ന്യൂദല്‍ഹി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള പുതിയ പെന്‍ഷന്‍ പദ്ധതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് ദിവസക്കൂലിയിനത്തില്‍ ജോലി ചെയ്തിരുന്ന സമയം കൂടി പെന്‍ഷന്‍ കണക്കാക്കാന്‍ പരിഗണിക്കുന്നതാണ് പദ്ധതി.
2021 ജൂലൈ മുതലുള്ള പെന്‍ഷന്‍ മാത്രമെ ഈ പദ്ധതി പ്രകാരം നല്‍കൂ. 2000, 2001, 2007 വര്‍ഷങ്ങളില്‍ സ്ഥിരപ്പെട്ട 2,939 ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കും. സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്ത സമയം കൂടി പെന്‍ഷന്‍ കണക്കാക്കാന്‍ പരിഗണിക്കുമെന്ന് 1999ല്‍ തൊഴിലാളി സംഘടനകളും കോര്‍പ്പറേഷനും ഒപ്പുവച്ച കരാറില്‍ വ്യക്തമാക്കിയിരുന്നു. ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന സമയം കൂടി പെന്‍ഷന്‍ കണക്കാക്കാന്‍ പരിഗണിക്കണമെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചും നേരത്തെ ഉത്തരവിട്ടിരുന്നു.
ബസ് ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മെക്കാനിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ ദിവസവേതനത്തിന് ജോലി ചെയ്ത സമയം കൂടി പരിഗണിക്കും. കുറഞ്ഞത് പത്തു ദിവസമെങ്കിലും ജോലി ചെയ്ത മാസം മാത്രമേ പെന്‍ഷന്‍ കണക്കാക്കാന്‍ പരിഗണിക്കൂ. എന്നാല്‍, പത്തു ദിവസം പോലും ജോലിയില്ലാതിരുന്ന മാസങ്ങളുടെ അന്‍പത് ശതമാനവും ആകെ പെന്‍ഷന്‍ കണക്കാക്കുന്നതിന് ഉള്‍പ്പെടുത്തും. പെന്‍ഷനല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നും ഈ പദ്ധതി പ്രകാരം ഉണ്ടാവില്ലെന്നും കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്.
പെന്‍ഷന്‍ അപേക്ഷകള്‍ പരിഗണിക്കാന്‍ സ്പെഷല്‍ ഓഫീസറെ നിയമിക്കും. എറണാകുളം കേന്ദ്രമാക്കിയായിരിക്കും ഈ നിയമനം. പദ്ധതി സുപ്രീംകോടതി അംഗീകരിക്കുന്നതെന്നാണോ അന്ന് മുതല്‍ മൂന്നു മാസ കാലാവധിക്കുള്ളില്‍ അപേക്ഷ നല്‍കണം. അപേക്ഷ ലഭിച്ച് മൂന്നു മാസത്തിനുള്ളില്‍ സ്പെഷല്‍ ഓഫീസര്‍ തീരുമാനമെടുക്കും. ഈ തീരുമാനമെടുത്ത് ഒരു മാസത്തിനുള്ളില്‍ പുതിയ പദ്ധതി പ്രകാരമുള്ള പെന്‍ഷന്‍ അനുവദിക്കും. ജീവനക്കാര്‍ മരിച്ചെങ്കില്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് കുടുംബ പെന്‍ഷനായി സ്പെഷല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കാമെന്നും പദ്ധതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കെഎസ്ആര്‍ടിസിക്ക് 9,000 കോടി രൂപയുടെ ബാധ്യത
ന്യൂദല്‍ഹി: കെഎസ്ആര്‍ടിസി അഭിമുഖീകരിക്കുന്നത് കടുത്ത സാമ്പത്തിക ബാധ്യത. കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുതിയ പെന്‍ഷന്‍ പദ്ധതിയിലാണ് കോര്‍പ്പറേഷന്റെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് സൂചിപ്പിക്കുന്നത്. 9,000 കോടി രൂപയുടെ ബാധ്യതയാണ് കെഎസ്ആര്‍ടിസിക്കുള്ളത്. 7,500ല്‍ അധികം ജീവനക്കാരുണ്ടെന്നും വ്യക്തമാക്കുന്നു. 2000, 2001, 2007 വര്‍ഷങ്ങളില്‍ സ്ഥിരപ്പെട്ട 2,939 ജീവനക്കാര്‍ക്കാണ് പുതിയ പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: