ചെന്നൈ:ഇന്ത്യയിലെ ഉല്‍പാദനം നിര്‍ത്താനുദ്ദേശിക്കുന്ന ഫോര്‍ഡ് ഇന്ത്യയുടെ തമിഴ്നാട്ടിലെയും ഗുജറാത്തിലെയും ഫാക്ടറികള്‍ ടാറ്റാ മോട്ടോഴ്‌സ് ഏറ്റെടുക്കുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നുവെന്നും ഔദ്യോഗിക പ്രഖ്യാപനം മാത്രമേ പുറത്തുവിടാനുള്ളൂവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ്‌നാട്ടില്‍ ചെന്നൈയിലെ മാരൈമലൈ നഗറിലാണ് ഫോര്‍ഡ് ഇന്ത്യയുടെ ഉല്‍പാദന യൂണിറ്റ്. ഇവിടുത്തെ ഉല്‍പാദനം നിര്‍ത്തിവെയ്‌ക്കാന്‍ ഫോര്‍ഡ് ഇന്ത്യ കഴിഞ്ഞ മാസം തീരുമാനമെടുത്തിരുന്നു. ഇതോടെയാണ് ഇത് ഏറ്റെടുക്കാന്‍ ടാറ്റാ മോട്ടോഴ്‌സ് തീരുമാനിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളില്‍ രണ്ട് റൗണ്ട് ഉന്നത തല ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.
ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍, വ്യവസായമന്ത്രി തങ്കം തെന്നരശു എന്നിവരുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗുജറാത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
നേരത്തെ ഫോര്‍ഡ് ഇന്ത്യയുടെ എംഡി അനുരാഗ് മെഹ്റോത്ര രാജിവെച്ചശേഷം ടാറ്റാ മോട്ടോഴ്സില്‍ ചേര്‍ന്നപ്പോള്‍ തന്നെ ഈ ഏറ്റെടുക്കല്‍ സംബന്ധിച്ച് അഭ്യൂഹം പരന്നിരുന്നു. ഇപ്പോള്‍ ടാറ്റയുടെ വാണിജ്യ വാഹന വിഭാഗത്തിന്റെ അന്താരാഷ്‌ട്ര ബിസിനസ് ആന്‍റ് സ്ട്രാറ്റജി വൈസ് പ്രസിഡന്‍റാണ് അനുരാഗ് മെഹ്റോത്ര.
ഗുജറാത്തിലെ സാനന്ദില്‍ ടാറ്റയ്‌ക്കും ഫോര്‍ഡ് ഇന്ത്യയ്‌ക്കും ഉല്‍പാദനയൂണിറ്റുകള്‍ ഉണ്ട്. രണ്ടും അടുത്തടുത്താണ്. നേരത്തെ ടാറ്റയുടെ യൂണിറ്റില്‍ ഫോര്‍ഡിന്റെ ഫിഗോ, ഫ്രീസ്റ്റൈല്‍, ആസ്പയര്‍ എന്നീ വാഹനങ്ങള്‍ നിര്‍മ്മിച്ചിരുന്നു. അതിനും ഏറെ മുന്‍പ് ടാറ്റയുടെ ഉല്‍പാദന യൂണിറ്റില്‍ ഫോര്‍ഡ് ഇക്കോസ്പോര്‍ട്, എന്‍ഡീവര്‍ എന്നീ എസ് യുവികളും നിര്‍മ്മിച്ചിരുന്നു. സാനന്ദിലെ ഫോര്‍ഡ് യൂണിറ്റില്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള എഞ്ചിനുകളാണ് നിര്‍മ്മിച്ചിരുന്നു.
ഫോര്‍ഡ് നേരത്തെ മഹീന്ദ്രയുമായി നിര്‍ദേശിച്ചിരുന്ന കൂട്ടുസംരംഭം വേണ്ടെന്ന് വെച്ചതോടെയാണ് ഫോര്‍ഡ് ഇന്ത്യ വിടാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ ഏകദേശം 200 കോടി നഷ്ടം സംഭവിച്ചിരുന്നു. ഫാക്ടറികള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ചെന്നൈ പ്ലാന്‍റില്‍ 4000 പേര്‍ക്ക് തൊഴില്‍ നഷ്ടമായി. എന്തായാലും ടാറ്റ മോട്ടോഴ്സ് ഏറ്റെടുക്കുന്നതോടെ തൊഴില്‍ പ്രശ്നങ്ങളുള്‍പ്പെടെ എല്ലാം തീരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: