സാക്ഷരതയില്‍ നൂറുശതമാനത്തിന്റെ മേനി. ഇനിയും അക്ഷരാഭ്യാസത്തിന് തയ്യാറെടുക്കുന്ന കുട്ടികള്‍. അടുത്തമാസം അതിന് ആരംഭം കുറിക്കുന്നു. പഠിക്കാം കേരളത്തെ. ഒപ്പം വിദ്യാഭ്യാസമന്ത്രിയെയും. മന്ത്രി ശിവന്‍കുട്ടി മിടുക്കനാണ്. ’35’ സംസ്ഥാനമുള്ള ‘ഇന്ത്യ’യിലെ കേരളത്തിന്റെ മിടുമിടുക്കനായുള്ള മന്ത്രി. നാക്കുപിഴവാണത്രെ 35 സംസ്ഥാനമെന്നത്. അതിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ ഉടനെ പറയും. നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിന്റെ ചുരുക്കാണെന്ന്. പ്രഗത്ഭനായ വ്യക്തിക്കും വകതിരിവും വിവരവുമില്ലാത്ത ഒരു മരുമകനുണ്ടാകുമോ എന്ന് ചോദിക്കുന്നവര്‍ക്ക് ചൂണ്ടിക്കാട്ടാനുള്ള ഒരു ആള്‍രൂപം. വിദ്യാര്‍ത്ഥിയായിരിക്കെ പേനക്കൊപ്പം പേനക്കത്തിയുമായി നടന്ന കൗമാരം. എംഎല്‍എ ആയപ്പോഴാണ് തനിരൂപം കണ്ടത്. വാനരജന്മം! നിയമസഭയുടെ മേശയും ഡസ്കും സ്പീക്കറുടെ ചേമ്പറുമെല്ലാം തകര്‍ത്തു. അട്ടിമറിച്ചു. ഒടുവില്‍ കേസായി. ഗുലുമാലായി. അതില്‍ നിന്നൂരാനായി പിന്നത്തെ ശ്രമം. സുപ്രീംകോടതിവരെ പോയി. രക്ഷയില്ല. വിചാരണകോടതിയിലേക്ക് തിരിച്ചയച്ചു. പിന്നെയും തിരിച്ചടി.
നിയമസഭ അഴിഞ്ഞാട്ടകേസില്‍ മന്ത്രി വി. ശിവന്‍കുട്ടിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ടുള്ള വിടുതല്‍ ഹര്‍ജി വീണ്ടും തള്ളി. എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസും വിദേശ നിര്‍മ്മിത മൈക്ക്സെറ്റുമടക്കമുള്ള പൊതുമുതല്‍ നശിപ്പിച്ച കേസില്‍ കുറ്റവിമുക്തരാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. എല്ലാപ്രതികളും വിചാരണ നേരിടണം. കുറ്റം ചുമത്തലിന് എല്ലാ പ്രതികളും ഹാജരാകാന്‍ സിജെഎം ആര്.രേഖ ഉത്തരവിട്ടു. പ്രതികളെ വിചാരണ ചെയ്യാന്‍ പ്രഥമദൃഷ്ട്യാ മതിയായ തെളിവുകളുണ്ടെന്ന് വിടുതല്‍ ഹര്‍ജി തള്ളിയ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. തഞ്ചം കിട്ടിയാല്‍ ജഡ്ജിയുടെ കുത്തിനും പിടിക്കും. കോടതി ഞങ്ങള്‍ക്ക് പുല്ലെന്ന് വിളിച്ചല്ലേ ശീലം.
പോലീസ് റിപ്പോര്‍ട്ടും സാക്ഷിമൊഴികളും കേസ് റെക്കോര്‍ഡുകളും പരിശോധിച്ചതില്‍ കുറ്റപത്രത്തിന് അടിസ്ഥാനമുണ്ട്. പ്രതികള്‍ പ്രഥമദൃഷ്ട്യാ കൃത്യം ചെയ്തതായി അനുമാനിക്കാന്‍ അടിസ്ഥാനമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമുള്ള വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് വകുപ്പ് 240 പ്രകാരം പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്താന്‍ കോടതി ഉത്തരവിട്ടത്.
മാധ്യമങ്ങളില്‍ പ്രചരിക്കുന്ന നിയമസഭാ കൈയാങ്കളി ദ്യശ്യങ്ങള്‍ വ്യാജമെന്നതടക്കമുള്ള പ്രതികളുടെ വാദങ്ങള്‍ കോടതി തള്ളി. നേരത്തേ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പിന്‍വലിക്കല്‍ ഹര്‍ജി തള്ളിക്കൊണ്ട് പ്രതികള്‍ വിചാരണ നേരിടാന്‍ ഉത്തരവ് പുറപ്പെടുവിച്ച മുന്‍ സിജെഎമ്മും നിലവില്‍ പോക്സോ കോടതി ജഡ്ജിയുമായ ആര്. ജയകൃഷ്ണന് 2020 സെപ്തംബര്‍ 22 ല്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു.
2015 മാര്‍ച്ച് 13 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2011-16 ലെ ഇടത് എംഎല്‍എ മാരായ കെ.അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, മുന്‍ കായിക മന്ത്രി ഇ.പി.ജയരാജന്, സി.കെ.സദാശിവന്, മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.ടി. ജലീല്‍ എന്നിവരാണ് നിയമസഭയ്ക്കകത്ത് സ്പീക്കറുടെ ഡയസ് കൈയേറി നാശനഷ്ടം വരുത്തിയ കേസിലെ ഒന്നു മുതല്‍ അറു വരെയുള്ള പ്രതികള്‍. ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയുടെ പ്രവര്‍ത്തനം പാഠ്യവിഷയമാക്കിയാലും തെറ്റില്ല.
അമൂല്യമായ ജര്‍മന്‍ നിര്‍മ്മിത മൈക്ക് സൗണ്ട് സിസ്റ്റം ഉള്‍പ്പെടെ നശിപ്പിച്ചതില്‍ 2.21 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. സ്പീക്കറുടെ ചേമ്പറില്‍ ഡയസുള്‍പ്പെടെ മറിച്ചിട്ടു. മുന്‍ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെയാണ് പൊതുമുതല്‍ നശീകരണം നടന്നത്.കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ ജനത്തോടുള്ള വഞ്ചനയാണ്. ഭരണഘടന നല്കുന്ന അവകാശങ്ങളുടെ അതിര് ജനപ്രതിനിധികള്‍ ലംഘിച്ചു. സര്‍ക്കാര്‍ ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനാണ്. സ്വന്തം കടമ സഭയില്‍ നിര്‍ഭയമായി നിര്‍വഹിക്കാനുള്ളതാണ് ഈ ഉത്തരവാദിത്തങ്ങള്‍. ഈ പ്രത്യേക അവകാശവും പരിരക്ഷയും പൊതുനിയമങ്ങളില്‍നിന്ന് ഒഴിവാകാനുള്ള കവാടമല്ല. പൊതുനിയമം ജനപ്രതിനിധികള്‍ക്കും ബാധകമാണ്. സഭയുടെ പരിരക്ഷ ക്രിമിനല്‍ കുറ്റത്തില്‍നിന്നുള്ള പരിരക്ഷയല്ല. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ല. കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചന കൂടിയാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.ഹര്‍ജി പിന്‍വലിക്കണമെന്ന് സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ആവശ്യപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെയും കോടതി വിമര്‍ശനം നടത്തി. 184 അനുച്ഛേദം തെറ്റായി വ്യാഖ്യാനിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രോസിക്യൂട്ടര്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. നിയമസഭയില്‍ കയ്യാങ്കളി നടത്തിയ എംഎല്‍എമാര്‍ക്കെതിരെ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 321 വകുപ്പ് പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിസമ്മതിച്ചതിനെതിരായാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
വാദത്തിനിടെ സര്‍ക്കാരിനെതിരെ നേരത്തേതന്നെ രൂക്ഷ പരാമര്‍ശങ്ങള്‍ കോടതി നടത്തിയിരുന്നു. എന്നിട്ടും വിചാരണ കോടതിയില്‍ അപേക്ഷയുമായെത്തിയത് അപാരമായ തൊലിക്കട്ടികൊണ്ടാണ്. അതല്ലെങ്കില്‍ പിന്നെന്താണ് പരിശോധിക്കേണ്ടത്? പഠിക്കേണ്ടത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: