കൊച്ചി: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ നിയന്ത്രണം പോലീസിനെ ആരാണ് ഏല്‍പ്പിച്ചതെന്നും ഇതിനു ഹൈക്കോടതിയുടെ അനുമതിയുണ്ടായിരുന്നോയെന്നും ഡിവിഷന് ബെഞ്ച് ആരാഞ്ഞു. വെര്‍ച്വല്‍ ക്യൂവിന്റെ നിയന്ത്രണം ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കുന്നതല്ലേ ഉചിതമെന്ന് ഡിവിഷന് ബെഞ്ച് ചോദിച്ചു. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന് കോടതിയുടെ അനുമതിയുണ്ടെങ്കില്‍ രേഖകള്‍ ഹാജരാക്കാനും നിര്‍ദേശം നല്കി.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡിനു കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് ജസ്റ്റിസ് അനില്‍. കെ. നരേന്ദ്രന്, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം വാക്കാല്‍ ചോദിച്ചത്.
ശബരിമലയിലെ വെര്‍ച്വല്‍ ക്യൂവിന്റെ നിയന്ത്രണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കൈമാറണമെന്നു വ്യക്തമാക്കി ശബരിമല സ്പെഷല്‍ കമ്മിഷണര്‍ നല്കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയും ഇതേയാവശ്യമുന്നയിച്ച് ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ പ്രസിഡന്റ് കെ.എസ്.ആര്. മേനോന് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികളുമാണ് ഡിവിഷന് ബെഞ്ചിനു മുന്നിലുള്ളത്.
പൊലീസിന്റെ വെര്‍ച്വല്‍ ക്യൂ വെബ്പോര്‍ട്ടലില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ശബരിമലയുടെ പേരിലുള്ള ഡൊമൈന്‍ നെയിം ഉള്‍പ്പെടെ ബോര്‍ഡിന് അവകാശപ്പെട്ടതാണെന്നും ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ക്ഷേത്രത്തിന്റെ ട്രസ്റ്റിയെന്ന നിലയില്‍ ഇത്തരമൊരു സംവിധാനം കൈകാര്യം ചെയ്യാനുള്ള അവകാശം ദേവസ്വം ബോര്‍ഡിനാണെന്നും തിരുപ്പതി ക്ഷേത്രത്തിലും ഗുരുവായൂരിലുമൊക്കെ അതത് ദേവസ്വം ബോര്‍ഡുകളാണ് ഇതു കൈകാര്യം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ജികള്‍ ഒക്ടോബര്‍ 26 നു പരിഗണിക്കാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: