീതിയിലാണ് റോഡു മറികടക്കുന്നത്. ടൗണിന്റെ മധ്യഭാഗത്തായി സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ ലൈറ്റ് നോക്കുകുത്തിയായി മാറി. അശാസ്ത്രീയമായാണ് സിഗ്നല്‍ സ്ഥാപിച്ചതെന്നും ആക്ഷേപമുണ്ട്.
സിഗ്നല്‍ ആദ്യമായി പ്രവര്‍ത്തിച്ച ദിവസം തന്നെ വാഹനാപകടത്തില്‍ ഒരാളുടെ ജീവന് നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഗതാഗതം നിയന്ത്രിക്കാന്‍ വൈകിട്ട് ആറുവരെ ഒരു ഹോം ഗാര്‍ഡ് മാത്രമാണുണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: