കൊല്ലം: കേരള മന:സാക്ഷിയെ ഞെട്ടിച്ച ഉത്ര കൊലക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരന്‍. കേരളം ഉറ്റുനോക്കിയ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് ആണ് വിധി പ്രസ്താവിച്ചത്.ശിക്ഷാവിധി 13ന്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി പ്രഖ്യാപനം. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭര്‍ത്താവ് സൂരജിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം ഇന്നും പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു. വിചിത്രവും പൈശാചികവും ദാരുണവും അപൂര്‍വങ്ങളില്‍ അപൂര്‍വവുമായി കേസെന്നാണ് പ്രോസിക്യൂഷന്‍ ഇന്നു കോടതിയെ അറിയിച്ചത്. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു സൂരജിന്റെ മറുപടി. പരമാവധി ശിക്ഷ വേണമെന്ന് ഉത്രയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.കൊലപാതകം (302), കൊലപാതകശ്രമം (307), മൃഗങ്ങളെ ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ (325), തെളിവു നശിപ്പിക്കല്‍ തുടങ്ങിവയാണ് സൂരജില്‍ ചുമത്തിയ കുറ്റങ്ങള്‍. ഇവയെല്ലാം തെളിയിക്കപ്പെട്ടെന്ന് കോടതി വ്യക്തമാക്കി.
കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തിലെ വളരെ ഏറെ ശ്രദ്ധ നേടിയ കേസാണ് ഉത്ര വധക്കേസ്. കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വര്‍ഷവും 5 മാസവും 4 ദിവസവും പൂര്‍ത്തിയാവുമ്പോഴാണ് വിധി പറയുന്നത്.
സ്വത്തിന് വേണ്ടി സ്വന്തം ഭാര്യയെ ഭര്‍ത്താവ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുക. തികച്ചും കേട്ടുകേള്‍വി പോലും ഇല്ലാത്ത ഈ കൊലപാതകം കേരളത്തെ ആകെ ഞെട്ടിച്ചവയാണ്. 87 സാക്ഷികള്‍, 288 രേഖകള്‍, 40 തൊണ്ടിമുതലുകള്‍. ഇത്രയുമാണ് കോടതിക്ക് മുന്നില്‍ അന്വേഷണസംഘം ഹാജരാക്കിയത്. റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോടതി നടപടികളും വേഗത്തിലാക്കിയ ശേഷമാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് വിധി പ്രഖ്യാപിച്ചത്.
ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്റെ ഏറ്റവും വലിയ സവിശേഷത. പ്രതിയായ സൂരജിന്റെ കുറ്റസമ്മത മൊഴിക്കപ്പുറം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാന്‍ പൊലീസ് നടത്തിയ ഡമ്മി പരീക്ഷണമടക്കമുളള വേറിട്ട അന്വേഷണ രീതികളും ഏറെ ചര്‍ച്ചയായിരുന്നു. വാദി ഭാഗവും പ്രതിഭാഗവും തമ്മില്‍ കോടതിയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ഉണ്ടായി. കോടതിയില്‍ താന്‍ കുറ്റക്കാരനല്ലെന്ന് പ്രതി സൂരജ് ആവര്‍ത്തിച്ചു പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹന്‍രാജും പ്രതി ഭാഗത്തിനായി അഡ്വ. അജിത്ത് പ്രഭാവും ഹാജരായി. ഉത്രയെ മുന്‍പ് അണലി പാമ്പിനെ ഉപയോഗിച്ച് സൂരജ് കടിപ്പിച്ചിരുന്നെന്നും പോലീസ് കണ്ടെത്തിയിരുന്നു.
ഭാര്യയെ ഒഴിവാക്കി മുഴുവന്‍ സ്വത്തുക്കളും തട്ടിയെടുക്കാനുള്ള ഗൂഢപദ്ധതി പിഴവില്ലാതെ നടപ്പാക്കിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ പഴുതടച്ച ശാസ്ത്രീയ അന്വേഷണവും സാഹചര്യത്തെളിവുകളും സൂരജിനെ ഇരുമ്പഴിക്കുള്ളിലെത്തിച്ചു.
കേസില്‍ രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരന്‍ സുരേഷ് മാപ്പു സാക്ഷി ആയതും സൂരജിന് തിരിച്ചടിയായി.
കേസിന്റെ നാള്‍ വഴികള്‍
2018 മാര്‍ച്ച് 25 ഉത്രയുടേയും സൂരജിന്റേയും വിവാഹം
2020 മാര്‍ച്ച് 2 അടൂരിലെ വീട്ടില്‍ വച്ച് ഉത്രയ്‌ക്ക് ആദ്യം പാമ്പ് കടിയേല്‍ക്കുന്നു
മാര്‍ച്ച് രണ്ട് മുതല്‍ ഏപ്രില്‍ 22 വരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ ചികിത്സയില്‍
ഏപ്രില്‍ 22-ന് ഉത്രയുടെ അഞ്ചല്‍ ഏറത്തുള്ള വീട്ടിലേക്ക്
മെയ് 6 വൈകുന്നേരം സൂരജ് ഉത്രയുടെ വീട്ടിലേക്ക്, രാത്രിയില്‍ പാമ്പിന്റെ കടിയേല്‍ക്കുന്നു
മെയ് 7 ഉത്രയുടെ മരണം
മെയ് 7 അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
മെയ് 12 പൊലീസ് നടപടി ശക്തമാക്കണമെന്ന ഉത്രയുടെ വീട്ടുകാരുടെ ആവശ്യം
മെയ് 19 റൂറല്‍ എസ് പി ഹരിശങ്കറിന് വീട്ടുകാരുടെ പരാതി
മെയ് 25 സൂരജിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു, വൈകുന്നേരത്തോടെ അറസ്റ്റ്
ജൂലൈ 30 മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന
ഓഗസ്റ്റ് 14 അന്വേഷണ സംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു
ഒക്‌റ്റോബര്‍ 11- കേസിന്റെ വിധി പ്രസ്താവം
പ്രതികരിക്കാൻ ഇവിടെ എഴുതുക: