മുംബൈ: മഹാരാഷ്‌ട്രയെ ഒരിയ്‌ക്കലും ബംഗാളാകാന്‍ അനുവദിക്കില്ലെന്ന് ബിജെപി നേതാവും മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. മമത ബാനര്‍ജിയെ പുകഴ്‌ത്തുന്ന മുഖ്യമന്ത്രി ഉദ്ധവ് താക്കറേയെയും ഫഡ്‌നാവിസ് അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
‘മഹാരാഷ്‌ട്രയെ ബംഗാള്‍ പോലെയാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി താക്കറേ പറയുന്നു. ഇക്കാര്യത്തില്‍ താക്കറേയ്‌ക്ക് എതിരു നില്‍ക്കുന്നവരെ മുഴുവന്‍ പേരെയും അദ്ദേഹം കൊന്നൊടുക്കുമോ? ബിജെപി ഒരിയ്‌ക്കലും മഹാരാഷ്‌ട്രയെ ബംഗാളാക്കാന്‍ ആഗ്രഹിയ്‌ക്കില്ല.’- ഫഡ്‌നാവിസ് പറഞ്ഞു.
‘ദസറ റാലിയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പെരുമാറ്റത്തില്‍ അദ്ദേഹത്തിന്റെ നിരാശ പ്രകടമായിരുന്നു. മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ ബിജെപിയെ തള്ളിക്കളഞ്ഞിട്ടില്ലെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ കോണ്‍ഗ്രസിനെയും എന്‍സിപിയെയും തള്ളിക്കളഞ്ഞ് ശിവസേനയ്‌ക്ക് പാസ് മാര്‍ക്ക് നല്‍കി. ബിജെപി മത്സരിച്ച 70 ശതമാനം സീറ്റുകളിലും ശിവസേന മത്സരിച്ച 45 ശതമാനം സീറ്റുകളിലും വിജയിച്ചു,’ -കഴിഞ്ഞ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ ഓര്‍മ്മിപ്പിച്ച് ഫഡ്‌നാവിസ് പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന താക്കറേയുടെ പരാമര്‍ശത്തേയും ഫഡ്‌നാവിസ് അപഹസിച്ചു.
ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവും ഫഡ്‌നാവിസ് തള്ളിക്കളഞ്ഞു. ‘മയക്കമരുന്ന് യുവത്വത്തിന് ക്യാന്‍സര്‍ ആണ്. ആരുടെ വശത്താണ് ഉദ്ധവ് താക്കറേ നിലകൊള്ളുന്നത്? ബിജെപി സര്‍ക്കാര്‍ ഒരിയ്‌ക്കലും ഏജന്‍സികളെ ദുരുപയോഗം ചെയ്യില്ല. അങ്ങിനെയെങ്കില്‍ നിങ്ങളുടെ മന്ത്രിസഭയിലെ പാതി മന്ത്രിമാരും ഇപ്പോള്‍ ജയിലിലായേനെ’- ഫഡ്‌നാവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: