ബെംഗളൂരു: ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച നടന് പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്തു. നാരായണ നേത്രലയത്തിലേക്കാണ് കണ്ണുകള്‍ ദാനം ചെയ്തത്. പുനീതിന്റെ പിതാവ് രാജ്കുമാറുമിന്റെ കണ്ണുകളും മരണശേഷം ദാനം ചെയ്തിരുന്നു. ഇതേ മാതൃക പിന്തുടര്ന്നാണ് പുനീതിന്റെ കണ്ണുകളും കുടുംബം ദാനം ചെയ്തത്. കന്നഡ സിനിമയിലെ പ്രശസ്തനായ നടന് രാജ്കുമാറിന്റെ മകനാണ് പുനീത്. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടന് ഇതുവരെ 29ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടായാണ് പുനീത് രാജ്കുമാര് അന്തരിച്ചത്. കര്‍ണാടക മുഖ്യമന്ത്രി അടക്കമുള്ളവര്‍ പുനീത് രാജ്കുമാറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. രാവിലെ 11.30നാണ് പുനിത് രാജ്കുമാറിനെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നുവെന്ന് ഡോക്ടര്‍ രംഗനാഥ് നായക് പ്രതികരിച്ചു. അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിവിന്റെ പരമാവധി തങ്ങള്‍ ശ്രമിച്ചുവെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
2002ല്‍ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലൂടെയാണ് പുനീത് സൂപ്പര്‍ താരപദവിയിലേക്ക് ഉയരുന്നത്. ഇതോടെയാണ് അപ്പു എന്ന വിളിപ്പേര് വന്നത്. 1985ല്‍ ബെട്ടഡ ഹൂവു എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് പുനീത് സിനിമയിലേക്കെത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് കര്‍ണാടക സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.
അഭി, വീര കന്നഡിഗ, അജയ്, അരശ്, റാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയാണ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍. യുവരത്ന എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ്തത്. സാന്‍ഡല്‍വുഡ് സൂപ്പര്‍താരം ശിവരാജ് കുമാര്‍ സഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: