തൃശ്ശൂര്‍: ജില്ല-ഏരിയ-ലോക്കല്‍ സെക്രട്ടറിമാരെ തെരഞ്ഞെടുക്കുമ്പോള്‍ സാമുദായിക പ്രാതിനിധ്യം കണക്കിലെടുക്കണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം. അടുത്ത രണ്ട് മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏരിയ-ജില്ല സമ്മേളനങ്ങള്‍ക്കുള്ള മാര്‍ഗരേഖയിലാണ് നിര്‍ദേശം.
ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ സെക്രട്ടറി ചുമതലകളില്‍ എത്തിക്കണം. മുസ്ലിം സ്വാധീന പ്രദേശങ്ങളില്‍ ആ സമുദായത്തില്‍ നിന്നുള്ളയാള്‍ തന്നെ സെക്രട്ടറിയാകുന്നതാണ് ഉചിതം. ലീഗിനോടും കോണ്‍ഗ്രസിനോടും അകന്ന് നില്ക്കുന്ന വലിയ വിഭാഗം മുസ്ലിം യുവാക്കളുണ്ട്. അവരെ പാര്ട്ടിയോടടുപ്പിക്കാന് ഇത് അനിവാര്യമാണെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. പുതിയ ജില്ലാ സെക്രട്ടറിമാരില്‍ കൂടുതല്‍ പേര് മുസ്ലിം സമുദായത്തില്‍ നിന്നുണ്ടാകുമെന്നാണ് സൂചന.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പാര്‍ട്ടിയോടുണ്ടായിരുന്ന അകലം ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. മുസ്ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കുന്നു. ബിജെപി വിരുദ്ധ, ഹിന്ദുത്വ വിരുദ്ധ അജണ്ടയില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നതുകൊണ്ടാണിത്. എന്നാല്‍ ഇതേ അളവില്‍ ക്രിസ്ത്യന്‍ സമുദായം പാര്‍ട്ടിയോടടുക്കുന്നില്ല. ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവര്‍ കൂടുതലായി പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് വന്നാല്‍ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം പാര്‍ട്ടി ഭാരവാഹിത്വത്തിന് സാമുദായിക പരിഗണനകള്‍ മാനദണ്ഡമാക്കുന്നതില്‍ കടുത്ത എതിര്‍പ്പുമുണ്ട്. പ്രവര്‍ത്തന പരിചയവും കഴിവുമുള്ളവരെ തഴഞ്ഞ് സമുദായം നോക്കി സെക്രട്ടറിയെ തെരഞ്ഞെടുത്താല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് ഇവരുടെ വാദം. മാത്രമല്ല പാര്‍ട്ടിയെ മത തീവ്രവാദ ശക്തികള്‍ ഹൈജാക്ക് ചെയ്യുമെന്നും ഭയക്കണം. ഇപ്പോള്‍ത്തന്നെ തീവ്ര ഇസ്ലാമിക രാഷ്ട്രീയവുമായി പാര്‍ട്ടി ചങ്ങാത്തത്തിലാണ്. ഇത് പരമ്പരാഗതമായി പാര്‍ട്ടിക്കൊപ്പം നില്ക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ പുനര്‍ചിന്തനത്തിന് ഇടയാക്കിയിട്ടുണ്ട്. സിപിഎമ്മില്‍ നിന്ന് നടപടി നേരിട്ട് പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന നേതാവ് അഭിപ്രായപ്പെടുന്നു.
തെരഞ്ഞെടുപ്പ് വേളകളില്‍ സമുദായം നോക്കിയാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത.് അത് എല്ലാവര്ക്കും ബോധ്യമുള്ള കാര്യമാണ്. ജയിക്കാനുള്ള അടവ് നയം എന്നപേരിലാണ് നേതൃത്വം അണികള്‍ക്കിടയില്‍ ഇത് വിശദീകരിക്കാറ്. എന്നാല്‍ സംഘടനാ തലത്തില്‍ ഇത്തരം പരിഗണനകള്‍ വരുന്നത് അങ്ങേയറ്റം അപകടകരമാണ്, അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: