തിരുവനന്തപുരം: വീട്ടുകരം തട്ടിപ്പിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ ഇരുപത്തിനാല് ദിവസമായി നടത്തിവരുന്ന സമരത്തിന്റെ രണ്ടാംഘട്ടമായി ആരംഭിച്ച നിരാഹാര സമരം മൂന്നാംദിവസത്തിലേക്ക് കടന്നു. സമരം നിരാഹാരത്തിലേക്ക് മാറിയതോടെ നഗരസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം ശക്തമായി. പകല്‍ സമയങ്ങളില്‍ ബിജെപി പ്രവര്‍ത്തകരുടെയും രാത്രിയില്‍ വിവിധ മോര്‍ച്ചകളുടെയും നേതൃത്വത്തില്‍ നഗരസഭാ ഗേറ്റിനു മുന്നിലും സമരം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ നിരാഹാരമിരുന്ന രണ്ട് കൗണ്‍സിലര്‍മാരെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥര്‍ വീട്ടുകരം വെട്ടിച്ച് 35 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വിഷയം പുറത്തുവരുന്നത് ഒതുക്കിത്തീര്‍ക്കാനായിരുന്നു പാര്‍ട്ടിയുടെ ശ്രമം. എന്നാല്‍ വീട്ടുകരം അടച്ചവര്‍ക്കും കുടിശ്ശികയുണ്ടെന്ന് കാട്ടി നോട്ടീസ് വരികയും പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി സമരം തുടങ്ങുകയും ചെയ്തതോടെ വിഷയം സിപിഎമ്മിന്റെ നിയന്ത്രണത്തില്‍ നിന്നും വഴുതിപ്പോകുകയായിരുന്നു.
സമരം ശക്തമായതോടെ നഗരസഭയിലെ അഴിമതി കുടുംബങ്ങളില്‍ ചര്‍ച്ചയായി. ഇതിനിടെ കരമടച്ച ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം. ആര്.ഗോപന് ഉള്‍പ്പെടെയുള്ളവരുടെ തുക അക്കൗണ്ടില്‍ കാണാതായതും വലിയ ചര്‍ച്ചയായി. വിഷയം ജനങ്ങളിലെത്തുകയും ആശങ്കയിലായ നിരവധി നികുതിദായകര്‍ പ്രതിദിനം നഗരസഭയിലെത്തുകയും ചെയ്തു. ഇതില്‍ പലരുടെയും തുക കാണാനില്ലെന്നുകൂടി വന്നതോടെ നഗരസഭാ ഭരണസമിതി കൂടുതല്‍ പരുങ്ങലിലായി. ഇതോടെ നവംബര്‍ അവസാനം അദാലത്തു നടത്താമെന്നും വീട്ടുകരം കുടിശ്ശികയുള്ളവരുടെ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാമെന്നും മേയര്‍ വിശദീകരണം നല്കി. ആരും കൂട്ടത്തോടെ വരേണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മേയര്‍ ആവര്‍ത്തിച്ചു.
തട്ടിപ്പില്‍ ഇടതുപക്ഷ സര്‍വീസ് യൂണിയന് സംസ്ഥാനസമിതി അംഗമായ നേമം സോണല്‍ ഓഫീസ് സൂപ്രണ്ട് ശാന്തിയും ഉള്‍പ്പെട്ടതോടെ സിപിഎം പ്രതിരോധത്തിലായി. ഏതുവിധേനയും അറസ്റ്റ് ഒഴിവാക്കി പണം തിരികെ നല്കി ഒത്തുതീര്‍പ്പാക്കാനായിരുന്നു ശ്രമം. എന്നാല്‍ അഴിമതി കൂടുതല്‍ വ്യാപകമാണെന്നും പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും സമരം ശക്തമാവുകയും ചെയ്തതോടെ സിപിഎം നീക്കം തകരുകയായിരുന്നു.
പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിനനുകൂലമായി കേസന്വേഷണത്തില്‍ കാലതാമസം വരുത്തുകയും പ്രതികളെ അറസ്റ്റുചെയ്യാതിരിക്കുകയും ചെയ്യുന്ന നയമാണ് ഇപ്പോള്‍ നഗരസഭയും പോലീസും നടത്തുന്നത്. ബിജെപി സമരത്തിന് ജനപിന്തുണ ഏറിയതോടെ ഒറ്റപ്പെടുമെന്ന അവസ്ഥയായപ്പോള്‍ യുഡിഎഫും സമരത്തിനിറങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: