ന്യൂദല്‍ഹി; അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തിന്റെ നാലാമത് പൊതുസഭാ സമ്മേളനം വിദൂരദൃശ്യ സാങ്കേതികവിദ്യയിലൂടെ നടന്നു. കേന്ദ്ര ഊര്‍ജ്ജ-പുനരുപയോഗ ഊര്‍ജ മന്ത്രിയും, അന്താരാഷ്ട്ര സൗരോര്‍ജ സഖ്യ പൊതുസഭാ പ്രസിഡന്റ്റുമായ ആര്. കെ. സിംഗ് സമ്മേളനത്തിന് ആധ്യക്ഷം വഹിച്ചു. 108 രാജ്യങ്ങള്‍, 23 സഖ്യ സംഘടനകള്‍, 33 പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. അമേരിക്കന്‍ പ്രസിഡന്റിന്റെ കാലാവസ്ഥാ വ്യതിയാന പ്രത്യേക പ്രതിനിധി ജോണ്‍ കെറി മുഖ്യപ്രഭാഷണം നടത്തി. യൂറോപ്യന്‍ ഗ്രീന്‍ ഡീലിന്റെ യൂറോപ്യന്‍ കമ്മീഷന് എക്സിക്യൂട്ടീവ് ഉപാധ്യക്ഷന്‍ ഫ്രാന്‍സ് ടിമ്മര്‍മാന്‍സ് ഒക്ടോബര്‍ 20ന് സമ്മേളനത്തെ അഭിസംബോധന ചെയ്തു.
സൗരോര്‍ജ്ജം, പുനരുപയോഗ ഊര്‍ജ രൂപങ്ങള്‍ എന്നിവ വഴിയായി എല്ലാവര്ക്കും ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് ആര്. കെ. സിംഗ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കി – ‘ഞങ്ങള്‍ ഇത് വിജയകരമായി ഇന്ത്യയില്‍ നടത്തിയിട്ടുണ്ട്. ഇത് ലോകമെങ്ങും അനുകരിക്കാവുന്നതാണ്’. വിവിധ ഊര്‍ജ്ജ രൂപങ്ങളിലേക്കുള്ള മാറ്റം എന്നതിനേക്കാള്‍ ശ്രദ്ധ കൊടുക്കേണ്ടത് എല്ലാവര്ക്കും ഊര്‍ജം ലഭ്യമാക്കുക എന്നതിനാണ്. ലോകവ്യാപകമായി 800 ദശലക്ഷം പേര്‍ക്ക് ഊര്‍ജ്ജം ലഭ്യമാക്കാന്‍ അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തിന് കഴിയും. മുമ്പ് നടന്ന കാലാവസ്ഥാ സമ്മേളനങ്ങളില്‍ വാഗ്ദാനംചെയ്ത ഊര്‍ജ്ജ പരിവര്‍ത്തന നിധി, വികസിത രാഷ്ട്രങ്ങള്‍ നല്‍കേണ്ട സമയമാണ് ഇതെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു. വായ്പ ഉറപ്പുകള്‍ക്കൊപ്പം, ഈ രാജ്യങ്ങളില്‍ ഹരിതോര്‍ജ നിക്ഷേപം യാഥാര്‍ത്ഥ്യമാക്കുന്നതിനും അന്താരാഷ്ട്ര സൗരോര്‍ജ സഖ്യം സഹായിക്കും.
സമ്മേളനത്തിനിടെ രണ്ട് പുതിയ പദ്ധതികള്‍ക്കും തുടക്കം കുറിച്ചു – 1) സൗരോര്‍ജ്ജ ഫോട്ടോ വോള്‍ട്ടായിക് പാനലുകള്‍ & ബാറ്ററി അവശിഷ്ട സംസ്കരണം, 2) സൗരോര്‍ജ്ജ ഹൈഡ്രജന്‍ പദ്ധതി. സൗരോര്‍ജ്ജ വൈദ്യുതിയിലൂടെ ഹൈഡ്രജന്‍ കുറഞ്ഞ ചിലവില്‍ ഉത്പാദിപ്പിക്കാനാണ് പുതിയ ഹൈഡ്രജന്‍ മുന്നേറ്റം ലക്ഷ്യമിടുന്നത്. നിലവിലെ കിലോ ഒന്നിന് അഞ്ച് അമേരിക്കന്‍ ഡോളര്‍ എന്ന നിരക്കില്‍ നിന്നും രണ്ട് ഡോളറിലേക്ക് ചിലവ് കുറയ്ക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു.
ഒരു സൂര്യന് ഒരു ലോകം ഒരു ശൃംഖല – One Sun One World One Grid – OSOWOG, മുന്നേറ്റവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായി. ലോകവ്യാപകമായി സൗരോര്‍ജ്ജം പങ്കുവയ്ക്കുന്നതിനായി അന്തര്‍ – മേഖലാതല ഊര്‍ജ്ജ ശൃംഖലകള്‍ നിര്‍മ്മിക്കുന്നതിനു ഇത് ലക്ഷ്യമിടുന്നു. നിലവില്‍ ഹരിതഗൃഹവാതക പുറന്തള്ളലിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായ ഊര്‍ജ ഉത്പാദന സമയത്തെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും സഹായിക്കും.
അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യ രാഷ്ട്രങ്ങളില്‍ സൗരോര്‍ജ്ജ മേഖലയില്‍ ഒരു ട്രില്യന്‍ അമേരിക്കന്‍ ഡോളറിന്റെ ആഗോള നിക്ഷേപം യാഥാര്‍ത്ഥ്യ മാക്കുന്നതിന് ബ്ലൂംബര്‍ഗ് ഫിലന്ത്രോപീസുമായി ഒരു പങ്കാളിത്തവും അന്താരാഷ്ട്ര സൗരോര്‍ജ സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: