കണ്ണൂര്‍: പരോള്‍ കഴിഞ്ഞ് തിരികെ പ്രവേശിപ്പിച്ച 17 പേര്‍ക്ക് കോവിഡ് രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ചീമേനി തുറന്ന ജയിലില്‍ ആശങ്ക. രോഗമുള്ളവരേയും ഇല്ലാത്തവരേയും പാര്‍പ്പിച്ചിരിക്കുന്നത് അടുത്തടുത്ത ബാരക്കുകളില്‍. ചീമേനിയിലെ ജയിലില്‍ തിരികെ പ്രവേശിച്ച 120 പേരില്‍ 52 പേരെയാണ് കഴിഞ്ഞ ദിവസം കോവിഡ് ടെസ്റ്റിന് വിധേയരാക്കിയത്. ഇവരില്‍ 17 പേര്‍ക്കാണ് കോവിഡ് രോഗബാധ കണ്ടെത്തിയത്.
രോഗബാധ കണ്ടെത്തിയവരില്‍ 70 വയസ്സ് കഴിഞ്ഞ ചീരനെന്ന വ്വദ്ധനായ തടവുകാരും ഉള്‍പ്പെടും. കൂടാതെ ഇവരെ ടെസ്റ്റിന് വിധേയരാക്കിയ ജയിലിലെ മെയില്‍ നേഴ്സിനും ഫാര്‍മസിസ്റ്റിനും രോഗബാധ സ്ഥിരീകരിച്ചു. ഇതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മാത്രമല്ല പരിശോധന നടത്താത്തവരും’ നടത്തിയവരില്‍ നിലവില്‍ രോഗ ബാധ കണ്ടെത്താത്തവരും ഈ 17 പേരോടൊപ്പമാണ് കഴിഞ്ഞ ദിവസം വരെ കഴിഞ്ഞിരുന്നത്. അവരെ ടെസ്റ്റ് ചെയ്തിട്ടില്ല. പോസിറ്റീവായ 17 പേരില്‍ ആരെയും ആശുപത്രിയില്‍ കൊണ്ടുപോയിട്ടുമില്ല.
17 പേരെ മറ്റ് തടവുകാര്‍ താമസിക്കുന്ന ബാരക്കിനോട് ചേര്‍ന്നുള്ള ബാരക്കിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നത് രോഗ വ്യാപന ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. മാറ്റി പാര്‍പ്പിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.
2020 നവംബര്‍ മാസത്തില്‍ തലശ്ശേരി സബ്ബ് ജയിലില്‍ 37 പേരില്‍ 34 പേര്‍ക്ക് ഒരേ സമയം കോവിഡ് രോഗബാധ കണ്ടെത്തിയ സംഭവം ഉണ്ടായിരുന്നു. പരോള്‍ കഴിഞ്ഞ് തിരികെ എത്തിയവരിലായിരുന്നു അന്ന് രോഗബാധ കണ്ടെത്തിയത്. ജയലിനകത്ത് ആവശ്യമായ ക്വാറന്റൈന് സൗകര്യം ഇല്ലാത്തതും ആവശ്യമായ സൗകര്യം ഒരുക്കാന്‍ തയ്യാറാവാത്തതുമാണ് ജയിലിനകത്ത് കോവിഡ് വ്യാപനത്തിന് കാരണമാകുന്നത്.
ജയിലുകള്‍ക്ക് അകത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കെ പരോള്‍ അവസാനിക്കാറായവരും സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം തിരികെ പ്രവേശിക്കേണ്ട ജയില്‍ ശിക്ഷ അനുഭവിക്കുന്നവരും ഏറേ ആശങ്കയിലാണ്. പരോള്‍ കഴിഞ്ഞ് കേരളത്തിലെ വിവിധ ജയിലുകളിലേക്കായി 1800ല്‍ അധികം തടവുകാര്‍ക്കാണ് തിരികെ പ്രവേശിക്കേണ്ടതുള്ളത്. ഇത്തരത്തില്‍ ജയിലുകളിലും കോവിഡ് സ്ഥിരീകരിക്കുന്നത് സംസ്ഥാനത്തെ ആശങ്കയിലാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: