ലഖ്നോ: പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ പണിപൂര്‍ത്തിയായ ഒമ്പത് മെഡിക്കല്‍ കോളെജുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ദ്ധാര്‍ത്ഥ് നഗറില്‍ നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു.
സിദ്ധാര്‍ത്ഥ് നഗര്‍, ഇറ്റ, ഹര്‍ദോയ്, പ്രതാപ് ഗര്‍, ഫത്തേപൂര്‍, ദിയോറിയ, ഗാസിപൂര്‍, മിര്‍സാപൂര്‍, ജോന്‍പൂര്‍ എന്നിവിടങ്ങളിലായാണ് പുതിയ ഒമ്പത് മെഡിക്കല്‍ കോളെജുകള്‍ വന്നത്. ‘ഒമ്പത് പുതിയ മെഡിക്കല്‍ കോളെജുകള്‍ പ്രവര്‍ത്തിക്കുന്നതോടെ 2500 പുതിയ കിടക്കകളാണ് ഉണ്ടാകുന്നത്. ഏകദേശം അയ്യായിരം ഡോക്ടര്‍മാര്‍ക്കും പാരമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും പുതിയ തൊഴിവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഓരോ വര്‍ഷവും നൂറുകണക്കിന് യുവാക്കള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിലേക്ക് വഴി തുറക്കപ്പെടുകയാണ്.’- മോദി പറഞ്ഞു.
2017 വരെ യുപിയില്‍ 1900 മെഡിക്കല്‍ സീറ്റുകളേ ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തെ യോഗി ഭരണത്തില്‍ സീറ്റുകള്‍ എത്രയോ ഇരട്ടികളായി വര്‍ധിച്ചു. രാജ്യത്ത് 2014ന് മുന്‍പ് (ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന വര്‍ഷമാണ് 2014) തൊണ്ണൂറായിരത്തേക്കാള് കുറഞ്ഞ മെഡിക്കല്‍ സീറ്റുകളേ ഉണ്ടായിന്നുള്ളൂ. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ള 60,000 പുതിയ മെഡിക്കല്‍ സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര പദ്ധതിയുടെ ഭാഗമായി 157 പുതിയ മെഡിക്കല്‍ കോളെജുകള്‍ രാജ്യത്ത് സ്ഥാപിക്കാന്‍ മോദി സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. ഇതില്‍ 63 മെഡിക്കല്‍ കോളെജുകള്‍ പണി പൂര്‍ത്തിയായി തുറന്നുകൊടുത്തു കഴിഞ്ഞു.
മെനിഞ്ചൈറ്റിസ് ബാധിച്ച് നിരവധി കുട്ടികള്‍ മരിച്ചതോടെ മുന്‍ സര്‍ക്കാരുകള്‍ പൂര്‍വ്വാഞ്ചലിന്റെ പ്രതിച്ഛായ തന്നെ നശിപ്പിച്ചു. എന്നാല്‍ അതേ പൂര്‍വ്വാഞ്ചല്‍ ഇപ്പോള്‍ പൗരസ്ത്യ ഇന്ത്യയുടെ പ്രകാശകിരണമായി മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗി സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമായി മസ്തിഷ്കവീക്കം പൂര്‍ണ്ണമായും ഉത്തര്‍പ്രദേശില്‍ നിന്നും തുടച്ചുനീക്കാനായി. ആയിരക്കണക്കിന് കുട്ടികള്‍ക്കാണ് ഇത് ആശ്വാസമായത്. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ യുപി സര്‍ക്കാര്‍ വിജയകരമായി പ്രവര്‍ത്തിച്ചുവെന്ന് മോദി പറഞ്ഞു. ഏതെങ്കിലും കാലത്ത് യുപി സംസ്ഥാനം ഇതുപോലെ ആരോഗ്യരംഗത്ത് പുരോഗതി കൈവരിച്ചിട്ടുണ്ടോ എന്നും മോദി ചോദിച്ചു.
മാധവ് ബാബുവിന്റെ പേരില്‍ അറിയപ്പെടുന്ന സിദ്ധാര്‍ത്ഥ് നഗറിലെ മെഡിക്കല്‍ കോളേജ് അദ്ദേഹത്തിന്റെ സേവനത്തിനുള്ള അംഗീകാരമാണ്. ഈ പേര് തന്നെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരായ ഡോക്ടര്‍മാര്‍ക്ക് പ്രചോദനമാകും. രാജ്യത്തിന്റെ വികസനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച അന്തരിച്ച മാധവ് പ്രസാദ് ത്രിപാഠിയുടെ സംഭാവനകളെയും മോദി ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നിവര്‍ സംബന്ധിച്ചു.
ഉത്തര്‍പ്രദേശില്‍ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളെജുകള്‍ സ്ഥാപിക്കുമെന്നതാണ് യോഗി നല്‍കിയിരിക്കുന്ന വാഗ്ദാനം. ഈ സ്വപ്നത്തിലേക്കുള്ള ഉറച്ച കാല്‍വെയ്പായിരുന്നു തിങ്കളാഴ്ചയിലെ 9 മെഡിക്കല്‍ കോളെജുകളുടെ ഉദ്ഘാടനത്തിലൂടെ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: