ന്യൂദല്‍ഹി: പ്രതിപക്ഷത്തിന് ഗാന്ധിതത്വങ്ങള്‍ അറിയില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വീണ്ടും. കോണ്‍ഗ്രസില്‍ ദേശീയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് ദല്‍ഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടാക്രമിച്ച ശേഷം വീണ്ടും ശനിയാഴ്ച കപില്‍ സിബല്‍ മൗനം വെടിഞ്ഞ് വിമര്‍ശനം തുടര്‍ന്നു. ഗാന്ധി ജയന്തി ദിനത്തില്‍ സബര്‍മതി ആശ്രമത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.
‘പ്രതിപക്ഷത്തിന് നുണകളുടെ കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ മാത്രമേ അറിയൂ. പ്രതിപക്ഷം ഗാന്ധിയെക്കുറിച്ച് സംസാരിക്കും. പക്ഷെ അവര്‍ക്ക് അദ്ദേഹത്തിന്റെ തത്വങ്ങള്‍ അറിയില്ല,’- തന്റെ വീടാക്രമിച്ച കോണ്‍ഗ്രസുകാരെ കൂടി ലാക്കാക്കിയായിരുന്നു ഗാന്ധി ജയന്തി ദിനത്തില്‍ കപില്‍ സിബലിന്റെ പ്രതികരണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദല്‍ഹിയിലെ കപില്‍ സിബലിന്റെ വീടാക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ കുറച്ചുനാളുകളായി കോണ്‍ഗ്രസ് പ്രവര്ത്തകസമതിയിലേക്ക് അധ്യക്ഷനുള്‍പ്പെടെയുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്ന് സോണിയാഗാന്ധിയോട് കപില്‍ സിബലുള്പ്പെടെയുള്ള 23 പഴയ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യമുയര്‍ത്തുകയാണ്. ഇവരെ ജി-23 എന്ന ലേബലിട്ട് വിമത നേതാക്കളായാണ് സോണിയ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കണക്കാക്കുന്നത്.
കപില്‍ സിബലിന്റെ ദല്‍ഹിയിലെ വീടിന് നേരെ നടന്ന ആക്രമണത്തെ ശശിതരൂര്‍, മനീഷ് തിവാരി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ എന്നിവര്‍ അപലപിച്ചിരുന്നു. ഇവരെല്ലാം ജി-23ല്‍ ഉള്‍പ്പെട്ട നേതാക്കളാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ പേര് നാമനിര്‍ദേശം ചെയ്യാതെ കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് തുറന്ന തെരഞ്ഞെടുപ്പ് വേണമെന്നും ഇവര്‍ ആവശ്യമുയര്‍ത്തിയിരിക്കുകയാണ്.
സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ശൈലികളെ കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. നട് വര് സിങ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാതെ, സ്വന്തം ഇഷ്ടത്തിനനുസരിച്ച് കോണ്‍ഗ്രസില്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്ന രാഹുല്‍ ഗാന്ധിയുടെ രീതി ശരിയല്ലെന്നും മോദിയെ വെല്ലുവിളിക്കാന്‍ രാഹുല്‍ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസില്‍ ഒരു നേതാവും ഇല്ലെന്നും നട് വര് സിങ് വിമര്‍ശിച്ചിരുന്നു. ജിഗ്നേഷ് മേവാനിയും കനയ്യകുമാറും പോലെയുള്ള കോണ്‍ഗ്രസ് പാരമ്പര്യമില്ലാത്ത നേതാക്കളെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നതിനെയും ഈ നേതാക്കള്‍ വിമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: