കരുനാഗപ്പള്ളി: മധ്യതിരുവിതാംകൂറിലെ ചരിത്രപ്രസിദ്ധവും ലക്ഷക്കണക്കിന് ഈശ്വവിശ്വാസികളുടെ ആരാധനാ കേന്ദ്രവുമാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം. എല്ലാ വിഭാഗം ഹൈന്ദ വിശ്വാസികള്‍ക്കും പ്രാതിനിധ്യം നല്‍കിക്കൊണ്ടുള്ള ഒന്നായിരുന്നു ക്ഷേത്ര ഭരണസമിതി. എന്നാല്‍, പരബ്രഹ്മക്ഷേത്രത്തിലേയും അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ക്ഷേത്ര വിശ്വാസികള്‍ക്ക് മനോവിഷമം ഉണ്ടാക്കുന്നവിധമാണ് ഇപ്പോള്‍ നടക്കുന്നത്.
ഓച്ചിറ ക്ഷേത്രഭരണം ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഹൈക്കോടതി നിയമിച്ച അഡ്മിനിസ്ട്രേറ്ററാണ്. ഓച്ചിറ ക്ഷേത്ര ഭരണഘടന അനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നില്ലെന്നുള്ള പരാതി ഹൈക്കോടതിയുടെ ശ്രദ്ധയില്‍ അഡ്മിനിസ്ട്രേറ്ററുടെ മേല്‍നോട്ടത്തില്‍ തന്നെ കൊണ്ടുവന്നിട്ടുണ്ടെന്നാണ് അറിയുന്നത്.
ഭരണം കയ്യാളുന്ന സെക്രട്ടറി-ഇന്‍-ചാര്‍ജ്ജും ചില വ്യക്തികളും, അഡ്മിനിസ്ട്രേറ്ററും കമ്മീഷണറും തമ്മിലുള്ള തര്‍ക്കങ്ങളാണ് ഭരണ പ്രതിസന്ധിക്കു കാരണം. രക്ഷാധികാരിയും ബഹുഭൂരിപക്ഷം പ്രവര്‍ത്തകസമിതി അംഗങ്ങളും പൊതു ഭരണസമിതി അംഗങ്ങളും രേഖാമൂലം അഡിമിനിസ്ട്രേറ്റര്‍ക്ക് പരാതി എഴുതി ഒപ്പിട്ട് നല്‍കിയിട്ടും നാളിതുവരെ യാതൊരുപരിഹാരവും ഉണ്ടായിട്ടില്ല.
സെക്രട്ടറി -ഇന്‍-ചാര്‍ജ്ജ് എന്ന ഒരു സ്ഥാനമോ പദവിയോ ഭരണഘടനാപ്രകാരം ഓച്ചിറയില്‍ ഇല്ലാത്തതാണ്. പ്രവര്‍ത്തകസമിതിയും പൊതുഭരണസമിതിയും വിളിച്ചു കൂട്ടി ഭൂരിപക്ഷ തീരുമാനപ്രകാരമാണ് ഭരണം നടത്തേണ്ടത്. പൊതുഭരണസമിതി കൂടിയിട്ട് വര്‍ഷങ്ങളായി. അഡ്മിനിസ്ട്രേറ്റര്‍ ചാര്‍ജ് എടുത്ത ദിവസം തന്നെ ബന്ധപ്പെട്ട കമ്മറ്റികള്‍ വിളിച്ച് കൂട്ടി തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന് ഭരണസമിതിയംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. കോടിക്കണക്കിന് രൂപ വരുമാനമുളള ഈ മഹാക്ഷേത്രത്തിന്റെ കാര്യങ്ങള്‍ അനാഥാവസ്ഥയിലേക്ക് കൂപ്പുകുത്തുന്നതായുള്ള ഭക്തജനങ്ങളുടെ പരാതി ബന്ധപ്പെട്ടവര്‍ അവഗണിക്കരുതെന്ന് ഓച്ചിറപരബ്രഹ്മ ക്ഷേത്രരക്ഷാധികാരി അഡ്വ: എം.സി അനില്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: