തിരുവനന്തപുരം: ജന്മഭൂമിയുടെ പ്രാദേശിക ലേഖകന്റെ ഫോണിലേക്ക് രാവിലെ സംസ്ഥാന മന്ത്രി എ കെ ബാലന്റെ വിളി. അന്നത്തെ പത്രത്തില്‍ വന്ന ഒരു വാര്‍ത്തയുടെ കൂടുതല്‍ വിവരം അറിയാനായിരുന്നു അത്. മന്യ എന്ന വനവാസി പെണ്‍കുട്ടി കായിക രംഗത്ത് ദേശീയ പുരസ്ക്കാരം നേടിയിട്ടും കുടിലില്‍ കഴിയുന്നതിന്റെ ദയനീയത ചിത്രം സഹിതം ജന്മഭൂമിയില് അന്നു കൊടുത്തിരുന്നു. വാര്‍ത്ത പരാമര്‍ശിച്ച് ലേഖകനെ അനുമോദിച്ച് മന്ത്രി അന്നു തന്നെ പത്രക്കുറിപ്പ് ഇറക്കി. ജന്മഭൂമി ലേഖകനെ സര്‍ക്കാറിന്റെ ഔദ്യോഗിക പത്രക്കുറിപ്പില്‍ അനുമോദിക്കുന്ന ആദ്യ സംഭവം. കുട്ടിക്ക് വീട് അനുവദിച്ചുകൊണ്ട് ഉത്തരവിടുകയും ചെയ്തു. ശിവാകൈലാസ് ആയിരുന്നു ആ ലേഖകന്‍. പ്രാദേശിക ലേഖകന്‍ എന്ന നിലയില്‍ വലിയ വിലാസം ഉണ്ടാക്കിയ മാധ്യമ പ്രവര്ത്തകന്. വേറിട്ട വാര്‍ത്തകളിലൂടെ മാധ്യമ ലോകത്ത് ശ്രദ്ദേയനായ വ്യക്തിത്വം.
വനവാസി പെണ്‍കുട്ടിയക്ക് വീടു കിട്ടിയതുമാത്രമല്ല ശിവാ കൈലാസിന്റെ എക്സ്കഌസീവ് വാര്ത്തകളുടെടെ ഫലമായി സാധ്യമായിട്ടുള്ളത്. അര്‍ബുദ രോഗിയായ അമ്മയുടെ മരണത്തോടെ ജീവിതം വഴിമുട്ടിയ ശിവ കാര്‍ത്തികയുടെ ദയനീയത വാര്‍ത്തയാക്കിയപ്പോള്‍ സുമനസുകള്‍ ആ കുട്ടിക്കായി ഒന്നേകാല്‍ കോടി രൂപ സംഭാവനയായി നല്കി. ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് മുടങ്ങി മരണമടഞ്ഞ കൃഷ്ണന്‍കുട്ടി എന്ന ചുമട്ടുതൊഴിലാളിയുടെ വാര്‍ത്ത നല്കി.മുഖ്യമന്ത്രി കൃഷ്ണന്‍കുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം അനുവദിച്ചു. വിളപ്പില്‍ശാല പോലീസ് സ്റ്റേഷന്, വില്ലേജ് ഓഫീസ് എന്നിവയുടെ ശോചനീയവസ്ഥ പുറം ലോകത്തെ അറിയിച്ചു. രണ്ട് സ്ഥാപനങ്ങള്‍ക്കും പുതിയ മന്ദിരങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചു. സര്‍ക്കാര്‍ ആശുപത്രിക്ക് ഒരേക്കര്‍ ഭൂമി ദാനം നല്കിയ അമ്പലത്തുംവിള സരസ്വതീഭായിയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷങ്ങളായി സര്‍ക്കാര്‍ ജോലിക്കായി മന്ത്രിമന്ദിരങ്ങള്‍ കയറിയിറങ്ങിയ അവരുടെ പേരക്കുട്ടിക്ക് ജോലി ലഭിച്ചു. കരള്‍ പകുത്തു നല്കി ഒരു കുഞ്ഞിന്റെ ജീവന് രക്ഷിച്ച ശ്രീരഞ്ജിനിയുടെ തുടര്‍ ജീവിതം ദുരിതപൂര്‍ണമായ വാര്‍ത്ത പുറത്തു കൊണ്ടുവന്നു. അവര്‍ക്ക് വട്ടിയൂര്‍ക്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സര്‍ക്കാര്‍ ജോലി നല്കി… ഇങ്ങനെ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ക്ക് വാര്‍ത്തയിലൂടെ സഹായമെത്തിച്ചു.
എന്തിലും ഏതിലും വാര്‍ത്ത കണ്ടെത്താനും അത് മനോഹരവും വായനസുഖത്തോടെയും അവതരിപ്പിക്കാനും അസാധാരണ കഴിവുള്ള ശിവാകൈലാസിന്റെ ബൈ ലൈന്‍ ഇല്ലാതെ ജന്മഭൂമിയുടെ തിരുവനന്തപുരം പ്രാദേശിക പേജ് ഇറങ്ങുന്നത് ചിരുക്കം.
അര്ഹതയക്കനുസരിച്ച് അംഗീകാരങ്ങളും ഈ മാധ്യമ പ്രവര്‍ത്തകനെ തേടിയെത്തിയിട്ടുണ്ട്. 11 വര്‍ഷത്തെ പത്രപ്രവര്ത്തനത്തിനിടെ നേടിയത് 53 മാധ്യമ പുരസ്ക്കാരങ്ങള്‍ എന്നു പറയുമ്പോള്‍ മനസ്സിലാകും അത്. ജവഹര്‍ ബാലജനവേദി സംസ്ഥാന മാധ്യമ പുരസ്ക്കാരം, തിക്കുറിശി ഫൗണ്ടേഷന് അവാര്‍ഡ്, പ്രേം നസീര്‍ അവാര്‍ഡ്, കലാനിധി പുരസ്ക്കാരം, എ. എസ് ഹമീദ് പുരസ്ക്കാരം, ഭാവന അവാര്‍ഡ്, ഹരിതകം അവാര്‍ഡ്, പ്രതീക്ഷ പുരസ്ക്കാരം, വയലാര്‍ മാധ്യമ പുരസ്ക്കാരം, ട്രാവന്‍കൂര്‍ മീഡിയ അവാര്‍ഡ്, അടൂര്‍ ഭാസി അവാര്‍ഡ്, ചട്ടമ്പിസ്വാമി സ്മാരക പുരസ്ക്കാരം, രാജ് നാരായണ്‍ജി മാധ്യമ പുരസ്ക്കാരം, പി.എന്‍ പണിക്കര്‍ അവാര്‍ഡ്, ജഗന്നാഥന് അവാര്‍ഡ്, ഭാരതീയം പുരസ്ക്കാരം തുടങ്ങി ഈ വര്‍ഷത്തെ സൂര്യവംശി അന്താരാഷ്ട്ര മാധ്യമ പുരസ്ക്കാരം വരെ ഈ മാധ്യമ പ്രവര്‍ത്തകന്റെ മികവിനുള്ള അംഗീകാരങ്ങളായി. പുരസക്കാരം കിട്ടിയ പ്രാദേശിക പത്രപ്രവര്‍ത്തകരില്‍ ഒന്നാം സ്ഥാനത്ത് ശിവാ കൈലാസായിരിക്കും.
അവാര്‍ഡ് പോലെ തന്നെയാണ് അവാര്‍ഡ് സമ്മാനിച്ച പ്രമുഖരുടേയും പട്ടിക. ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്, കുമ്മനം രാജശേഖരന്, പി.പരമേശ്വരന്, അടൂര്‍ ഗോപാലകൃഷ്ണന്, സുരേഷ് ഗോപി, എ.കെ ബാലന്, വി.എം സുധീരന്,പ്രഭാവര്‍മ്മ, കെ.ജയകുമാര്‍, ഗോപിനാഥ് മുതുകാട് തുടങ്ങിയവരില്‍ നിന്നൊക്കെ പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട് എന്നത് മാധ്യമ രംഗത്തെ സ്വീകാര്യതയുടെ സൂചികയാണ്.
അധ്യാപകവൃത്തിക്കിടെ പാര്‍ട്ട്ടൈം ആയി പത്രപ്രവര്‍ത്തനം നടത്തുന്ന ഒരാളുടെ നേട്ടമാണിതെല്ലാം എന്നതുകൂടി കൂട്ടി വായിക്കണം. തിരുവനന്തപുരം തിരുമല അരയല്ലൂരില്‍ പഭാകരന്‍ നായര്‍ മാലതി ദമ്പതികളുടെ മകനായ ശിവാ കൈലാസ് അഭിനയം, ചിത്രരചന, കഥാരചന, കവിതാ രചന തുടങ്ങിയവയില്‍ യുവജനോത്സവങ്ങളിലും കേരളോത്സവത്തിലും നിരവധിതവണ പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കര ശ്രീ ഗുരുരാജ് മിഷന് വിആര്‍സിയില്‍ അധ്യാപകനായി അദ്യോഗിക ജീവിതം നയിക്കുന്നു. ഭാരതീയ വിദ്യാനികേതന്റെ വെള്ളനാട് ശ്രീ സരസ്വതി വിദ്യാലയം അധ്യാപിക ബിന്ദുവാണ് ഭാര്യ. മക്കള്‍ അഭിരാമി, അരുന്ധതി.
‘ഉള്ളുനീറി കഴിയുന്നവരുടെ ഹൃദയമിടിപ്പുകളേയും പുറംലോകം തീര്‍ച്ചയായും അറിയേണ്ട ചില യാഥാര്‍ത്ഥ്യങ്ങളേയും പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കാന്‍ പക്ഷപാതമില്ലാതെ തൂലിക ചലിപ്പിക്കുന്ന മാധ്യമ പ്രവര്ത്തകന്’ എന്നാണ് ലഭിച്ച പുരസക്കാര ഫലകത്തില്‍ ഒന്നിലെ പ്രശംസാ വാചകം. അത് അടിവരയിടുന്നതാണ് ശിവാ കൈലാസ് എന്ന ബൈലൈനു താഴെയുള്ള ഓരോ വാര്‍ത്തകളും
പ്രതികരിക്കാൻ ഇവിടെ എഴുതുക: