തിരുവനന്തപുരം: ഭരണ തലത്തില്‍ കര്‍ക്കശക്കാരനായിരുന്നു സി.പി.നായര്‍. എഴുത്തിലാകട്ടെ നിറയെ നര്‍മ്മവും. 36 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ നേരിടേണ്ടിവന്ന സമ്മര്‍ദങ്ങളെയെല്ലാം ഹാസ്യ രചനയിലൂടെ മറികടക്കുകയായിരുന്നു സി.പി.നായര്‍.
1940 ഏപ്രിലില്‍ മാവേലിക്കര കമലാലയം തറവാട്ടില്‍ ജനനം. സാഹിത്യകാരനും നാടകകൃത്തുമായിരുന്ന എന്‍.പി. ചെല്ലപ്പന്‍ നായരുടെയും കമലമ്മയുടേയും ഏക മകനാണ്. മാവേലിക്കരയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. എംഎ ഇംഗ്ലീഷ് ഒന്നാം റാങ്കോടെ വിജയിച്ച അദ്ദേഹം മൂന്നുവര്‍ഷം കോഴഞ്ചേരി സെന്റ്‌തോമസ്, തലശ്ശേരി ബ്രണ്ണന്‍, തിരുവനന്തപുരം ഗവ.ആര്‍ട്‌സ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി. അതിനിടയിലാണ് സിവില്‍ സര്‍വ്വീസ് നേടുന്നത്. അമ്മയുടെ അച്ഛനും പ്രമുഖ അഭിഭാഷകനും സാഹിത്യകാരനും ശ്രീമൂലം പ്രജാ സഭയില്‍ അംഗവുമായിരുന്ന എന്‍.ജി. പരമേശ്വരന്‍പിള്ളയുടെയും ശിക്ഷണമായിരുന്നു സാഹിത്യരംഗത്തേക്കുള്ള വാതില്‍ തുറന്നത്.
1954 ല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ (അന്നത്തെ സിക്‌സ്ത് ഫോറം) സംസ്ഥാനത്ത് രണ്ടാം റാങ്ക് നേടിയായിരുന്നു മാവേലിക്കര ബിഷപ്‌സ് ഹോഡ്ജസ് ഹൈസ്‌ക്കൂളില്‍ നിന്നും സി.പി. നായര്‍ പുറത്തിറങ്ങിയത്. തിരുവനന്തപുരം ആര്‍ട്‌സ് കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു.
മകനെ എന്‍ജിനീയറിങ്ങിന് ചേര്‍ക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. സിപിക്കാകട്ടെ ഇംഗ്ലീഷ് സാഹിത്യത്തില്‍ അധ്യാപകനാകാനും. എന്‍ജിനീയറിങ്ങിന് പ്രവേശനം ലഭിച്ചെങ്കിലും എംഎയ്‌ക്ക് തുല്യമായി മൂന്നുവര്‍ഷം കൊണ്ട് പാസാകാവുന്ന ബിഎ ഓണേഴ്‌സിന് കേരള യൂണിവേഴ്‌സിറ്റിയില്‍ അച്ഛനറിയാതെ ചേര്‍ന്നു. ഒന്നാം റാങ്കോടെ പാസായതോടെ അച്ഛന്റെ ദേഷ്യമെല്ലാം മാറി. 1962 ല്‍ ഐഎഎസ് ലഭിച്ചപ്പോഴും കേരളത്തില്‍ ഒന്നാമനായിരുന്നു. മലയാളം മീഡിയത്തില്‍ പഠിച്ചതുകൊണ്ട് തനിക്കൊരു നഷ്ടവുമുണ്ടായില്ലെന്ന് നിരവധി തവണ പറഞ്ഞിരുന്നു.
1968 ല്‍ അമ്മാവന്റെ മകളായ സരസ്വതിയെ വിവാഹം കഴിച്ചു. മുപ്പത്താറു വര്‍ഷം വിവിധ മേഖകലകളില്‍ സേവനം അനുഷ്ഠിച്ചു. വിരമിച്ച ശേഷവും ഭരണതലത്തിലെ പ്രാഗത്ഭ്യം കൊണ്ട് കൂടുതല്‍ ചുമതലകള്‍ അദ്ദേഹത്തെ തേടിയെത്തി. 2002 ല്‍ തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ ആയരിക്കെ മലയാലപ്പുഴ ക്ഷേത്രത്തിലെ ശതകോടി അര്‍ച്ചനയിലെ അഴിമതി പുറത്ത് കൊണ്ട് വന്നത് സി.പി. നായരായിരുന്നു. കോണ്‍ഗ്രസ്സും ചില ദേവസ്വം ഉദ്യോഗസ്ഥരും ചേര്‍ന്ന് എട്ടരക്കോടിയോളം രൂപ ബജറ്റില്‍ ശതകോടി അര്‍ച്ചന നടത്താന്‍ പദ്ധതി തയ്യാറാക്കി. അഴിമതി മുന്നില്‍കണ്ട് സി.പി നായര്‍ അനുമതി നിഷേധിച്ചു. ക്ഷേത്രത്തില്‍ എത്തിയ സിപിയെ കോണ്‍ഗ്രസ്സുകാര്‍ പൂട്ടിയിട്ടു. അനുമതി ഒപ്പിട്ടുനല്‍കാന്‍ ഭീഷണിപ്പെടുത്തി. പോലീസ് സ്ഥലത്തെത്തിയതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങി. 28 പോലീസുകാര്‍ക്കും മറ്റ് എഴുപത്തഞ്ചോളം പേര്‍ക്കും പരിക്കേറ്റു. കളക്ടര്‍ പോലീസിനെ പിന്‍വലിച്ചതിന് ശേഷമാണ് പ്രദേശം ശാന്തമായത്. കേസ് പിന്‍വലിക്കാന്‍ സി.പി നായര്‍ക്ക് പലയിടത്തുനിന്നും സമ്മര്‍ദമുണ്ടായി.
സംഘപരിവാര്‍ സംഘടനകളുടെ സഹയാത്രികന്‍
ക്ഷേത്രങ്ങളിലെ ഉത്സവവും നാടന്‍കളികളുമായി മാവേലിക്കരയിലെ സി.പി.നായരുടെ ബാല്യം ചൈതന്യമുള്ളതായിരുന്നു. ആ ചൈതന്യമാണ് സി.പി.നായരെ ക്ഷേത്രസംരക്ഷണ സമിതിയിലേക്ക് ആകര്‍ഷിച്ചത്. ക്ഷേത്ര സംരക്ഷണ സമിതിയുടൈ നേതൃത്വത്തിലുള്ള വഴയില ക്ഷേത്രത്തിന്റെ രക്ഷാധികാരിയായിരുന്നു. സേവാഭാരതിയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അംഗപരിമതരുടെ സംഘടനായായ സക്ഷമയുടെ രക്ഷാധികാരിയുമായി സിപി. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. ശബരിമല ആചാര സംരക്ഷണ യജ്ഞത്തില്‍ ഭക്തര്‍ക്കൊപ്പം നിലപാടെടുത്തു സ്ത്രീ പ്രവേശനത്തെ നഖശിഖാന്തം എതിര്‍ത്തു സി.പി. നായര്‍.
കണ്ണുകള്‍ ദാനം ചെയ്തു
സി.പി.നായരുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു. മരണശേഷം കണ്ണുകള്‍ ദാനം ചെയ്യണമെന്നും മരണാനന്തര ചടങ്ങുകള്‍ നടത്തരുതെന്നും ഏറെ കാലത്തിന് മുമ്പ് തന്നെ അദ്ദേഹം എഴുതിവച്ചിരുന്നു. അതിനാല്‍ സഞ്ചയനം ഉള്‍പ്പടെയുളള മരണാനന്തര ചടങ്ങുകള്‍ ഉണ്ടാകില്ലെന്ന് സി.പി.നായരുടെ മകന്‍ ഹരിശങ്കര്‍ അറിയിച്ചു.
ഭരണ രംഗത്തും ഭാരതീയ മൂല്യങ്ങളെ പ്രതിഷ്ഠിച്ച വ്യക്തി
ഭാരതീയ മൂല്യങ്ങളും ലാളിത്യവും സുതാര്യതയും ഭരണ തലത്തിലും സന്നിവേശിപ്പിക്കാന്‍ ശ്രമിച്ച വ്യക്തിയായിരുന്നു അന്തരിച്ച സി.പി.നായരെന്ന് കേന്ദ്രവിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗം എ. വിനോദ് അനുസ്മരിച്ചു. വിദ്യാര്‍ത്ഥികളിലും യുവാക്കളിലും അദ്ദേഹത്തിന് വലിയ പ്രതീക്ഷയായിരുന്നു. സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അനുശോചന സന്ദേശത്തില്‍ വിനോദ് പറഞ്ഞു.
















