ഗുവാഹതി:അസമിലെ ദറങ് ജില്ലയില്‍ സംശയമുള്ള പൗരന്മാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ച അസം പൊലീസിനെ ആക്രമിച്ചതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ഉണ്ടെന്ന് അസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബബേഷ് കലിത ആരോപിച്ചു.
ഗോരുഖുതിയിലും സിപജാര്‍ റവന്യു പരിധിയില്‍പ്പെട്ട മറ്റ് ഗ്രാമങ്ങളിലുമാണ് അനധികൃതമായി കുടിയേറിയവരെ പൊലീസ് ഒഴിപ്പിക്കാന്‍ ശ്രമിച്ചത്. പൊലീസും അക്രമികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സമുദായ കൃഷി പദ്ധതിക്ക് വേണ്ടി 9,364 ഹെക്ടര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. സപ്തംബര്‍ 20ന് 602 ഹെക്ടര്‍ ഭൂമി ഒഴിപ്പിച്ചു. ഇവിടുത്തെ 800 കുടുംബങ്ങളെ ഒഴിപ്പിച്ചു. സപ്തംബര്‍ 23ന് 666 ഹെക്ടര്‍ ഭൂമിയും അതിലെ 600 കുടുംബങ്ങളെയും ഒഴിപ്പിച്ചു. തദ്ദേശവാസികള്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറായെങ്കിലും പുറത്ത് നിന്നും എത്തി കുടിയേറിയവരാണ് പൊലീസിനെ ആക്രമിച്ചത്.
സംശയം തോന്നിയ പൗരന്മാരെയാണ് സര്‍ക്കാരും പൊലീസും ഒഴിപ്പിച്ചുകൊണ്ടിരുന്നത്. അസമിലെ ഒഴിപ്പിക്കലിനെതിരെ ആളുകളെ സംഘടിപ്പിച്ചതിനും പൊലിസിനെ ആക്രമിച്ചതിനും പിന്നില്‍ മുന്‍കൂട്ടിയുള്ള ആസൂത്രണശ്രമം ഉണ്ടെന്നും ബബേഷ് കലിത അവകാശപ്പെട്ടു. മറ്റ് രാഷ്‌ട്രീയസംഘടനകളും ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നു. ഇനി കൂടുതല്‍ അന്വേഷണത്തിലേ ഇക്കാര്യം വെളിപ്പെടൂ. ഇക്കാര്യത്തില്‍ ബിജെപി സംസ്ഥാനസര്‍ക്കാരിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കയ്യേറ്റക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയിരുന്നു. മറ്റെവിടെയെങ്കിലും പുനരധിവിക്കാനും വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ അവര്‍ ഇതെല്ലാം നിരസിക്കുകയായിരുന്നുവെന്നും കലിത പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ആക്രമണങ്ങള്‍ക്ക് സമാനമായ ആക്രമണശൈലിയാണ് ഗോരുഖുതിയില്‍ അരങ്ങേറിയതെന്ന് ബോധ്യമായെന്ന് അസമിലെ ബിജെപി എംപി ദിലീപ് സൈകിയയും ആരോപിച്ചു. ദരംഗില്‍ ഒഴിപ്പിക്കല്‍ നടത്തുമ്പോള്‍ അസം പൊലീസിനെ ആക്രമിക്കാന്‍ അക്രമികള്‍ക്ക് പ്രേരണ നല്‍കിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നതില്‍ സംശയമില്ലെന്നും ബിജെപി പറഞ്ഞു. പ്രതിഷേധക്കാരുടെ പൗരത്വനിലയെക്കുറിച്ച് സംശയമുണ്ടെന്നും ബിജെപി പറഞ്ഞു.അക്രമത്തെക്കുറിച്ചും വെടിവെപ്പിനെക്കുറിച്ചും റിട്ട. ഗുവാഹതി ഹൈക്കോടതി ജഡ്ജിയുടെ അന്വേഷണത്തിന് അസം സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
നിരവധി സംസ്ഥാനങ്ങളില്‍ നിരോധിക്കപ്പെട്ട സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. കേന്ദ്രവും ഇതിനെ നിരോധിക്കപ്പെട്ട സംഘടനകളുടെ ലിസ്റ്റില്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്.
അതേ സമയം അസമിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇക്കാര്യം നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: