തിരുവനന്തപുരം: തട്ടിപ്പുകാരന് മോന്സന് മാവുങ്കലുമായുള്ള അടുത്ത ബന്ധത്തെ തുടര്‍ന്ന് 24 ന്യൂസ് കൊച്ചി റിപ്പോര്‍ട്ടര്‍ സഹിന് ആന്റണിയെ പോലീസ് ചോദ്യം ചെയ്തു. മോന്‍സന്റെ തട്ടിപ്പുകള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് സഹിന് ആന്റണിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.
വ്യാജ ചെമ്പോല കാട്ടി ശബരിമല വിഷയത്തില്‍ ജാതിസ്പര്‍ധ സൃഷ്ടിക്കാന്‍ ശ്രമിച്ച റിപ്പോര്‍ട്ടര്‍ കൂടിയാണ് സഹിന് ആന്റണി. പൊതുസമൂഹത്തില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ 24 ന്യൂസ് സസ്പെന്‍ഡ് ചെയ്തിരുന്നു. പുരാവസ്തു തട്ടിപ്പുകാരന് മോന്സന് മാവുങ്കലുമായുള്ള സഹിന് ആന്റണിയുടെ അടുപ്പം ഏറെ വിവാദമായിരുന്നു. മോന്സന് മാവുങ്കലിന്റെ സ്വകാര്യ മ്യൂസിയത്തിലേക്കു സിനിമാ താരങ്ങളെയും പൊലീസുകാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയുമൊക്കെ ക്ഷണിച്ചു കൊണ്ടു പോയത് സഹിന് ആന്റണിയാണെന്നു വെളിപ്പെട്ടിരുന്നു. സഹിന് ആന്റണിയെ പ്രവാസി മലയാളി ഫെഡറേഷന്റെ മീഡിയ കോ ഓര്‍ഡിനേറ്ററാക്കിയത് മോന്‍സന്റെ ശുപാര്‍ശയിലാണെന്നു ഭാരവാഹികള്‍ വെളിപ്പെടുത്തിയിരുന്നു. സഹിന് ആന്റണി അടുത്ത കാലത്തായി വന്‍തോതില്‍ സ്വത്തു സമ്പാദിച്ചതും മോന്‍സന്റെ ബിനാമിയായാണെന്ന് ആരോപണമുണ്ട്. കൊച്ചിയിലും റാസല്‍ഖൈമയിലും സഹിന് റസ്റ്ററന്റുകള്‍ ആരംഭിച്ചിരുന്നു.
മോന്സന് ബന്ധം വെളിപ്പെട്ടപ്പോള്‍ സഹിന് ആന്റണിയെ സംരക്ഷിക്കുന്ന നിലപാടാണ് ചാനല്‍ മേധാവി ശ്രീകണ്ഠന് നായര്‍ സ്വീകരിച്ചിരുന്നത്. ശബരിമല വ്യാജ ചെമ്പോല വാര്‍ത്തയ്ക്കെതിരെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു പരാതി നല്‍കിയതോടെയാണ് 24 ന്യൂസ് കുടുങ്ങിയത്. ഓണ്‍ലൈന്‍ പരാതി സംവിധാനത്തിലൂടെ കാല്‍ലക്ഷത്തിലേറെ പേര് ചാനലിനെതിരെ പരാതി നല്കി.
പന്തളം കൊട്ടാരം 24 ന്യൂസിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചാനലിനെതിരെ കോടതിയെ സമീപിക്കുമെന്നും കൊട്ടാരം അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വ്യാജ ചെമ്പോല ചാനലിനു കുരുക്കാകുമെന്നു വന്നതോടെയാണ് ഉത്തരവാദിത്തം റിപ്പോര്‍ട്ടര്‍ സഹിന് ആന്റണിയുടെ മേല്‍ കെട്ടിവച്ചു രക്ഷപ്പെടാന്‍ ചാനല്‍ മേധാവി ശ്രീകണ്ഠന് നായര്‍ ശ്രമിക്കുന്നത്. റിപ്പോര്‍ട്ടര്‍ക്കെതിരെ നടപടിയെടുത്തെന്നു വരുത്തി ചാനലിനെതിരായ നടപടികളില്‍ നിന്നു രക്ഷപ്പെടാനാണ് ശ്രീകണ്ഠന് നായരുടെ ശ്രമം.
മുട്ടില്‍ മരംമുറി വിവാദത്തിലുള്‍പ്പെട്ട ദീപക് ധര്‍മ്മടത്തെ സസ്പെന്‍ഡു ചെയ്തതിനു തൊട്ടു പിന്നാലെയാണ് മോന്‍സന്റെ വ്യാജ ചെമ്പോലയുടെ പേരില്‍ സഹിന് ആന്റണിക്കെതിരെയും നടപടിയുണ്ടാകുന്നത്. 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍മാരെല്ലാം ഫ്രോഡുകളാണെന്നു സമൂഹ മാധ്യമങ്ങളില്‍ ആരോപണമുയരുന്നതു ചാനലിനു ക്ഷീണമാകുന്നുണ്ട്. ചാനല്‍ റേറ്റിങില്‍ ഏഷ്യാനെറ്റിനു വെല്ലുവിളി ഉയര്‍ത്തി രണ്ടാം സ്ഥാനത്തേക്കു കുതിച്ചുയര്‍ന്ന 24 ന്യൂസിനു മരംമുറി, മോന്സന് വിവാദങ്ങള്‍ കടുത്ത പ്രഹരമായിട്ടുണ്ട്. വിശ്വാസ്യത നഷ്ടപ്പെട്ട 24 ന്യൂസ് ചാനല്‍ പ്രേക്ഷകര്‍ ഒഴിവാക്കി തുടങ്ങിയതോടെ പരസ്യധാതാക്കളും പിന്‍വലിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: