ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്നുള്ള അവഗണനയാല്‍ മുറിവേറ്റ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ദല്‍ഹിയിലേക്ക്. അദ്ദേഹം കേന്ദ്രമന്ത്രി അമിത്ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വാര്‍ത്തകളുണ്ട്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാറുമയാും അദ്ദേഹം ചര്‍ച്ച നടത്തും.
അതേ സമയം അമരീന്ദര്‍ സിംഗ് സ്വകാര്യആവശ്യവുമായി ബന്ധപ്പെട്ടാണ് ദല്‍ഹിയിലേക്ക് പോകുന്നതെന്ന് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ് തുക്രാള്‍ പറഞ്ഞു. പുതിയ മുഖ്യമന്ത്രിക്ക് വേണ്ടി ദല്‍ഹിയിലെ കപൂര്‍ത്തല ഹൗസ് ഒഴിഞ്ഞുകൊടുക്കേണ്ടതുണ്ടെന്നും പറയുന്നു.
കഴിഞ്ഞ ദിവസം പുതുതായി സ്ഥാനമേറ്റ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ പുനസംഘടന നടത്തിയതിലും അമരീന്ദര്‍സിംഗിന് അതൃപ്തിയുണ്ട്. മണല്ഖനനലേലവുമായി ബന്ധപ്പെട്ട അഴിമതിയില്‍ പങ്കാളിയായതിന് അമരീന്ദര്‍ സിംഗ് ഒഴിവാക്കിയ കപൂര്‍ത്തല എംഎല്‍എ ഗുര്‍ജിത് സിംഗ് റാണയെ വീണ്ടും മന്ത്രിയാക്കിയതില്‍ അമരീന്ദര്‍ സിംഗിന് എതിര്‍പ്പുണ്ട്. ഗുര്‍ജിത് സിംഗ് റാണയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായ സിദ്ദുവിന് കത്തെഴുതിയിരുന്നെങ്കിലും അത് മുഖവിലയ്ക്കെടുത്തിട്ടില്ല.
ആറ് പുതുമുഖങ്ങളെ ചേര്‍ത്തപ്പോള്‍ എട്ട് പേര് പഴയ അമരീന്ദര്‍ സിംഗ് മന്ത്രിസഭയിലെ അംഗങ്ങളാണ് അതേ സമയം അമരീന്ദര്‍ മന്ത്രിസഭയിലുണ്ടായ നല്ല ഏതാനും മന്ത്രിമാരെ ഒഴിവാക്കിയതിലും ശക്തമായ എതിര്‍പ്പുണ്ട്. എന്തിനാണ് തങ്ങളെ ഒഴിവാക്കിയതെന്ന് പുറത്താക്കപ്പെട്ട മന്ത്രിമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനോട് കാരണം തേടിയിട്ടുണ്ട്. തങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് അമരീന്ദര്‍ സിംഗിന്റെ പ്രിയമന്ത്രിമാരായ ബല്‍ബിര്‍ സിംഗ് സിധുവും ഗുര്‍പ്രീത് സിംഗ് കംഗാളും പത്രസമ്മേളനം നടത്തിയിരുന്നു. തന്റെ കുറ്റമെന്തെന്ന് ചോദിച്ച് വാര്‍ത്താസമ്മേളനത്തിനിടയില്‍ ബല്‍ബീര്‍ സിധു പൊട്ടിക്കരഞ്ഞതും വാര്‍ത്തയായി. എന്തായാലും ഈ മന്ത്രിസഭാ വികസനത്തോട് അമരീന്ദറിന് കടുത്ത എതിര്‍പ്പുണ്ടെങ്കിലും അദ്ദേഹം അത് പുറത്ത് പ്രകടിപ്പിച്ചിട്ടില്ല.
പുതിയ മന്ത്രിമാര്‍ പഞ്ചാബിനെ കൊള്ളയടിക്കാനും പണമുണ്ടാക്കാനും എത്തിയവരാണെന്നാണ് പ്രതിപക്ഷപാര്‍ട്ടിയായ ശിരോമണി അകാലിദള്‍ ആരോപിക്കുന്നത്. എന്തായാലും അമരീന്ദര്‍സിംഗിന്റെ ദല്‍ഹി സന്ദര്‍ശനം ബിജെപിയിലേക്കുള്ള പ്രവേശമായി മാറുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയവൃത്തങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: