തൃശ്ശൂര്‍: ജനിച്ച് മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മുലപ്പാല്‍ കുടി ശിശുക്ഷേമ സമിതി മുട്ടിച്ചു. കളവും കൃത്രിമവും കാണിച്ച കുഞ്ഞിന്റെ മൗലിക അവകാശം പോലും ലംഘിച്ച സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചുള്ള കുറ്റങ്ങള്‍ ചുമത്തി തുറുങ്കിലടയ്‌ക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍.
എസ്എഫ്‌ഐ മുന്‍ നേതാവായ അനുപമയ്ക്കും അജിത്തിനും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് ആണ്‍ കുഞ്ഞ് ജനിച്ചത്. പ്രസവിച്ചു മൂന്നാം ദിവസം മാതാപിതാക്കള്‍ തന്നില്‍ നിന്ന് വേര്‍പ്പെടുത്തി കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയെന്നാണ് അനുപമയുടെ പരാതി. താന്‍നൊന്തു പ്രവസിച്ച ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കിയതും പിന്നീട് ആണ്‍കുട്ടിയാക്കിയതും ഒടുവില്‍ ആള്‍മാറാട്ടം നടത്തിയതും ശിശുക്ഷേമ സമിതിയുടെ ജനറല്‍ സെക്രട്ടറി ഷിജുഖാന്റെ നേതൃത്വത്തിലാണെന്നും അനുപമ ആരോപിച്ചു.
ജീവിക്കാനുള്ള മനുഷ്യാവകാശം കുഞ്ഞുങ്ങള്‍ക്കടക്കം എല്ലാവര്‍ക്കും ഒരുപോലെയാണ്. അമ്മ ജീവിച്ചിരിക്കുന്നത് അറിഞ്ഞിട്ടും ആ അമ്മയുടെ കയ്യില്‍ നിന്ന് കുട്ടിയെ ബലമായി വാങ്ങി ഉപേക്ഷിച്ചത് കൊടുംപാതകമാണ്. കുഞ്ഞിനെ തേടി അമ്മ അലയുന്നത് അറിഞ്ഞിട്ടും കേരളത്തിന് വെളിയിലേക്ക് കുഞ്ഞിനെ കടത്തി. കുടുംബ കോടതിയില്‍ കള്ളസത്യവാങ്മൂലവും നല്‍കി ഇതെല്ലാം നിയമ വിരുദ്ധമാണ്. കുഞ്ഞുങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് ശിശുക്ഷേമ സമിതിയുടെ കടമയാണ്. അങ്ങനെയുള്ളൊരു സമിതിയുടെ ജനറല്‍ സെക്രട്ടറി തന്നെ സ്വന്തം രാഷ്‌ട്രീയ താല്‍പര്യത്തോടെ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം മുറിച്ചത് നിഷേധാത്മകവും നീതി രാഹിത്യവും കൊടും ക്രൂരതയുമാണ്. ശിശുക്ഷേമ സമിതിക്ക് കളങ്കമാണ് ഷിജുഖാനെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ജനാധിപത്യപരമായിട്ടാണ് കേരള ഭരിക്കുന്നതെങ്കില്‍, ഈ സംഭവത്തില്‍ നിയമ വിരുദ്ധതയും കണ്ണില്ലാത്ത ക്രൂരതയും ചെയ്ത ഷിജുഖാന്‍ അടക്കമുള്ളവരെ ജയിലിലിടയ്‌ക്കാന്‍ തയ്യാറാകണം. അല്ലാത്ത പക്ഷം ഇവര്‍ക്കെതിരെ പൊതു ഹര്‍ജിയടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ ബിജെപി തയ്യാറാകുമെന്നും ബി.ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക