അടുത്തവന് അകലുമ്പോഴും അകന്നവന്‍ അടുക്കുമ്പോഴും സൂക്ഷിക്കണമെന്നാണ് പറയാറ്. അതായത് ഒരു കൊറോണക്കാല ജാഗ്രത. ഇല്ലെങ്കില്‍ എന്തു സംഭവിക്കുമെന്നതിന് പുരാണത്തിലും ചരിത്രത്തിലും സമകാലികത്തിലും വേണ്ടത്ര ഉദാഹരണങ്ങള്‍.
കൊറോണ ജാഗ്രതയുള്ളതിനാല്‍ ഇപ്പോള്‍ ആദ്യത്തെ പേടിയൊക്കെ മിക്കവര്‍ക്കും പോയി. അതിന്റെ ആത്യന്തികഫലമെന്തെന്ന് പിന്നീട് അറിയാം.ഏതായാലും ജാഗ്രതയുണ്ടെങ്കില്‍ അത്ര വലിയ പ്രശ്നമുണ്ടാകില്ലെന്ന് അനുഭവം തെളിയിക്കുന്നു. പിന്നെ ഒരു നാട്ടുചൊല്ലിലാണല്ലോ നാം തുടങ്ങിയത്. ആ ചൊല്ല് അന്വര്‍ഥമാക്കുന്ന സംഭവവികാസങ്ങള്‍ അടുത്തിടെ തുടരെത്തുടരെ സംഭവിക്കുകയാണ്. ഏറ്റവും ഒടുവിലായി നടന്നത് ചെറിയാന് ഫിലിപ്പ ദ്യത്തിന്റെ തിരിച്ചറിവാണ്. പത്തിരുപതു കൊല്ലം മുമ്പ് വിപ്ലവക്കുമാരന്മാരുടെ ഒളിമടയിലേക്ക് നൂണ്ടുകയറിയതാണ് അദ്യം.വീരാളിപ്പട്ടു ചാര്‍ത്തി നക്ഷത്രം ചുവപ്പുകുത്തി അണിയറയിലെ പട്ടുമെത്തയില്‍ ഇരുത്തിച്ചതായിരുന്നു.സ്ഥാനമാനങ്ങളില്‍ വര്‍ധിതാവേശിതനായി നവവിപ്ലവ വഴികളെക്കുറിച്ച് ഗവേഷണാത്മകവും വികാരോജ്വലവുമായ എത്രയെത്ര കൃതികളാണ് അദ്ദേഹം രചിച്ചത്.കേരളരാജ്യത്തിന് വിപ്ലവം സംബന്ധിച്ച് പുതുകാഴ്ചപ്പാട് തന്നെ ടിയാന് നല്കുകയുണ്ടായി. പുതുപ്പള്ളിയില്‍ നിന്ന് പുതുപ്രഭാതത്തിലേക്കുള്ള അദ്യത്തിന്റെ യാത്രയെ പുതു തലമുറ ആവേശോജ്വലമായാണ് സ്വീകരിച്ചത്.
എന്നാല്‍ എല്ലാറ്റിനും അന്ത്യം വരുന്ന രീതിയിലേക്ക് കാര്യങ്ങള്‍ ഇടറി വീഴുകയാണ്. ചെറിയാന് ഫിലിപ്പെന്ന രാഷ്ട്രീയക്കാരന് നേരെചൊവ്വെ കഴിയാന്‍ പറ്റാത്ത ഇടമാണ് ഇടതൊളിയിടമെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.അതിനാല്‍ തന്നെ വലിയ പുകിലൊന്നും കൂടാതെ അവിടെ നിന്ന് ഇറങ്ങിപ്പോരുകയാണ്.
കൂടുതല്‍ ആവേശതുന്ദിലനായി പോന്നാല്‍ വള്ളിക്കാട്ടെ റോഡിനോരത്തു വീണ ചോരത്തുള്ളികള്‍ക്ക് കൂട്ടുപോകേണ്ടതായി വരുമെന്ന് നിശ്ചയമായും അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്. കാര്യം കാണാന്‍ എന്തടവും സ്വീകരിക്കുന്ന ഒരു പാര്‍ട്ടിയെക്കുറിച്ച് ചെറിയാന് ആരെങ്കിലും ക്ലാസ് കൊടുക്കണമോ?
അക്കരെ നില്ക്കുമ്പോള് ഇക്കരെ പച്ച കാണുന്ന സകല സഹോദരീ സഹോദരന്മാരും നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും വേണ്ടതാണിത്.അടുത്തിടെ ഒട്ടേറെ ആയാറാം കക്ഷിക ള്‍ ചുവപ്പു കോട്ടയിലേക്ക് അടിവച്ചടിവച്ചടിവന്നിട്ടുണ്ട്. അവര്‍ക്കൊക്കെ ആവശ്യത്തിന് പണിയും കൊടുത്തിട്ടുണ്ട്. എന്നാല്‍ നേരത്തെ കയറിപ്പറ്റിയവര്‍ക്കൊന്നും വേണ്ട പണി കൊടുക്കാതെയും പണിയേ കൊടുക്കാതിരിക്കുകയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ വഴിമറിഞ്ഞു പോവുകയായിരുന്നു.രണ്ടാം ഭരണം വെള്ളിത്തളികയില്‍ ആയതോടെ കൈവന്ന തനി സ്വഭാവം നേരത്തെ വന്നവര്‍ക്ക് ശ്വാസംമുട്ടലായി. അങ്ങനെയെങ്കില്‍ പഴയലാവണം തന്നെയല്ലേ നല്ലത് എന്ന നിലവന്നു.
ഏതായാലും പിരിയാന്‍ നല്ല അവസരം കൈവന്ന സന്തോഷം ചെറിയാച്ചനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. പ്രകൃതി കലിതുള്ളുമ്പോഴാണല്ലോ പ്രകൃതി വിരുദ്ധമായ തൊക്കെയും ഒലിച്ചു പോവുക.ഇവിടെയും സംഭവിച്ചത് അതുതന്നെ.കുറെക്കാലമായി സഹിക്കുന്ന പ്രകൃതിവിരുദ്ധ രാഷ്ട്രീയത്തില്‍ നിന്നുള്ള വിമോചനം. പണ്ടത്തെ വിമോചനത്തിന്റെ ഇത്തിരിയിത്തിരി അംശങ്ങളൊക്കെ ചോരയില്‍ തുടിക്കുന്നതിനാല് പന്തംപേറാന്‍ അത്ര വലിയ വിഷമം ഉണ്ടാവുകയില്ല.
ഏതായാലും ഗാന്ധിയന്‍ രാഷ്ട്രീയത്തിലൂടെ കുതിച്ചുപാഞ്ഞ നേതാവിന് തിരികെ അതിലെത്താന്‍ പ്രയാസമൊന്നും ഉണ്ടാവില്ല. പക്ഷേ, എന്തൊക്കെയാവും സ്ഥിതിഗതികള്‍ എന്നതിനെക്കുറിച്ച് ഇപ്പോഴത്തെ കാലാവസ്ഥാ പ്രവചനം പോലെയേ കരുതാനാവൂ. വെള്ളപ്പൊക്കക്കെടുതികളെക്കുറിച്ച് നെതര്‍ലെന്റ്സിലെ പഠനമൊന്നും ഏശിയില്ല എന്ന കൂരമ്പു തന്നെ ഭരണത്തലവനെതിരെ തൊടുത്ത നിലയ്ക്ക് കാര്യങ്ങള്‍ ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. എന്തിന്റെ ഭാഗമായാണ് പ്രസ്താവനയെന്ന് അറിയില്ലെന്ന് മുഖ്യന് പറഞ്ഞ സ്ഥിതിക്ക് അറിഞ്ഞു കഴിഞ്ഞാല്‍ എന്തുണ്ടാവുമെന്നതിന് കനപ്പെട്ട തെളിവുകള്‍ അസംഖ്യം.
ഏതായാലും കൂടെക്കഴിഞ്ഞ വനേ രാപ്പനി അറിയാനാവൂ എന്നല്ലേ ആചാര്യമതം. ആയതിനാല്‍ കാത്തിരുന്നു കാണാം.സോഷ്യല്‍ മീഡിയവഴി വിശാല ആകാശം മുമ്പിലുള്ളത് വലിയൊരു അനുഗ്രഹം തന്നെയാണ്. പക്ഷ വിശകലനങ്ങളില്‍ നിന്നും നിരീക്ഷണങ്ങളില്‍ നിന്നും മാറി നിഷ്പക്ഷതയിലേക്കാവും പോവുകയെന്ന് ഏതായാലും ചെറിയാച്ചന് അറിയിച്ചിട്ടുണ്ട്. നിഷ്പ്പതയ്ക്ക് മുകളിലും ഒരു ഡെമോക്ലസ് വാള് തൂങ്ങിയാടുന്നുണ്ട് എന്ന് നമുക്ക് പറഞ്ഞു കൊടുക്കാം,എന്തേ?
ഏതായാലും ചാണക്യനീതിയില്‍ ഇങ്ങനെയൊക്കെ പറയുന്നുണ്ട് :’ ശത്രുക്കളെ പോലെ തന്നെ മിത്രത്തെയും പൂര്‍ണമായി വിശ്വസിക്കരുത്. കാരണം ഒരു സുഹൃത്തിന് ദേഷ്യം വന്നാല്‍, അവന് എല്ലാ രഹസ്യങ്ങളും പരസ്യമാക്കുന്നു…! ‘ ചെറിയാച്ചാ ചതിക്കല്ലേ എന്നൊരു ദീനസ്വരം തിര്വന്തോരത്തെ കേന്ദ്രത്തില്‍ നിന്ന് കേട്ടായോ? പ്രത്യേകിച്ച് ശിശു സംരക്ഷണ വകുപ്പു കൂടി പാര്‍ട്ടി ഏറ്റെടുത്ത സമൃദ്ധസുന്ദര വേളയില്‍?
നേര്‍മുറി
ഷംസീറുമായുള്ള തര്‍ക്കത്തില്‍ റിയാസിനൊപ്പം മുഖ്യമന്ത്രി : വാര്‍ത്ത.
അപ്പങ്ങളെമ്പാടും ചുട്ടമ്മായി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: