കല്‍പ്പറ്റ: കൊവിഡിനൊപ്പം കുരങ്ങുപനി സാധ്യത കൂടി മുന്നില്‍ കണ്ട് വയനാട്ടില്‍ ജാഗ്രത ശക്തമാക്കി. കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രതിരോധത്തിനിടെ ആരോഗ്യവകുപ്പിന് തലവേദനയായത് കുരങ്ങുപനി വ്യാപനമായിരുന്നു. നിരവധി പേര്‍ക്ക് രോഗം പിടിപെടുകയും ഏതാനും പേര് മരിക്കുകയും ചെയ്തു. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവാണ് കുരങ്ങുപനി പിടിപെടാന്‍ സാധ്യത കൂടുതലുള്ളത്. ഇക്കാലയളവില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നു താമസിക്കുന്നവരും വനത്തില്‍ പോകുന്നവരും അതീവജാഗ്രത പുലര്‍ത്തണം.
കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അവയുടെ അടുത്ത് ഒരു കാരണവശാലും പോകരുത്. ഉടന്‍ ആരോഗ്യവകുപ്പ്, ഫോറസ്റ്റ്, മൃഗസംരക്ഷണ വകുപ്പ് എന്നിവരെ അറിയിക്കണം. വനത്തില്‍ വിറകിനോ മറ്റു ആവശ്യങ്ങള്‍ക്കോ പോകുന്നവര്‍ ശരീരം പൂര്‍ണമായും മൂടുന്ന വസ്ത്രം ധരിക്കണം, ചെള്ള് കടിക്കാതിരിക്കാന്‍ ലേപനം പുരട്ടണം. കാട്ടില്‍ തീറ്റക്കായി വിടുന്ന മൃഗങ്ങള്‍ക്ക് ചെള്ള് കടിക്കാതിരിക്കാന്‍ ലേപനം പുരട്ടണം. വനമേഖലയുമായും കുരങ്ങുമായും സമ്പര്‍ക്കമുള്ളവര്‍ നിര്‍ബന്ധമായും പ്രതിരോധ കുത്തിവയ്പ് എടുക്കണം. രോഗ ലക്ഷണം ഉണ്ടെങ്കില്‍ സ്വയം ചികിത്സ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു.
മുന്‍വര്‍ഷങ്ങളില്‍ കൂടുതല്‍ കേസുകളുണ്ടായ തിരുനെല്ലി പഞ്ചായത്തിലാണ് ഇപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. പ്രതിരോധ കുത്തിവയ്പ് യജ്ഞം പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.എന്‍. ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബേഗൂര്‍ പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെറിന് എസ്. ജെറാഡ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രവീന്ദ്രന്, ജെഎച്ച്ഐ ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രതിരോധ നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: