ഒരു മാതിരി നേതാക്കളാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിറയെ. കല്ലുവെച്ച കള്ളം ആരോടും എവിടെയും ഉളുപ്പില്ലാതെ വിളിച്ചുപറയുന്നതില്‍ മിടുക്കര്‍. ബ്രാഞ്ചും ലോക്കലും ഏരിയയും മുതല്‍ മുഖ്യമന്ത്രിക്കസേരയില്‍ അമര്ന്നിരിക്കാന് അവസരം കിട്ടുന്നവര്‍ വരെ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. അഡോള്‍ഫ് ഹിറ്റ്ലറിന്റെ നുണപ്രചാരകന്‍ ജോസഫ് ഗീബത്സും തോറ്റമ്പിപ്പോകും പിണറായിപ്പടയുടെ ഈ മാരകപ്രയോഗത്തില്. അല്ലെങ്കില്‍ എന്ത് മാത്രം ചങ്കൂറ്റമുണ്ടാകണം നിയമസഭയില്‍ നടത്തിയ കയ്യാങ്കളികള്‍ വ്യാജദൃശ്യങ്ങളാണെന്ന് കോടതിയുടെ മുമ്പില്പോയി വിളമ്പാന്‍.
ലോകത്തിന്റെ കണ്മുന്നില്, പത്തിരുപത് ചാനല്‍ ക്യാമറകള്‍ക്കുമുന്നില്‍ നടന്ന അടിയും പിടിയും കടിയുമൊക്കെ ചുമ്മാതാണെന്ന് പറയുകയാണ് ശിവന്കുട്ടിയപ്പൂപ്പനും കൂട്ടുകാരും. പള്ളിക്കൂടം തുറക്കുന്നതിന് മുന്നോടിയായി പള്ളിക്കൂടക്കുട്ടികളുടെ ആശങ്ക അകറ്റാന്‍ ഒരുമ്പെട്ടിറങ്ങിയ ശിവന്‍കുട്ടി മന്ത്രിയെ താരമാക്കാന്‍ പാര്‍ട്ടി പത്രം കൊടുത്ത വിശേഷണമാണ് ഈ അപ്പൂപ്പന് വിളി. 2015ല്‍ ‘കോഴമാണി’യുടെ ബജറ്റ് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് അപ്പൂപ്പന് നിയമസഭയില്‍ നടത്തിയ സര്‍ക്കസുകളാണ് മായയാണെന്ന് മന്ത്രിയും കൂട്ടുപ്രതികളും വാദിക്കുന്നത്. മാണിമകന്‍ ജോസ് മാണി സിപിഎം കൂടാരത്തിലെത്തിയതില്‍ പിന്നെയാണ് കോഴ മാണി വിശുദ്ധ മാണിയായത്. തരം പോലെയാണ് പണ്ടേ സിപിഎമ്മിന് കാര്യങ്ങള്‍.
സ്പീക്കറുടെ ഡയസില്‍ ചാടിക്കയറിയത്, കസേര മറിച്ചിട്ടത്, കമ്പ്യൂട്ടറുകള്‍ മറിച്ചിട്ടത്, ശിവന്‍കുട്ടിയപ്പൂപ്പന്‍ മുണ്ടും മാടിക്കുത്തി ഡസ്കിനുമുകളിലൂടെ നടന്നത്, പിന്നെ നിലവിളി ശബ്ദമിടോ എന്ന് വിളിച്ചുകൂവി മലര്ന്നടിച്ചുകിടന്നത്…. എത്ര ദിവസം എത്ര തവണ ചാനലുകളില്‍ വന്നുപോയ ദൃശ്യങ്ങളാണ് വ്യാജമാണെന്ന് പറഞ്ഞുതള്ളുന്നത്. ഇപ്പോള്‍പ്പറയുന്നത് പോലീസും വാച്ച് ആന്‍ഡ് വാര്‍ഡുമാണ് കുഴപ്പക്കാരെന്നാണ്. അവരെ പ്രതിരോധിക്കുകയാണ് പോലും ശിവന്‍കുട്ടിയും കൂട്ടരും ചെയ്തത്. പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് സര്‍ക്കാരിന്റെ അഭിഭാഷകന് പറഞ്ഞുവത്രെ. പ്രഥമദൃഷ്ട്യാ മാത്രമല്ല, എല്ലാ ദൃഷ്ടിയിലും അവര്‍ കുറ്റക്കാരാണ്. സ്വര്‍ണക്കടത്തുകാരിയെ രക്ഷിക്കാന്‍ സെക്രട്ടറിയേറ്റിന് തീയിടാന്‍ പോയതുപോലെ എല്ലായിടത്തും ഇമ്മാതിരി തരികിടകള്‍ പ്രയോഗിക്കുകയാണ് ഇവര്‍. പാര്‍ട്ടിയുടെ ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ ഭാഷയില്‍ പറഞ്ഞാല്‍, ‘താമരശ്ശേരിച്ചുരം 150 കിലോമീറ്റര്‍ വേഗതയില്‍ റോഡ് റോളര്‍ ഓടിച്ചുകയറ്റി എന്ന് പറഞ്ഞുനടക്കുന്ന ഇന’ത്തില്‍പ്പെട്ടവരാണ് പാര്‍ട്ടിയില്‍ മൊത്തത്തിലുള്ളത്.
സര്‍ക്കാരിന്റെ കണക്കില്‍ ശിവന്‍കുട്ടി അപ്പൂപ്പനടക്കം ആറാണ് പ്രതികള്‍. ആറു പേര്‍ക്കും കേസും ജയിലുമൊന്നും പുത്തരിയല്ലാത്ത കൂട്ടരാണ്. ‘കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര…..’ എന്ന് നെടുമുടി വേണുവിന്റെ ഡെന്വറാശാന് സ്റ്റൈലില്‍ വമ്പത്തരം വിളമ്പാന്‍ കെല്‍പ്പുള്ളവര്‍. സ്പീക്കറുടെ ഡയസില്‍ ബാഹുബലി സ്റ്റൈലില്‍ കസേര തള്ളി മറിച്ച മുന്‍മന്ത്രി ഇ.പി. ജയരാജനാണ് ഈ ‘മായാദൃശ്യ’ത്തിലെ മറക്കാനാകാത്ത ഒരു താരം. പിന്നെ എംഎല്‍എയായും പിണറായിയുടെ പ്രിയ സഹയാത്രികനുമായ കെ.ടി. ജലീല്‍, മുന്‍ എംഎല്‍എമാരായ കെ. അജിത്ത്, കെ. കുഞ്ഞമ്മദ്, സി.കെ. സദാശിവന് എന്നിവരും.
ശിവന്‍കുട്ടിയപ്പൂപ്പന്റെ ആറംഗപ്പടയ്ക്ക് നടന്നതെല്ലാം മായയാണെന്ന് വാദിക്കുമ്പോഴും ഒരു പരാതിയുണ്ട്. മായാവികളായി തങ്ങളെ മാത്രമെന്തിന് പ്രതികളാക്കി എന്നതാണ് ചോദ്യം. സ്പീക്കറുടെ ഡയസില്‍ കയറിയത് ഇരുപത് മായാവികളായിരുന്നു എന്ന് ഇതേ കോടതി മുമ്പാകെ, സംഭവം വ്യാജമാണെന്ന് പറഞ്ഞ് തീരുംമുമ്പേ അവര്‍ വാദിച്ചതാണ് കൗതുകം. അതില്‍ പക്ഷേ നേരുണ്ട്. കെ. ശിവദാസന്‍ നായരെ കടിച്ചും ഷിബു ബേബിജോണിനോട് മല്ലയുദ്ധത്തിന് നിന്നും താരറാണിമാരായവരടക്കം നിരവധിയാണ് പ്രതിഭകള്‍. പി. ശ്രീരാമകൃഷ്ണനും ജയിംസ് മാത്യുവും തോമസ് ഐസക്കും ബാബു പാലിശ്ശേരിയും വി.എസ്. സുനില്‍കുമാറുമൊക്കെ തിണ്ണമിടുക്ക് കാണിച്ച് കേരളത്തിന്റെ ജനാധിപത്യത്തെ അന്തസ്സില്‍ കുളിപ്പിച്ചു കിടത്തിയ മനോഹരദൃശ്യങ്ങള്‍ മലയാളിയുടെ കണ്മുന്നിലുണ്ട്. സംഭവം മായയാണെന്ന് ഇപ്പോള്‍ പറയുമ്പോള്‍ പോലും സ്വപ്നത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ പ്രതിപ്പട്ടികയില്‍ നിന്ന് എങ്ങനെ ഒഴിവായി എന്നതാണ് ശിവന്‍കുട്ടിയെയും സംഘത്തെയും കുഴയ്ക്കുന്നത്.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്കു മുമ്പില്‍ മായാനാടകത്തെ സാധൂകരിക്കാന്‍ ശിവന്‍കുട്ടിയും അഞ്ച് കൂട്ടുപ്രതികളും ഉന്നയിച്ച വാദഗതികളില്‍ പിന്നെയും രസകരമായ നിരീക്ഷണങ്ങളുണ്ട്. സ്പീക്കറുടെ ഡയസിലെ ഇലക്ട്രോണിക്സ് ബോര്‍ഡ് ശിവന്‍കുട്ടി നശിപ്പിക്കുന്നത് കേരളം കണ്ടതാണ്. പക്ഷേ അതൊന്നും സത്യമല്ല. കാരണം നശിപ്പിക്കപ്പെട്ടവയെന്ന പേരില്‍ എഴുതിവെച്ച സാധനങ്ങളുടെ പട്ടികയില്‍ ഇപ്പറഞ്ഞ ബോര്‍ഡില്ല. നിയമസഭയിലെ 140 എംഎല്‍എമാരില്‍ ആരും ഇപ്പറഞ്ഞ അതിക്രമങ്ങള്‍ക്ക് സാക്ഷികളായില്ല. 21 മന്ത്രിമാരുണ്ടായിരുന്നവരില് ആരും ഇതൊന്നും കണ്ടവരുടെ പട്ടികയിലില്ല. പൊതുമുതല്‍ നശിപ്പിക്കണമെന്ന് ചിന്തിക്കാനുള്ള ശേഷി പോലുമില്ലാത്ത സാധുക്കളാണ് ‘പോലീസുകാരെ പ്രതിരോധിക്കാന്‍’ സ്പീക്കറുടെ ഡയസിലേക്ക് ഓടിക്കയറിയ ജനപ്രതിനിധികള്‍.
ഇതെല്ലാം കോടതി പരിഗണിച്ച് ഈ മഹാത്മാക്കള്‍ക്ക് കേസില്‍ നിന്ന് വിടുതല്‍ നല്‍കണമെന്ന അഭ്യര്‍ത്ഥനയാണ് പ്രതികള്‍ മുന്നോട്ടുവെച്ചത്. നിയമസഭയില്‍ നടന്നതിന്റെ ദൃശ്യങ്ങളെല്ലാം വ്യാജമാണെന്ന് വിളിച്ചുപറഞ്ഞതിന്റെ തുടര്‍ച്ചയായാണ് കൂടെയുള്ള ഇരുപത് പേരെക്കുറിച്ചും നശിപ്പിക്കാത്ത ഇലക്ട്രോണിക് ബോര്ഡിനെക്കുറിച്ചുമെല്ലാം പ്രതികള്‍ വാദിക്കുന്നതെന്ന് ഓര്‍ക്കണം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്വതഃസിദ്ധമായ നുണപ്രചാരവേലയുടെ ഉജ്ജ്വലമായ ഏടുകളില്‍ ഒന്നാവുകയാണ് നിയമസഭയിലെ കയ്യാങ്കളി കേസിലെ ഈ വാദമുഖങ്ങള്‍.
ഇറാഖിലെ സദ്ദാം ഹുസൈന് വേണ്ടി മുദ്രാവാക്യം വിളിക്കാനും ആമസോണ്‍ വനത്തിലെ തീ അണയ്ക്കാനും ദല്‍ഹിയിലെ കലാപത്തിന് ഐക്യദാര്‍ഢ്യ ഹര്‍ത്താല്‍ നടത്താനും ട്രംപ് മുതലാളിക്കെതിരായ തൊഴിലാളി വര്‍ഗത്തിന്റെ വിജയമാണ് ബൈഡന്റേതെന്ന് മേനി നടിക്കാനുമൊക്കെ കഴിയുന്ന ഒരപൂര്‍വ്വ ഇനം ജീവിവിഭാഗമാണ് ഇക്കൂട്ടര്‍. കാണുന്നതും കേള്‍ക്കുന്നതും മാത്രമല്ല അനുഭവിക്കുന്നത് വരെ ചുമ്മാതാണെന്ന് പറയാന്‍ മടിയില്ലാത്ത പ്രചാരവേലക്കാര്‍. അവരില്‍ നിന്ന് ഇതിലും കൂടുതല്‍ സംഭവിച്ചില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: