ന്യൂദല്‍ഹി: ബംഗ്ലാദേശ് മോഡല്‍ കലാപത്തിന് ത്രിപുരയിലും നീക്കം. മസ്ജിദുകള്‍ അഗ്നിക്കിരയാക്കി എന്ന വ്യാജപ്രചരണമുയര്ത്തിയാണ് ത്രിപുരയില്‍ ആസൂത്രിത കലാപത്തിന് നീക്കം നടന്നത്. എന്നാല്‍ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ത്രിപുര ജം ഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷന്‍ മുഫ്തി തയ്ബുര്‍ റഹ്മാന് തന്നെ പ്രസ്താവിച്ചതോടെ ഭീകരസംഘടനകളുടെ മുനയൊടിയുകയായിരുന്നു. എല്ലാ മുസ്ലിം പള്ളികളും സുരക്ഷിതമാണെന്ന ത്രിപുര ഡിജിപി വി.എസ്. യാദവിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുകയായിരുന്നു മുഫ്തി തയ്ബുര്‍ റഹ്മാന്.
ബംഗ്ലാദേശിലെ ഹിന്ദുേവട്ടയ്ക്കെതിരെയുള്ള വിഎച്ച്പി പ്രതിഷേധത്തിനിടെ വടക്കന്‍ ത്രിപുരയിലെ പാനിസാഗറില്‍ ഒരു മുസ്ലിം പള്ളി കത്തിച്ചതായാണ് ആദ്യം വാര്‍ത്ത പ്രചരിച്ചത്. വിഎച്ച്പി പ്രകടനത്തിനെതിരെ ചിലര്‍ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് അവിടെ ചെറിയ സംഘര്‍ഷങ്ങള്‍ നടന്നിരുന്നുവെന്നും പള്ളി കത്തിച്ചുവെന്നത് നുണയാണെന്നും പോലീസ് തന്നെ വ്യക്തമാക്കി. കത്തുന്ന പള്ളിയുടെ ചിത്രമടക്കമാണ് വ്യാജ സോഷ്യല്‍മീഡിയാ പ്രൊഫൈലുകള്‍ വഴി പ്രചരണമഴിച്ചുവിട്ടത്. എന്നാലിതൊന്നും ത്രിപുരയില്‍ നിന്നുള്ള ചിത്രങ്ങളല്ലെന്ന് പിന്നീട് വ്യക്തമായി.
ബംഗ്ലാദേശിലും സമാനമായ പ്രചരണമാണ് കലാപത്തിന് കാരണമായത്. ദുര്‍ഗാപൂജാ പന്തലില്‍ ഖുറാന് വച്ചുവെന്ന് വ്യാപകമായി പ്രചരിപ്പിച്ചാണ് അക്രമികള്‍ ഹിന്ദുക്കളെ വേട്ടയാടിയതും നവഖാലിയിലും കൊമില്ലയിലും കൊള്ളയും കൊലയും നടത്തിയതും. സിഎഎ വിരുദ്ധ കലാപം ആളിക്കത്തിക്കുന്നതിന് വേണ്ടി ദല്‍ഹിയില്‍ മസ്ജിദ് തകര്‍ത്തുവെന്ന് കേരളത്തിലും നേരത്തേ നുണപ്രചരണം നടന്നിരുന്നു.
സംസ്ഥാനത്ത് സമാധാനം തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ നിക്ഷിപ്ത താല്പര്യക്കാര്ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി, ക്രമസമാധാനപാലനത്തില്‍ സഹകരിക്കണമെന്ന് എല്ലാ വിഭാഗം ജനങ്ങളോടും ത്രിപുര പോലീസ് അഭ്യര്‍ത്ഥിച്ചു.
ത്രിപുരയില്‍ മസ്ജിദ് തകര്‍ക്കുകയും മുസ്ലിങ്ങളെ ആക്രമിക്കുകയും ചെയ്യുകയാണെന്ന നുണപ്രചരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുലും രംഗത്തിറങ്ങി. ത്രിപുരയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ഹിന്ദുക്കള്‍ അതിക്രമം കാണിക്കുകയാണെന്ന് വ്യാഴാഴ്ച വൈകിട്ട് അദ്ദേഹം പോസ്റ്റുചെയ്തു. ത്രിപുരയിലെ സര്‍ക്കാര്‍ അന്ധരും ബധിരരുമാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇതാദ്യമായല്ല രാഹുല്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് നാണംകെടുന്നത്. ഈ വര്‍ഷം ആഗസ്തില്‍, ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതിന് മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്റര്‍ രാഹുലിന്റെ അക്കൗണ്ട് ലോക്ക് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: