എ. പ്രകാശ്
(കേരള എന്‍ജിഒ സംഘ് ജനറല്‍ സെക്രട്ടറി)
കേരളത്തിന്റെ സര്‍വ്വീസ് ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ട ദിവസമാണ് ഇന്നത്തേത്. 2018ലെ പ്രളയത്തിന്റെ മറവില്‍ ജീവനക്കാരുടെ സമ്മതം പോലും വാങ്ങാതെ അവരുടെ ഒരു മാസത്തെ ശമ്പളം ‘സാലറി ചലഞ്ച്’ എന്ന പേരില്‍ പിടിച്ചു പറിച്ച ഇടതുസര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരെ, കേരള എന്‍ജിഒ സംഘ് നടത്തിയ പോരാട്ടത്തില്‍, ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും അത് നിര്‍ബന്ധപൂര്‍വ്വം പിടിച്ചെടുക്കുവാന്‍ ഒരു സര്‍ക്കാരിനും അധികാരമില്ലെന്നുമുള്ള ചരിത്രവിധി സുപ്രീംകോടതി അംഗീകരിച്ച ദിവസമാണ് ഒക്ടോബര്‍ 29.
സാലറി ചലഞ്ചിനെതിരെയായ വിധി മാത്രമല്ല ഇത്. ഇനി ഒരു സര്‍ക്കാരിനും ജീവനക്കാരുടെ സമ്മതമില്ലാതെ അവരുടെ ശമ്പളത്തില്‍ നിന്നും ഒരു രൂപപോലും തട്ടിയെടുക്കാന്‍ കഴിയില്ല എന്നതാണ് ഈ കോടതിവിധി നല്കുന്ന പാഠം.
സ്ഥലംമാറ്റ ഭീഷണിയിലൂടെ, ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുന്ന സര്‍ക്കാരുകളുടെ നയങ്ങള്‍ക്ക് ഓശാന പാടുന്ന ഇടതു, കോണ്‍ഗ്രസ്സ് അനുകൂല സര്‍വ്വീസ് സംഘടനകളുടെ നയം മൂലം കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പങ്കാളിത്തപെന്‍ഷന്റെ കാര്യത്തിലും ലീവ് സറണ്ടറും, ശമ്പളപരിഷ്കരണത്തിന്റെ ഭാഗമായി ലഭിച്ചുകൊണ്ടിരുന്ന സര്‍വ്വീസ് വെയിറ്റേജ് നിര്‍ത്തലാക്കിയപ്പോഴും ഈ സംഘടനകള്‍ സ്വീകരിച്ച നിലപാട് നാം കണ്ടതാണ്.
സാലറി ഡെഫര്‍മെന്റ്
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശമ്പളം പിടിച്ചെടുക്കാന്‍ കഴിയില്ലെന്നായതോടെ, ഈ കൊവിഡ് കാലത്ത് ‘സാലറി ഡെഫര്‍മെന്റ്’ എന്ന പേരില്‍ ഒരു മാസത്തെ ശമ്പളം തട്ടിയെടുക്കാനുള്ള പുതിയൊരു പദ്ധതിയുമായി ഇടതുസര്‍ക്കാര്‍ രംഗത്തുവന്നു. പിടിച്ചെടുക്കുന്ന ശമ്പളം എന്ന് തിരിച്ച് നല്‍കുമെന്ന പരാമര്‍ശം പോലുമില്ലാതെ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ്, ജീവനക്കാരെ വഞ്ചിച്ചുകൊണ്ട് ഇടതുസര്‍വ്വീസ് സംഘടനകള്‍ ഒന്നടങ്കം പിന്തുണയ്ക്കുകയായിരുന്നു. ഇതിനെതിരെയും എന്‍ജിഒ സംഘ് നിയമപോരാട്ടം നടത്തി. അതിന്റെ ഫലമായി ‘ശമ്പളം ജീവനക്കാരന്റെ സ്വകാര്യസ്വത്താണെന്ന്’ ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് ശമ്പളത്തിന്റെ 25 ശതമാനം പിടിച്ചെടുക്കുന്നതിന് അധികാരം നല്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. എന്‍ജിഒ സംഘ് നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായാണ് ഡെഫര്‍മെന്റ് സാലറി തിരികെ നല്കുവാന് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്നവര്‍ തന്നെ, അവഒന്നൊന്നായി നിഷേധിക്കുന്നു. ഇതിനോട് പ്രതികരിക്കാതെ, ജീവനക്കാരനെ കൊള്ളയടിക്കുന്ന ഭരണകൂടത്തെ പിന്തുണയ്ക്കുന്ന ഇടതു സംഘടനകളും പങ്കാളിത്ത പെന്ഷന് നടപ്പിലാക്കിയപ്പോള്‍ ജീവനക്കാരെ ഒറ്റുകൊടുത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിന്തുണച്ച യുഡിഎഫ് സംഘടനകളും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് വസ്തുത എല്ലാവരും തിരിച്ചറിഞ്ഞു.
സാലറി ചലഞ്ചിന്റെ ചരിത്രം
ലോകമെങ്ങുമുള്ള മലയാളികളോടാണ് മുഖ്യമന്ത്രി സാലറി ചലഞ്ച് ആഹ്വാനം ചെയ്തതെങ്കിലും ഫലത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ബാധ്യതയാക്കി അതിനെ മാറ്റുകയായിരുന്നു. സ്ഥലംമാറ്റി ബുദ്ധിമുട്ടിക്കുമെന്നുള്ള ഭീഷണിയിലൂടെ ജീവനക്കാരില്‍ നിന്ന് 3700 കോടി രൂപ അനായാസം പിരിച്ചെടുക്കാമെന്നാണ് കരുതിയത്. എന്നാല്‍ ജീവനക്കാരുടെ സമ്മതമില്ലാതെ അവരുടെ ശമ്പളം പിടിച്ചെടുക്കാമെന്നുള്ള സര്‍ക്കാരിന്റെ കുടിലബുദ്ധിയാണ് എന്‍.ജി.ഒ സംഘ് തടഞ്ഞത്.
ശമ്പളം പിടിച്ചെടുക്കുന്നതിനുള്ള നിയമവിരുദ്ധമായ ഈ ഉത്തരവ് നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാരിനെ വിലക്കണമെന്നാവശ്യപ്പെട്ടാണ് എന്‍ജിഒ സംഘ് ആദ്യം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും തുടര്‍ന്ന് ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയത്. ഹൈക്കോടതി എന്‍ജിഒ സംഘിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ആ ഉത്തരവിന്റെ പ്രസക്ത ഭാഗങ്ങള്‍ സ്റ്റേ ചെയ്യുകയായായിരുന്നു സര്‍ക്കാര്‍ ഉത്തരവിലെ വിസമ്മത പത്രം ജീവനക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും കോടതി വിലയിരുത്തി. ‘ജീവനക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഇഷ്ടമുള്ള തുക സംഭാവന നല്‍കാമെന്ന് പറയുകയും ചെയ്തു. എന്നിട്ടും തങ്ങളുടെ തീരുമാനത്തില്‍ നിന്നും പിന്മാറാന് സര്‍ക്കാര്‍ തയ്യാറായില്ല. വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയി. സുപ്രീം കോടതി സര്‍ക്കാര്‍ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കൊണ്ട്, ഹൈക്കോടതിയുടെ തീരുമാനം ശരിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: