കൊച്ചി: നിരത്തുകള്‍ കീഴടക്കി ടോപ്പ് ഗിയറില്‍ പായുകയാണ് ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങള്‍. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കിയുള്ള നിശബ്ദ വിപ്ലവമാണ് നിരത്തുകളില്‍ നടക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധനയാണ് സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങളുടെ റജിസ്ട്രേഷനില്‍ ഉണ്ടായത്. അഞ്ചു വര്‍ഷത്തെ കണക്കു നോക്കിയാല്‍ ഉണ്ടായ വര്‍ധന 90 ഇരട്ടിയോളം വരും.
ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങള്‍ക്കു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകളാണ് ഈ മാറ്റത്തിനു കാരണം. സിഎന്‍ജി- ഇലക്ട്രിക് വാഹനങ്ങളാണു ഭാവി എന്നു മനസ്സിലാക്കി കൂടുതല്‍ സൗകര്യങ്ങളോടു കൂടി പുതിയ മോഡലുകള്‍ ഇറക്കാന്‍ കമ്പനികള്‍ മത്സരിക്കുന്നതും ഉപഭോക്താക്കള്‍ക്ക് അനുകൂലമായി.
കെഎസ്ഇബിയുടെയും അനര്‍ട്ടിന്റെയും ടാറ്റ പോലുള്ള വാഹനനിര്‍മാതാക്കളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതും നിര്‍മാണത്തിലിരിക്കുന്നതുമായ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കു പുറമേ സ്വകാര്യ ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ വ്യക്തികള്‍ക്കു അനുമതി നല്‍കാമെന്ന തീരുമാനവും ഇലക്ട്രിക് വാഹനങ്ങള്‍ക്കു കൂടുതല്‍ സ്വീകാര്യത നല്കുന്നു.
ഇക്കഴിഞ്ഞ കേന്ദ്ര, സംസ്ഥാന ബജറ്റികളിലുള്പ്പെടെ പ്രഖ്യാപിക്കപ്പെട്ട നികുതിയിളവുകളും മേഖലയ്ക്കു പ്രതീക്ഷ നല്കുന്നു. വൈദ്യുതിയിലോടുന്ന വാഹനങ്ങള്‍ പുതിയ സങ്കല്പമല്ലെങ്കിലും ചെറിയ ദൂരങ്ങള്‍ക്കു മാത്രമുപയോഗിക്കുന്ന സെക്കന്‍ഡ് ചോയ്സ് കാറുകളും സ്കൂട്ടറുകളുമായി ഒതുങ്ങിയിരുന്ന കാലവും മാറി.
സാധാരണ വാഹനങ്ങളെ വെല്ലുന്ന പിക്അപ്പും പെര്‍ഫോമന്‍സും കാഴ്ച വയ്ക്കുന്ന ആഡംബര കാറുകളടക്കം വിപണിയില്‍ എത്താന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍, പോലീസ് ആവശ്യങ്ങള്‍ക്കടക്കം ബള്‍ക് ഓര്‍ഡറുകള്‍ പോലും ഇവയ്ക്കു വന്നു തുടങ്ങി. ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് കമ്പനിയായ ഒല പുറത്തിറക്കിയ ഇലക്ട്രിക് സ്കൂട്ടറിന് റെക്കോഡ് വില്‍പ്പനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ റജിസ്ട്രേഷനിലുണ്ടായ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 2016- 17 സാമ്പത്തിക വര്‍ഷം 8.34 ലക്ഷം പെട്രോള്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്തെങ്കില്‍ 2020- 21ല്‍ അത് 6.17 ലക്ഷമായി കുറഞ്ഞു.
സാധ്യതകള്‍ ഏറെ
ഗണ്യമായ വര്‍ധനയുണ്ടെങ്കിലും ഇനിയും സാധ്യതകള്‍ ഏറെയാണ് ഈ മേഖലയ്ക്ക്. ഇത്രയും ആനുകൂല്യങ്ങളും മെച്ചങ്ങളും ഉണ്ടായിട്ടും ഇലക്ട്രിക് വാഹനങ്ങളെടുക്കാന്‍ ആളുകള്‍ രണ്ടാമതൊന്ന് ആലോചിക്കുന്നതിന്റെ പ്രധാന കാരണം വിലക്കൂടുതലാണ്. ഇരുചക്ര വാഹനങ്ങള്‍ക്കു ഒരു ലക്ഷത്തിനടുത്തു വില വരുമ്പോള്‍ കാറുകള്‍ക്ക് അതിന്റെ പെട്രോള്‍ വേരിയന്റിന്റെ ഇരട്ടിയോളമാണു വില. നികുതിയിലും റജിസ്ട്രേഷനിലും മറ്റും ലഭിക്കുന്ന ഇളവുകള്‍ കഴിഞ്ഞും കൈ പൊള്ളുന്ന വില ഉപഭോക്താക്കളെ അകറ്റുന്നു. ഒറ്റ ചാര്‍ജില്‍ മുന്നൂറിനടുത്ത് കിലോമീറ്റര്‍ ദൂരം വാഗ്ദാനം ചെയ്യുമ്പോഴും ചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണത്തിലുള്ള കുറവ് ഒരു യാഥാര്‍ഥ്യമായി തുടരുന്നു.
സിഎന്‍ജി കിറ്റുകള്‍ ലഭ്യം
കാര്‍ബണ്‍ മോണോക്സൈഡ് പുറം തള്ളുന്നത് കുറവായതിനാല്‍ അന്തരീക്ഷ മലിനീകരണം കുറവാണെന്നതാണ് സിഎന്‍ജിയുടെ പ്രത്യേകത. ഡീസല്‍- പെട്രോള്‍ കാറുകളില്‍ അടക്കം സ്ഥാപിക്കാനുള്ള സിഎന്‍ജി കിറ്റുകളുമായി വിവിധ കമ്പനികള്‍ കേരളത്തില്‍ കളം നിറയുകയാണ്. ഇന്ധന വില കുത്തനെ ഉയര്‍ന്നതോടെ നൂറ് കണക്കിന് ടാക്സി വാഹനങ്ങള്‍ ഇതിനോടകം സിഎന്‍ജിയിലേക്ക് മാറിക്കഴിഞ്ഞു. ഒരു കിലോ സിഎന്‍ജിക്ക് 60 രൂപയ്ക്ക് ഉള്ളിലെ വരുള്ളു. ഡീസല്‍- പെട്രോള്‍ വാഹനങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ മൈലേജിനേക്കാള്‍ അധികം ലഭിക്കുമെന്നതും പ്രത്യേകതയാണ്. സ്വകാര്യ ബസുകള്‍ അടക്കം സിഎന്‍ജിയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: