ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിടുകയാണെന്ന് പ്രഖ്യാപിച്ച് കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍. ഗോവയിലെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലൂസിഞ്ഞോ ഫലെറോ 40 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വിടുന്നതിന് മുന്നോടിയായി ഇന്നലെ എംഎല്‍എ സ്ഥാനം രാജിവച്ച ലൂസിഞ്ഞോ ഫലെറോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജിയും സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ഇത് വന്‍ തിരിച്ചടിയാകും. മുഖര്‍ജി കുടുംബത്തില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഉപേക്ഷിക്കുന്ന അവസാന നേതാവായി ശര്‍മിഷ്ഠ മുഖര്‍ജി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗമായി തുടരുമെന്ന് പറയുന്നുണ്ടെങ്കിലും സജീവരാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും തന്നില്‍ ഒരു രാഷ്ട്രീയക്കാരന് ഇല്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ജൂലൈയില്‍, പ്രണബ് മുഖര്‍ജിയുടെ മകനും മുന്‍ എംപിയുമായ അഭിജിത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ആഗസ്തില്‍ മുന്‍ പശ്ചിമ ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും പ്രണബ് മുഖര്‍ജിയുടെ ഭാര്യാ സഹോദരിയുമായ സുവ്ര ഘോഷും ടിഎംസിയില്‍ ചേര്‍ന്നിരുന്നു.
2014ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശര്‍മിഷ്ഠ 2015 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയെങ്കിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി സൗരഭ് ഭരദ്വാജിനോട് പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: