കശ്മീര്‍: 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കശ്മീരില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം. ധാല്‍ തടാകത്തിന് മുകളിലുള്ള യുദ്ധവിമാനങ്ങളുടെ ഈ അഭ്യാസപ്രകടനത്തില്‍ കശ്മീര്‍ യുവാക്കള്‍ ആവേശത്തോടെ പങ്കെടുത്തപ്പോള്‍ അത് മാറ്റത്തിന്റെ നേര്‍സാക്ഷ്യമായി.
നീലാകാശത്ത് ഇരമ്പിപ്പായും സുഖോയ്, മിഗ് 21 യുദ്ധവിമാനങ്ങളെയും വര്‍ണ്ണം വാരിവിതറി സൂര്യകിരണ്‍ വിമാനങ്ങളുടെ ഗതിവിഗതികളെയും ആവേശത്തോടെയാണ് കശ്മീരിലെ യുവാക്കള്‍ എതിരേറ്റത്. ശ്രീനഗറിലെ ധാല്‍ തടാകത്തിന് മുകളിലായിരുന്നു ഈ അഭ്യാസപ്രകടനങ്ങള്‍. കശ്മീരിനുള്ള പ്രത്യേക പദവി പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് ശേഷം ഔപചാരികതകളില്ലാതെ സ്വതന്ത്രമായി നടന്ന പരിപാടിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.
നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കുക എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട ഈ പരിപാടി കശ്മീരിലെ യുവാക്കളെ പ്രചോദിപ്പിക്കാനും അവരെ രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളാക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു. നിരവധി സ്കൂള്‍, കോളെജ് വിദ്യാര്‍ത്ഥികളും പ്രദേശത്തെ യുവാക്കളും പരിപാടി നിറഞ്ഞാസ്വദിച്ചു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും എന്‍സിസി കേഡറ്റുകളും പ്രത്യേകം സജ്ജീകരിച്ച് ഇരിപ്പിടങ്ങളില്‍ ആകാശക്കാഴ്ചകള്‍ ആസ്വദിച്ചു. പലരും മൊബൈല്‍ ഫോണുകളില്‍ അപൂര്‍വ്വ വിമാനദൃശ്യങ്ങള്‍ പകര്‍ത്തി.
പ്രാദേശിക സ്കൂളില്‍ നിന്നുള്ള 5,000 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10,000 പേര് പരിപാടിയില്‍ പങ്കെടുത്തതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
പരിപാടി ജനങ്ങളെ അതിശയിപ്പിക്കുക മാത്രമല്ല, കശ്മീരിന് പ്രതീകാത്മകമായ മാറ്റം കൂടിയായി. വിമാനങ്ങള്‍ ആകാശത്ത് നടത്തിയ അതിശയിപ്പിക്കുന്ന പറക്കലുകള്‍ കണ്ട് നൂറുകണക്കിന് യുവാക്കള്‍ ആര്പ്പുവിളിയ്ക്കുകയും കൈയടിക്കുകയും ചെയ്തത് പുതിയൊരുനുഭവമായി. ധാല്‍ തടാകത്തിന്റെ ജലനിരപ്പില്‍ തൊട്ടുകൊണ്ട് ചീനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററുകള്‍ പറന്നതും മറക്കാനാവാത്ത കാഴ്ചയായി. ആകാശ് ഗംഗ പാരട്രൂപ്പുകാരുടെ പ്രകടനവും അതിശയിപ്പിക്കുന്നതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: