എന്താണ് രാഷ്‌ട്രീയ ഇസ്ലാം? എന്തായിരുന്നു മലബാറില്‍ ഹിന്ദുക്കൂട്ടക്കൊലയുടെ ക്രൂരചരിത്രം ബാക്കിവെച്ച 1921 ലെ മതരാഷ്‌ട്രീയ ആക്രമണങ്ങളുടെ കഴിഞ്ഞകാല സഞ്ചാരപഥം? ഇത്തരം ചോദ്യങ്ങള്‍ക്ക് ആനിബസന്റും ഡോ. ഭീം റാവ് റാംജി അംബേദ്കറും മഹാകവി കുമാരനാശാനുമടക്കം സാര്‍വദേശീയവും ദേശീയവും പ്രാദേശികവുമായ തലങ്ങളില്‍ അംഗീകാരം നേടിയ ബൗദ്ധിക പ്രതിഭകള്‍ 1921ലെ മലബാര്‍ ഹിന്ദുക്കൂട്ടക്കൊലയുടെ നേരറിഞ്ഞ് ബാക്കിവെച്ച ചരിത്ര രേഖകളില്‍ നിന്ന് കെ.സി. സുധീര്‍ ബാബു അന്വേഷിച്ചു കണ്ടെത്തിയ മറുപടിയാണ് ‘മാപ്പിള കലാപം: ഡോ. അംബേദ്കര്‍ അടയാളപ്പെടുത്തുമ്പോള്‍’.
സത്യം അന്വേഷിച്ചു കണ്ടെത്താനുള്ള പരീക്ഷണങ്ങളാണെന്റെ ജീവിതമെന്ന് പറഞ്ഞവര്‍ പോലും അറിയുകയും അനുഭവിക്കുകയും ചെയ്ത നേര് നേരാം വണ്ണം പറഞ്ഞില്ല. തന്റെ പക്ഷത്തു നിന്ന് സംഭവിച്ച അബദ്ധമാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് അവസാന കാലത്തുപോലും ഏറ്റു പറയുവാനുള്ള ആര്‍ജ്ജവം അവര്‍ കാട്ടാതിരുന്നതാണ് 1921ലെ മലബാര്‍ ഹിന്ദുവംശ ഹത്യയുടെ ഇരകളുടെ നേരനുഭവം. ഇരുട്ട് മാറുവാന്‍ വേണ്ടി താന്‍ കൊളുത്തിയ സന്ധ്യാദീപം കൂട്ടിന് താന്‍ വിളിച്ചു കൂട്ടിയവര്‍, തന്റെ തന്നെ കുടില് കത്തിക്കുന്നതിനുള്ള തീപ്പന്തമാക്കിയത് നേരിട്ടു കണ്ടിട്ടും വിളിച്ചു കൂകുന്നതിനു പോലും തയാറാകാതിരുന്ന മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധി അങ്ങനെ ചെയ്തത്, അതാകും രാഷ്‌ട്രീയ കൗശലം എന്ന് കരുതിയതുകൊണ്ടാകാം. തമ്മില്‍ തല്ലി തല കീറിയും തന്‍കാര്യം തേടുന്ന ഇളയ മകനെ എന്നെങ്കിലും നന്നാക്കിയെടുക്കാമെന്നു കരുതി വാത്സല്യ പൂര്‍വ്വം ചേര്‍ത്തുപിടിക്കയും പറഞ്ഞാല്‍ കേള്‍ക്കുന്നവനും അരുതാത്തത് ചെയ്യാത്തവനുമായ മൂത്തമകനെ ‘നീയൊന്ന് ക്ഷമിക്കെടാ’ എന്നു പറഞ്ഞ് എന്നും നിശ്ശബ്ദനാക്കുകയും ചെയ്യുന്ന സാത്വികനായ അച്ഛന്റെ രീതിയാണ് 1921ല്‍ മലബാറില്‍ നടന്നത് മുതല്‍ 1947ലെ ഭാരത വിഭജനവേളവരെ സംഭവിച്ച ഇസ്ലാമിക ഹാലിളക്കങ്ങളുടെയും ഹിന്ദുവംശഹത്യകളുടെയും ഘട്ടങ്ങളിലൊക്കെയും മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധിയില്‍ നിന്ന് ഭാരതം കണ്ടത്. അവിടെയാണ് മലബാര്‍ ഹിന്ദുവംശഹത്യയുമായി ബന്ധപ്പെട്ട് നേരിട്ടറിഞ്ഞ നേരായതൊക്കെയും നേരാംവണ്ണം നിര്‍ഭയനായി രേഖപ്പെടുത്തിയ ഡോ. ഭീം റാവ് റാംജി അംബേദ്കര്‍ ചരിത്രാന്വേഷകര്‍ക്ക് നേര്‍വഴി കാട്ടുന്ന ചരിത്ര പുരുഷനായി ഉയര്‍ന്നു നില്‍ക്കുന്നത്. ഡോ. അംബേദ്കറെ ആധികാരികതയുടെ അടിസ്ഥാന പ്രമാണമായി സ്വീകരിച്ചുകൊണ്ട് അക്കാര്യത്തില്‍ ലഭ്യമായ ഇതര ചരിത്രരേഖകളെയും കണക്കിലെടുത്തുകൊണ്ടാണ് കെ.സി. സുധീര്‍ ബാബു മലബാര്‍ നരനായാട്ടിന്റെ സമഗ്രപഠനം നടത്തിയിരിക്കുന്നത്.
1921ലെ മലബാര്‍ ഹിന്ദുവംശഹത്യയുടെ ചരിത്രവായനയ്‌ക്ക് ഒരുങ്ങിയിറങ്ങുന്ന അന്വേഷണകുതുകികളെ വീഴ്‌ത്താനൊരുക്കിയിട്ടുള്ള ചതിക്കുഴികളാണ് മാക്‌സിസ്റ്റ്-ഇസ്ലാമിക പക്ഷം നടത്തിവച്ചിട്ടുള്ള ചരിത്ര രചനകള്‍. മാക്‌സിയന്‍ ചരിത്രരചനാ രീതി തന്നെ അവരുടെ പിടിച്ചടക്കല്‍ ലക്ഷ്യത്തിനുവേണ്ടിയുള്ള വളച്ചൊടിക്കലുകള്‍ക്ക് വഴിയൊരുക്കുന്നതാണ്. സത്യം പലപ്പോഴും അവിടെ ചോരക്കൊടിയിട്ട് മൂടിവയ്‌ക്കാറാണ് പതിവ്. ശത്രുരാജ്യമായ ചൈനയ്‌ക്ക് ചാരപ്പണി ചെയ്ത് അട്ടിമറിയിലൂടെ അധികാരം നേടുകയെന്നതാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ തുടര്‍ന്നുപോരുന്ന രണകുതന്ത്രം. ശത്രുവിന്റെ ശത്രു മിത്രം എന്ന തന്ത്രം സ്വീകരിച്ച ചൈന ഭാരതത്തെ ഇല്ലാതാക്കാന്‍ പാക്കിസ്ഥാനെ കൂട്ടുപിടിച്ചു. മിത്രത്തിന്റെ മിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ പാക്കിസ്ഥാനെയും തങ്ങളുടെ തലയിലിരുത്തി. അങ്ങനെ പാക്കിസ്ഥാനുവേണ്ടി ഭാരതത്തിനുള്ളില്‍ പോരാട്ടം നടത്തുന്ന ഇസ്ലാമിക മതമൗലികവാദികളും വര്‍ഗീയവാദികളും തീവ്രവാദികളും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പരിവാറും ഒന്നായി. അതോടെ ആ രണ്ടു കൂട്ടര്‍ക്കും വേണ്ടി കൂലിക്ക് വികലചരിത്രം കൂറിക്കുന്നവരും ഒന്നായി. ഒപ്പം തന്നെ കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ പാര്‍ലമെന്ററി വ്യാമോഹവും വോട്ടും നോട്ടും ഒഴുകുന്ന ഇസ്ലാമികപക്ഷത്തേക്ക് അവരെ അടുപ്പിച്ചു. അങ്ങനെ മാക്‌സിയന്‍- ഇസ്ലാമിക സംയുക്ത പക്ഷത്തു നിന്ന് 1921ലെ ഹിന്ദുവംശഹത്യയുടെ മലബാറിലെ ചരിത്രവും വളച്ചൊടിക്കുന്നതായി അവരുടെ രചനാശൈലി. അതൊക്കെ പൊളിച്ചടുക്കി യഥാര്‍ത്ഥ വസ്തുതകളിലേക്ക് വിരല്‍ ചൂണ്ടുവാനാണ് അവര്‍ അവലംബിച്ച ‘മാപ്പിള കലാപം ചരിത്രരചനയുടെ രീതി ശാസ്ത്രം’ തന്നെ ഗ്രന്ഥകാരന്‍ വിശദ വിശകലനത്തിന് വിധേയമാക്കിയത്.
ഇസ്ലാമിക തീവ്രവാദത്തിന് സൈദ്ധാന്തിക പശ്ചാത്തലം ഒരുക്കുന്നതില്‍ നേതൃത്വം നല്‍കിയ ഫ്രഞ്ച് ചരിത്രാദ്ധ്യാപകന്‍ മിഷേല്‍ ഫൂക്കോ ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ ന്യായീകരണത്തൊഴിലാളിയായി മാറിയതിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് കമ്യൂണിസ്റ്റ്-ഇസ്ലാമികമതമൗലികവാദ ബന്ധങ്ങളുടെ അന്താരാഷ്‌ട്ര അന്തര്‍ധാര എടുത്തുകാട്ടിയതും വളരെയേറെ ശ്രദ്ധയര്‍ഹിക്കുന്നു.
ഒന്നാം ലോക മഹായുദ്ധത്തിനു തുടക്കം വരെ ഇസ്ലാമിക രാഷ്‌ട്രീയ പക്ഷം ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി ഇംഗ്ലണ്ടിനോട് സമരം ചെയ്തവരായിരുന്നില്ല. ഇംഗ്ലീഷുകാരുടെ ഭരണം അവസാനിക്കുകയും ഭാരതം സ്വതന്ത്രമാകുകയും ജനാധിപത്യ ഭരണം വരുകയും ചെയ്താല്‍ ഭൂരിപക്ഷമായ ഹൈന്ദവര്‍ക്കാകും രാഷ്‌ട്രീയനേട്ടമെന്നും അത് തങ്ങള്‍ക്ക് ഭീഷണിയാകുമെന്നും ഭയന്ന മുസ്ലിംലീഗിന്റെ രാഷ്‌ട്രീയ വീക്ഷണം ഭാരതസ്വാതന്ത്ര്യസമരത്തിന് എതിരുമായിരുന്നു. അതുകൊണ്ട് സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യവുമായി ഖിലാഫത്ത് പ്രക്ഷോഭങ്ങള്‍ക്കെത്തിയവരല്ല ഇസ്ലാമിക പക്ഷമെന്നത് വ്യക്തമാകുന്നു. ഹിന്ദുവിരുദ്ധ വര്‍ഗീയലഹളകളുടെ പരമ്പരയുടെ തുടര്‍ച്ചയായി ആ പ്രക്ഷോഭം മാറിയതിനു പിന്നില്‍ കാര്‍ഷിക പ്രശ്‌നങ്ങള്‍ക്കും സ്ഥാനമില്ല. കാരണം അക്കാര്യത്തില്‍ ഹിന്ദുവിനോടൊപ്പമാണ് ബ്രിട്ടീഷുകാര്‍ എന്ന പരാതിയുടെ പേരിലാണ് ‘മലപ്പറം കത്തിയെടുത്തതെങ്കില്‍ പോലും’ ഒന്നാം ലോക മഹായുദ്ധത്തില്‍ ഇംഗ്ലീഷുകാരുടെ വിജയത്തിനു വേണ്ടി 1914ല്‍ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയതോടെ ആ പേരിലൊരു പോരാട്ടത്തിന്റെ സാദ്ധ്യത മലബാറിലും ബാക്കിയുണ്ടായിരുന്നില്ല.
അവിടെയാണ് 1914നും 1921 ആഗസറ്റ് 20നുമിടയില്‍ എന്തു സംഭവിച്ചുയെന്ന് അന്വേഷിച്ചറിയുകയെന്നത് അനിവാര്യമാകുന്നത്. മഹായുദ്ധത്തിന്റെ ആരംഭത്തില്‍ ക്രിസ്ത്യന്‍ പക്ഷ ബ്രിട്ടീഷ് സാമ്രാജ്യത്വവും തുര്‍ക്കിയിലെ ഖലീഫയുടെ ഇസ്ലാമിക ഒട്ടോമന്‍ സാമ്രാജ്യവും എതിര്‍ ചേരികളിലായിരുന്നില്ല. മഹായുദ്ധം മുന്നോട്ടുപോയ മുറയ്‌ക്ക് ആ അവസ്ഥ മാറി. അവസാനം ഇംഗ്ലണ്ട് വിജയിച്ചു ഓട്ടോമന്‍ സാമ്രാജ്യം ശിഥിലീകരിക്കപ്പെട്ടു; ക്രിസ്ത്യന്‍ പക്ഷം ഹാജിയാ സോഫിയാ തിരിച്ചുപിടിച്ചു. മുറിവേറ്റ ഇസ്ലാമിക ലോകം നഷ്ടപ്പെട്ട സാമ്രാജ്യം തിരിച്ചു പിടിക്കാന്‍ പോരാട്ടം തുടങ്ങി. അവര്‍ക്കതിന് പുതിയ സാമ്രാജ്യത്വമോഹവുമായി ഇറങ്ങിയ സോവിയറ്റ് കമ്യൂണിസ്റ്റു പക്ഷം തന്ത്രപരമായ പിന്തുണയുമായി പിറകേ കൂടി. അങ്ങനെ ഖിലാഫത്തു പ്രസ്ഥാനം ഉടലെടുത്തു. ഖിലാഫത്തു പ്രസ്ഥാനത്തിന്റെ പോരാട്ട വഴിയിലൂടെ ഭാരതത്തില്‍ ഇസ്ലാമിക ഖിലാഫത്ത് ഭരണം നേടിയെടുക്കാമെന്ന പ്രതീക്ഷ ഉണര്‍ന്നു. ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന് അപ്രതീക്ഷിത പിന്തുണയുമായി ഗാന്ധിജിയുമെത്തി. അങ്ങനെ ഇന്ത്യയില്‍ പോര്‍മുഖം തുറന്ന് വ്യാപകമാക്കിയ ഖിലാഫത്ത് പ്രസ്ഥാനം മലബാറിലെ ഇസ്ലാമിക വര്‍ഗീയ വാദികളില്‍ പൊതുവെയും അവരിലെ മൂലധനശക്തികളായിരുന്ന തടിവ്യാപാര മേഖല അടക്കി വാണിരുന്നവരുള്‍പ്പടെയുള്ള മുതലാളിമാര്‍ക്ക് വിശേഷിച്ചും മോഹങ്ങളുയര്‍ത്തി. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ജനിതക മാറ്റം വരുത്തി ഏകപക്ഷ ലഹള നടത്തി ഹിന്ദുവിന്റെ മണ്ണും പെണ്ണും മതവും തകര്‍ക്കാന്‍ ഹൈദരാലിയുടെയും ടിപ്പു സുല്‍ത്താന്റെയും കാലം മുതല്‍ ആ തൊഴില്‍ നടത്തിവന്നവര്‍ തെരുവിലിറങ്ങിയതിന്റെ ചരിത്രം ആവര്‍ത്തിക്കുന്നതാണ് 1921ല്‍ മലബാര്‍ കണ്ടത്. സത്യസന്ധമായി ആ ചരിത്രം രേഖപ്പെടുത്തിയവരെ അവലംബിച്ചുകൊണ്ട് വിശ്വസനീയമായ ചരിത്രം കൂടുതല്‍ വ്യക്തമായി ആവര്‍ത്തിക്കുന്നതിലൊതുങ്ങുന്നില്ല സുധീര്‍ ബാബുവിന്റെ പഠനം.
ചരിത്രം കണ്ട ആ കൊടുംക്രൂരതയ്ക്ക് ജിഹാദിപ്പടയെ ഒരുക്കിയെടുത്തതിന്റെ വിവിധ ഘട്ടങ്ങളും ബോധപൂര്‍വ്വം അവലംബിച്ച രീതികളും പരീക്ഷിച്ചു നോക്കിയ പ്രയോഗരീതികളും പണ്ഡിതോചിതമായി വിവരിച്ചു നല്‍കുകയും കൂടി ചെയ്തതാണ് ഗ്രന്ഥകാരന്റെ സംഭാവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക