കൊച്ചി : നെപ്പോളിയന് വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കിയതിനെതിരെ ഇ ബുള്‍ ജെറ്റ് സഹോദരന്മാര് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മോട്ടോര്‍വാഹന നിയമപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചതെന്നാണ് സര്‍ക്കാര്‍ ഹര്‍ജിക്ക് മറുപടിയായി കോടതിയില്‍ അറിയിച്ചത്. തുടര്‍ന്ന് സര്‍ക്കാരിന്റെ നടപടിയില്‍ ഇടപെടാന്‍ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ കിളിയന്തറ സ്വദേശി എബിന് വര്‍ഗീസും സഹോദരന് ലിബിന് വര്‍ഗീസും നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.
ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വാഹനത്തില്‍ അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മോട്ടോര്‍വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തത്. നിയമപ്രകാരമുള്ള നടപടിയാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കോടതി ഇത് അംഗീകരിക്കുകയായിരുന്നു.
അനധികൃതമായി രൂപമാറ്റം വരുത്തിയതിനെ തുടര്‍ന്ന് ഇ- ബുള്‍ജെറ്റ് സഹോദരന്മാരുടെ നെപ്പോളിയന് കാരവാന്റെ രജിസ്ട്രേഷന് സെപ്റ്റംബര്‍ പത്തിനാണ് മോട്ടോര്‍ വാഹനവകുപ്പ് താത്കാലികമായി റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഇ- ബുള്‍ജെറ്റ് സഹോദരങ്ങള്‍ നല്കിയ വിശദീകരണം നല്‍കിയെങ്കിലും ഇത് തൃപ്തികരമല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് ആറ് മാസത്തേക്ക് രജിസ്ട്രേഷന് റദ്ദാക്കുകയായിരുന്നു.
എന്നാല്‍ വാഹനത്തില്‍ നിയമപ്രകാരമുള്ള മോടിപിടിപ്പിക്കല്‍ മാത്രമേ വരുത്തിയിട്ടുള്ളത്. ഇതില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നുമായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ നിലപാട്. ഇതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തത്. വാഹനം സ്റ്റോക്ക് കണ്ടീഷനില്‍ ഹാജരാക്കിയില്ലെങ്കില്‍ രജിസ്ട്രേഷന് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
ഇത് കൂടാതെ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെത്തിയ വ്ളോഗര്‍മാര്‍ ഇവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ പോലീസ് അറസ്റ്റിലായി. നിരത്തുകളിലെ മറ്റ് വാഹനങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. നിയമ വിരുദ്ധമായാണ് വാഹനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നാണ് എംവിഡി വിഷയത്തില്‍ മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: