കണ്ണൂര്‍: ജില്ലയിലെ മലയോര മേഖലയില്‍ വന്യമൃഗങ്ങളുടെ തുടര്‍ച്ചയായ ആക്രമണത്തില്‍ ജനജീവിതം ദുസ്സഹമാകുമ്പോഴും സംസ്ഥാന സര്‍ക്കാരിന് നിസ്സംഗത. ജനവാസകേന്ദ്രങ്ങളെ വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ മുടക്കുമ്പോഴും തുക ചെലവഴിക്കാതെ കേരളം അനാസ്ഥ കാട്ടുന്നു. 2014 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കേന്ദ്രം ഈ ആവശ്യവുമായി ബന്ധപ്പെട്ട് കേരളത്തിന് അനുവദിച്ചത് 74.84 കോടി രൂപയാണ്. കേരളം ചെലവഴിച്ചത് 40.05 കോടി രൂപ.
കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ നാശമുണ്ടാകുമ്പോള്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കാറുണ്ടെങ്കിലും കേവലം വാഗ്ദാനങ്ങള്‍ക്കപ്പുറം ഒന്നും നടപ്പാക്കാറില്ല. പ്രതിരോധ പ്രവര്‍ത്തനത്തിന് കോടിക്കണക്കിന് രൂപ അനുവദിച്ചാലും അതില്‍ വലിയ പങ്കും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കാതെ ലാപ്സാക്കുന്നു. കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിരുന്നെങ്കിലും സ്ഥിരമായ സര്‍ക്കാര്‍ ജോലി നാളിതുവരെ ലഭിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഒരു സ്ത്രീയടക്കം 10 പേരാണ് മരിച്ചത്. ഒരാള്‍ കാട്ടുപന്നിയുടെ ആക്രമണത്തിലും ബാക്കി കാട്ടാനയുടെ ആക്രമണത്തിലും. പരിക്കേറ്റ് ജീവച്ഛവമായി കഴിയുന്നവരുടെ എണ്ണം ഇതിലും കൂടുതലാണ്.
വനാതിര്‍ത്തിയോട് ചേര്‍ന്ന ജനവാസ മേഖലയില്‍ നിരവധി തവണ സംരക്ഷണ വേലി കെട്ടിത്തിരിക്കുന്ന പ്രവൃത്തിയാരംഭിച്ചിരുന്നുവെങ്കിലും ഒന്നും പൂര്‍ത്തിയായില്ല. നേരത്തെ പാട്ട കൊട്ടി ശബ്ദമുണ്ടാക്കിയാലോ പടക്കം പൊട്ടിച്ചാലോ തീ കത്തിച്ചാലോ കാട്ടാനകള്‍ തിരികെ പോകാറുണ്ടെങ്കിലും ഇപ്പോള്‍ കാട്ടാനക്കൂട്ടം ദിവസങ്ങളോളം ജനവാസ കേന്ദ്രങ്ങളില്‍ സ്വൈരവിഹാരം നടത്തുകയാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പെരിങ്കരിയിലെ ചെങ്ങഴശ്ശേരിയില്‍ ജസ്റ്റിന് മരിച്ചത്. ദുരന്ത സമയത്ത് സാധാരണ ചെയ്യുന്നത്പോലെ അധികൃതര്‍ പ്രദേശം സന്ദര്‍ശിച്ച് സഹായം ഉറപ്പ് നല്‍കിയെങ്കിലും ഇത് പ്രഹസനമാണെന്ന് നാട്ടുകാര്‍ പറയുന്നു. കേവലം വാഗ്ദാനങ്ങള്‍ക്കപ്പുറം ജീവിക്കാനാവശ്യമായ സംരക്ഷണം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: