കൊച്ചി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങള്‍ക്ക് വിലങ്ങുവീണിട്ടും നാട്ടില്‍ ഇപ്പോഴും സുലഭം. പലചരക്ക് കടകള്‍, മത്സ്യമാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ ലഭ്യമാണ്.
ചില ഹോട്ടലുകള്‍ പ്ലാസ്റ്റിക്ക് കവറിലാണ് ചൂടുള്ള ഭക്ഷണം പൊതിഞ്ഞ് നല്‍കുന്നത്. 75 മൈക്രോണില്‍ താഴെ വരുന്ന പ്ലാസ്റ്റിക് കാരി ബാഗുകളും 60 ജി.എസ്.എമ്മില്‍ കുറഞ്ഞ നോണ്‍ വൂവണ്‍ ബാഗുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. കേരളത്തില്‍ ഇവയ്ക്ക് നേരത്തെ തന്നെ നിരോധനമുണ്ടായിരുന്നു. എന്നാല്‍ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുടെ വ്യാപക ഉപയോഗം. 2020 ജനുവരി ഒന്നിനാണ് സംസ്ഥാനത്ത് ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ നിരോധിച്ചത്.
തുടക്കത്തില്‍ പരിശോധന കര്‍ശനമായതിനാല്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ഇവ അപ്രത്യക്ഷമായി. ക്രമേണ പരിശോധന അയഞ്ഞു. കൊവിഡിന്റെ വരവോടെ പൂര്‍ണമായും നിലച്ചു. ഇതോടെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന നോണ്‍ വൂവണ്‍ കാരി ബാഗുകള്‍ ഉള്‍പ്പെടെ 120 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്കുകള്‍ തിരിച്ചെത്തുകയായിരുന്നു. പ്ലാസ്റ്രിക് നിരോധനം ഫലപ്രദമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ മിഷന്, ശുചിത്വ മിഷന് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടന്നെങ്കിലും കൊവിഡില്‍ അതും ഇല്ലാതായി. പ്ലാസ്റ്റിക്കുകള്‍ വലിച്ചെറിയുന്നതും വ്യാപകമായിട്ടുണ്ട്. കടയില്‍നിന്ന് പ്ലാസ്റ്റിക് കിറ്റ് പിടികൂടിയാല്‍ തുടക്കത്തില്‍ 25,000 രൂപവരെ പിഴ ചുമത്താം. ആവര്‍ത്തിച്ചാല്‍ തടവുശിക്ഷവരെ ലഭിക്കാം. അലര്ജിമുതല് അര്‍ബുദത്തിനുവരെ കാരണമാകുന്ന നിരോധിത പ്ലാസ്റ്റിക്കുകള്‍ ഇനിയും ഉപയോഗിക്കണോ. മാറേണ്ടത് നാം ഓരോരുത്തരുമാണ്.
നടപടിക്ക് കേന്ദ്രം
രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം രണ്ട് ഘട്ടമായി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആദ്യം 75 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകളും 60 ജിഎസ്എമ്മില്‍ കുറഞ്ഞ നോണ്‍ വൂവണ്‍ ബാഗുകളും നിരോധിച്ചു. കുറഞ്ഞ മൈക്രോണിലുള്ള പ്ലാസ്റ്റിക്കിന്റെ നിര്‍മാണം, കയറ്റുമതി, സംഭരണം, വിതരണം, വില്‍പ്പന എന്നിവയും നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് പ്ളേറ്റ്, കപ്പ്, ഗഌസ്, ട്രേ, മിഠായി കവര്‍, പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയര്‍ബഡുകള്‍, ബലൂണുകള്‍ക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, ഐസ്ക്രീം സ്റ്റിക്കുകള്‍, അലങ്കാരത്തിനുള്ള തെര്‍മോകോള്‍ എന്നിവ 2022 ജൂലായ് ഒന്നിനകം നിരോധിക്കും. രണ്ടാംഘട്ടമായി ഡിസംബര്‍ 31 മുതല്‍ 120 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണമായും നിരോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: