പരവൂര്‍: നഗരസഭാ മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്സില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്‍പ്പനശാല തുറക്കുന്നതില്‍ എതിര്‍പ്പുമായി ജനങ്ങളും കച്ചവടക്കാരും. പ്രൈവറ്റ് ബസ് സ്റ്റാന്റിന് മുന്നിലെ മദ്യവില്‍പ്പനശാല പരവൂര്‍ കമ്പോളത്തിലുള്ള നഗരസഭാ മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്സിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചെയര്‍പേഴ്സന്റെ അധ്യക്ഷതയില്‍ ഉപാധ്യക്ഷന്‍, സ്ഥിരംസമിതി അധ്യക്ഷന്മാര്, കൗണ്‍സിലര്‍മാര്‍, സെക്രട്ടറിയടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ മദ്യവില്‍പ്പനശാല തുറക്കുന്നതില്‍ യുഡിഎഫ്, എല്‍ഡിഎഫ് പ്രതിനിധികള്‍ എതിര്‍പ്പുയര്‍ത്താതെ അനുകൂലിക്കുകയായിരുന്നു. ബിജെപി കൗണ്‍സിലര്‍മാര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. ലേലത്തില്‍ പോകാത്ത കടമുറികള്‍ കണ്‍സ്യൂമര്‍ഫെഡിനു നല്‍കുന്നത് വരുമാനം വര്‍ധിപ്പിക്കുമെന്നായിരുന്നു എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങളുടെ വാദം.
നാലു കടമുറികളാണ് മദ്യവില്പ്പനശാലയ്ക്കായി കണ്‍സ്യൂമര്‍ഫെഡ് ആവശ്യപ്പെട്ടിട്ടുള്ളത്. പരവൂര്‍ കമ്പോളത്തില്‍ മദ്യവില്‍പ്പനകേന്ദ്രം തുറക്കുന്നത് ഏറെ ബാധിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു. സമാധാന അന്തരീക്ഷം തകര്‍ത്ത് മദ്യപാനികളുടെ വിഹാരകേന്ദ്രമായി ചന്ത മാറുമെന്ന് കച്ചവടക്കാര്‍ ചൂണ്ടികാട്ടുന്നു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് ഇത്തരത്തില്‍ നീക്കം നടത്തിയപ്പോള്‍ എതിര്‍ത്ത യുഡിഎഫ് ഇപ്പോള്‍ നടക്കുന്ന കൂട്ടുകക്ഷി ഭരണത്തില്‍ എല്‍ഡിഎഫിന്റെ അജണ്ടയ്ക്ക് കൂട്ട് നില്‍ക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: