തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ തിയറ്റര്‍ സമുച്ചയമായ ഏരീസ് പ്ലെക്സ് മള്‍ട്ടിപ്ലക്സ് അടച്ചുപൂട്ടേണ്ടിവരുമെന്ന് ഉടമ സോഹന്‍ റോയ്. സിനിമാ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുടെ അനാരോഗ്യകരമായ രാഷ്‌ട്രീയ കളി കാരണമാണ് തലസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ കോവിഡ് സംരക്ഷിത തിയേറ്ററായ ഏരീസ് താല്‍ക്കാലികമായി അടച്ചുപൂട്ടേണ്ടിവരുന്നതെന്ന് അദേഹം വ്യക്തമാക്കി.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളുള്ള തിയറ്റര്‍ സമുച്ചയമാണ് സോഹന്‍ റോയിയുടെ ഉടമസ്ഥതയിലുള്ള ഏരീസ് പ്ലെക്സ്. രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങളാണ് തിയറ്ററില്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ തലസ്ഥാനത്ത് ഏറ്റവുമധികം ടിക്കറ്റ് കളക്ഷന്‍ ലഭിക്കുന്നതും ഏരീസില്‍ നിന്നാണ്.
തമിഴ്‌നാട്ടില്‍ സൂപ്പര്‍ഹിറ്റായ ശിവകാര്‍ത്തികേയന്‍ സിനിമ ‘ഡോക്ടര്‍’ സിനിമ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തകര്‍ക്കമാണ് പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുന്നത്. ഒക്ടടോബര്‍ 28ന് കേരളത്തില്‍ റിലീസ് ചെയ്ത ഡോക്ടര്‍ ഏരീസില്‍ രപവര്‍ശിപ്പിക്കുന്നത് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന തടഞ്ഞിരുന്നു. തുടര്‍ന്ന് ഇംഗ്ലീഷ് ഒഴികെയുള്ള സിനിമയ്‌ക്ക് തിയറ്ററില്‍ അപ്രഖ്യാപിത വിലക്കും കല്‍പ്പിച്ചു. എന്നാലിത്, തികച്ചും രാഷ്‌ട്രീയ നാടകമാണെന്നും സിനിമാ വ്യവസായത്തെ രക്ഷപ്പെടുത്താനുള്ള ഉദ്യമങ്ങളുമായി രംഗത്ത് വരുന്നവരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള നടപടിയാണെന്നും ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും ഏരീസ് ഗ്രൂപ്പ് സി ഇ ഒയും സംവിധായകനുമായ ഡോ.സോഹന്‍ റോയ് ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാള സിനിമയായ ‘സ്റ്റാര്‍’ സിനിമക്കെതിരെ ഏരീസിലെ ജീവനക്കാര്‍ നിലപാട് എടുത്തുവെന്നാണ് അപ്രഖ്യാപിത വിലക്കിനുള്ളകാരണമായി പറയുന്നത്. സ്റ്റാര്‍ വച്ച് വിലപേശരുതെന്ന് ഏരീസിന്റെ ജീവനക്കാരന്‍ തിയേറ്റര്‍ സംഘടനകളുടെ ചര്‍ച്ചയില്‍ നിലപാട് എടുത്തിരുന്നു. ഇതാണ് വിലക്കിന് കാരണം. സ്റ്റാര്‍ ഒരു ചെറിയ സിനിമ ആണെന്നും ഈ സമയത്ത് മല്‍സരങ്ങള്‍ ഒഴിവാക്കണം എന്നുമാണ് ഉദ്ദേശിച്ചതെന്ന് ഏരീസ് പിആര്‍ഒ ജന്മഭൂമിയോട് പറഞ്ഞു.
പ്രഭാസ് നായകനായ ‘ബാഹുബലി’ സിനിമയ്‌ക്ക് 2015 ഡിസംബറില്‍ തിരുവനന്തപുരം ഏരീസ് പ്ലെക്സില്‍ റിലീസ് ചെയ്തപ്പോള്‍ മൂന്നു കോടിരൂപയാണ് ടിക്കറ്റ് കളക്ഷനായി ലഭിച്ചത്. സമൂഹമാധ്യമങ്ങള്‍ സോഹന്‍ റോയിക്ക് പൂര്‍ണ്ണപിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പഴയ കാലം മാറി, തിരുവനന്തപുരത്തെ ഇന്‍വെസ്റ്റര്‍മാരെ ഇനി വിഷമിപ്പിക്കാന്‍ ലേശം പാട്‌പെടുമെന്ന് ടീം ട്രിവാന്‍ഡ്രം ഇന്ത്യന്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.
നമ്മുടെ നാട്ടിലെ ഒരു ഇന്‍വെസ്റ്ററിനെ വിഷമിപ്പിച്ചു കൊണ്ട് ഒരു സിനിമയെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ തിരുവനന്തപുരത്തുകാര്‍ തയ്യാറല്ല, മലയാളം സിനിമയുടെ വിലക്ക് ഏരീസ്പ്ലക്‌സില്‍ നിന്നും മാറാതെ ഇനി ഞങ്ങളും ഈ വിലക്ക് മാറ്റില്ലെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: