ചരിത്രത്തെ കണ്ടെടുക്കുക എന്നതിന് പകരം ചരിത്രം നിര്‍മ്മിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഒരു ജനതയുടെ സ്വത്വബോധത്തെത്തന്നെ ഇല്ലാതാക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയുള്ളതാണ്. പാമ എന്ന സ്വകാര്യ ഏജന്‍സിയുടെ നേതൃത്വത്തില്‍ പറവൂരിനടുത്ത പട്ടണം എന്ന പ്രദേശത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിന് നല്ല ഉദാഹരണമാണ്.
കേരളത്തിന്റെ പ്രാചീന ചരിത്രം തിരയുക എന്ന നിര്‍ദ്ദോഷമായ പഠന ഗവേഷണ പ്രവര്‍ത്തനമല്ല പാമയുടെ നേതൃത്വത്തില്‍ പട്ടണത്ത് നടക്കുന്നത്. രണ്ടാം ചേര സാമ്രാജ്യത്തിന്റെ പ്രധാന വാണിജ്യ തുറമുഖമായിരുന്നു മുസിരിസ്. പ്രീ ഹിസ്റ്റോറിക് പീരിയഡ് എന്നറിയപ്പെടുന്ന ബിസി അവസാന നൂറ്റാണ്ടുകളില്‍ മുസിരിസ് അന്താരാഷ്ട്ര പ്രശസ്തമായിരുന്നു. പ്രാചീന തമിഴ് സാഹിത്യത്തിലെ സംഘകാല കൃതികളില്‍ യവന കപ്പലുകള്‍ മുസിരിസില്‍ പെരിയാറിന്റെ കവാടം കടന്ന് തീരത്ത് അടുക്കുന്നത് വിവരിക്കപ്പെട്ടിരിക്കുന്നു. സ്വര്‍ണം നല്കി പകരം കുരുമുളക് കയറ്റി ആ കപ്പലുകള്‍ മടങ്ങുമായിരുന്നു.
ട്രിച്ചിക്കടുത്ത കാരൂര്‍ തലസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ചേരന്മാരുടെ അധീനതയിലായിരുന്നു മുസിരിസ്. പാലക്കാട് ചുരം കടന്നാണ് തുറമുഖ പട്ടണമായ മുസിരിസിലേക്കെത്തിയിരുന്നതെന്നും ചരിത്ര രേഖകളുണ്ട്. ഈ മുസിരിസ് ഇന്ന് നാം അറിയുന്ന കൊടുങ്ങല്ലൂരാണ്. തമിഴ് രാജവംശത്തിലെ ഇളമുറക്കാരനായിരുന്ന ഇളങ്കോ അടികള്‍ ചിലപ്പതികാരം എഴുതിയത് കൊടുങ്ങല്ലൂരിനടുത്ത തൃക്കണാമതിലകത്തെ ക്ഷേത്രത്തിലിരുന്നാണെന്ന് പ്രശസ്ത ചരിത്രകാരനായ എം.ജി.എസ്. നാരായണന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മുച്ചിറി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മുസിരിസും ചേരന്മാരുടെ തലസ്ഥാനമായ കാരൂരും സംഘകാല കൃതികളില്‍ പലയിടത്തും ആവര്‍ത്തിച്ച് പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. മുച്ചിറി പിന്നീട് മക്കോട്ടൈ അഥവാ മഹോദയപുരം എന്ന പേരിലും അറിയപ്പെട്ടിരുന്നുവെന്ന് എംജിഎസ് വ്യക്തമാക്കുന്നു. ടോളമിയുടേയും പെരിപഌസിന്റെയും യാത്രാ വിവരണങ്ങളില്‍ മുസിരിസിനെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
മുസിരിസ് കൊടുങ്ങല്ലൂരല്ലെന്നും പറവൂരിനടുത്ത പട്ടണമാണെന്നും സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് പാമയുടെയും ഡോ.പിജെ.ചെറിയാന്റെയും നേതൃത്വത്തില്‍ നടക്കുന്നത്. ചരിത്ര പഠനം വസ്തുതകളുടെയും തെളിവുകളുടേയും അടിസ്ഥാനത്തിലാവണം. പട്ടണം പ്രദേശത്ത് നിന്ന് ഏതാനും ചില നാണയങ്ങളും ഒരു വഞ്ചിയുടെ കുറെ ഭാഗവും മുത്തുകളും പാത്ര അവശിഷ്ടങ്ങളുമാണ് ഇതുവരെ കണ്ടെത്താനായിട്ടുള്ളത്. ഇതുകൊണ്ട് പട്ടണമാണ് മുസിരിസ് എന്ന് തെളിയിക്കാനാകില്ല.
മാത്രമല്ല മുസിരിസ് പെരിയാര്‍ കടലില്‍ ചേരുന്ന ഇടമാണെന്ന് സംഘകാല കൃതികളില്ത്തന്നെവ്യക്തമാണ്. പട്ടണം പെരിയാറിന്റെ തീരത്തല്ല. സമുദ്ര തീരത്തുമല്ല. പട്ടണത്തേക്ക് എങ്ങനെ വലിയ വാണിജ്യ കപ്പലുകള്‍ എത്തിയിരുന്നുവെന്ന ചോദ്യത്തിന് ഉത്തരമില്ല. പെരിയാര്‍ പില്ക്കാലത്ത് ഗതിമാറി ഒഴുകിയതാകാമെന്ന ദുര്ബലവാദമാണ് ഇവര്‍ ഉന്നയിക്കുന്നത്.
ഇക്കാര്യം ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞന്മാര് നേരത്തെ തള്ളിക്കളഞ്ഞതാണ്. ഹാരപ്പാ, മോഹന്‍ജൊദാരോ സംസ്കാരങ്ങളുടെ കേന്ദ്രമായിരുന്ന സരസ്വതി നദീതടത്തെക്കുറിച്ച് റേഡിയോ ഐസോടേപ്പ് വഴി ഈ ശാസ്ത്രജ്ഞന്മാര് പര്യവേഷണം നടത്തിയിരുന്നു. സരസ്വതിയുടെ നിലച്ചുപോയ പ്രവാഹം അടയാളപ്പെടുത്തുകയും ചെയ്തു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടേയും ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിന്റെയും താത്പര്യപ്രകാരം പെരിയാറിനെ സംബന്ധിച്ച് ബാര്‍ക് നടത്തിയ പഠനം വെളിപ്പെടുത്തുന്നത് നദിക്ക് അങ്ങനെയൊരു അപഭ്രംശം സംഭവിച്ചിട്ടില്ല എന്നാണ്.
പട്ടണം എന്ന പ്രദേശത്തുകൂടി ഒരു കാലത്തും പെരിയാറോ കൈവഴികളോ ഒഴുകിയതിന് ശാസ്ത്രീയമായി തെളിവില്ല. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോളജിയും ഇതേകാര്യം അവരുടെ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പട്ടണത്തില്‍ കാണുന്ന മണലും ചെളിയും കലര്‍ന്ന കളിമണ്ണടരുകള്‍ പ്രീ- ഹിസ്റ്റോറിക് കാലത്തിന് ശേഷം രൂപപ്പെട്ടതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ബിസി അവസാന നൂറ്റാണ്ടുകളിലോ അതിന് മുന്‍പുള്ള ഇരുമ്പ് യുഗത്തിലോ രൂപപ്പെട്ടതാണെന്ന് തെളിയിക്കാനാവശ്യമായ ലാറ്ററൈററ് അടരുകള്‍ മണ്ണിലില്ല.
എന്നിട്ടും 2006-ല്‍ കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പട്ടണം ഉദ്ഖനനം 2016 വരെ തുടര്‍ന്നു. കെസിഎച്ച്ആര്‍ ഡയറക്ടറായിരുന്ന ഡോ.പി.ജെ.ചെറിയാന്റെ നേതൃത്വത്തിലായിരുന്നു ഈ ഗവേഷണം. കെസിഎച്ച്ആറിന്റെ ഗവേഷണവും ഉദ്ഖനനവും ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നിര്‍ത്തി വെപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി പാമ എന്ന സ്വകാര്യ ഏജന്‍സി എഎസ്ഐയുടെ അനുമതി വാങ്ങി ഉത്ഖനനം നടത്തുകയാണ്. ഡോ.പി.ജെ.ചെറിയാന് തന്നെയാണ് പാമയുടേയും ഡയറക്ടര്‍ എന്നതാണ് ഏറെ കൗതുകകരം. കെസിഎച്ച്ആറില്‍ നിന്ന് വിരമിച്ച ശേഷം ഡോ.ചെറിയാന് തന്നെ സൃഷ്ടിച്ച സംഘടനയാണ് പാമ എന്ന സ്വകാര്യ ഏജന്‍സി.
ഡോ.പി.ജെ. ചെറിയാന് ഡയറക്ടറായിരിക്കെ കേരള ചരിത്ര ഗവേണ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന ഉദ്ഖനനത്തേയും പരിശോധനകളേയും കുറിച്ച് അന്ന് തന്നെ വലിയ ആക്ഷേപങ്ങളാണുയര്ന്നത്. പട്ടണത്ത് നിന്ന് കണ്ടെടുത്ത ചരിത്രാവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയേയോ ഇന്ത്യന്‍ ചരിത്രകാരന്മാരെയോ ആര്ക്കിയോളജിസ്റ്റുകളേയോ അറിയിക്കാതെ രഹസ്യമായി വിദേശത്തേക്ക് കാര്‍ബണ്‍ ഡേറ്റിങ് ടെസ്റ്റിനായി കൊണ്ടുപോയത് ദുരൂഹമാണ്. ചരിത്രാവശിഷ്ടങ്ങളുടെ കാലപ്പഴക്കം നിര്‍ണയിക്കാനുള്ള കാര്‍ബണ്‍ ഡേറ്റിങ്ങ് ടെസ്റ്റ് നടത്താന്‍ ഇന്ത്യയില്‍ത്തന്നെ നിരവധി കേന്ദ്രങ്ങളുള്ളപ്പോഴാണ് രഹസ്യമായി ഈ നീക്കം നടത്തിയത്.
ദക്ഷിണേഷ്യയിലെ ക്രിസ്തുമത വ്യാപനം സംബന്ധിച്ച് ഗവേഷണം നടത്താന്‍ വലിയ തോതില്‍ പണം ചെലവിടുന്ന ജോര്‍ജിയ സര്‍വ്വകലാശാലയുടെ കീഴിലുള്ള കേന്ദ്രത്തിലാണ് ദുരൂഹമായ ഈ കാര്‍ബണ്‍ ഡേറ്റിങ് നടത്തിയത്. ബിസി ആയിരം മുതല്‍ പട്ടണത്തിന് റോമുമായും ജെറുസലേമുമായി ബന്ധമുണ്ടായിരുന്നുവെന്നും എഡി ഒന്നാം നൂറ്റാണ്ടില്‍ ക്രിസ്തുവിന്റെ ശിഷ്യനായ സെന്റ് തോമസ് പട്ടണത്ത് വന്നുവെന്നും മറ്റുമുള്ള വാദങ്ങളും ഇതെത്തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ടു.
എന്നാല്‍ വേണ്ടത്ര ചരിത്ര പിന്‍ബലമില്ലാത്ത ഈ വാദം ക്രിസ്ത്യന്‍ സഭ തന്നെ നിഷേധിച്ചതാണ്. 2006-ല്‍ മാര്‍പാപ്പയായിരുന്ന ബനഡിക്ട് പതിനാറാമന്‍ തന്നെ സെന്റ് തോമസ് ഇന്ത്യയില്‍ വന്നുവെന്നതിന് തെളിവില്ലെന്നും ദക്ഷിണേഷ്യയില്‍ത്തന്നെ എത്തിയിട്ടില്ലെന്ന് വേണം കരുതാനെന്നും മാര്‍പാപ്പ വ്യക്തമാക്കുകയുണ്ടായി. ആത്മീയ നേതൃത്വം തന്നെ സത്യം വ്യക്തമാക്കിയിട്ടും സെന്റ് തോമസിന്റെ പേരിലുള്ള വ്യാജ ചരിത്ര നിര്‍മ്മിതികള്‍ തുടരാന്‍ പലരേയും പ്രേരിപ്പിക്കുന്ന ഘടകം ഇതിന്റെ പേരില്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന കോടികളാണ്. സുവിശേഷവത്കരണവും അതിന്റെ ചരിത്ര പശ്ചാത്തലമൊരുക്കലുമെല്ലാം ഇന്ന് സഹസ്രകോടികള്‍ മറിയുന്ന ബിസിനസാണ്. പട്ടണത്തിന്റെ പേരില്‍ നടക്കുന്ന ചരിത്രനിര്‍മ്മിതിയും ഇത്തരമൊരു നീക്കത്തിന്റെ ഭാഗമാണ്. വന്‍തോതിലുള്ള വിദേശ ഫണ്ട് ഇതിനായി ലഭിച്ചിട്ടുണ്ടെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ അനുവാദത്തോടെയാണ് ഉദ്ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തിയതെങ്കിലും എഎസ്ഐയുടെ ആര്ക്കിയോളജിസ്റ്റുകളെയൊന്നും കെസിഎച്ച്ആറും പിന്നീട് പാമയും ഖനനത്തില്‍ സഹകരിപ്പിച്ചില്ല. ഇന്ത്യയിലെ പ്രമുഖ ചരിത്രകാരന്മാരും ആര്ക്കിയോളജിസ്റ്റുകളുമായ ദിലീപ് ചക്രവര്‍ത്തി, എം.ജി.എസ്. നാരായണന്, ആര്. നാഗസ്വാമി, എ. സുന്ദര, ടി. സത്യമൂര്‍ത്തി തുടങ്ങിയവരെല്ലാം പട്ടണം സിദ്ധാന്തത്തെ അബദ്ധമെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു.
കെസിഎച്ച്ആറിന്റെയും പിന്നീട് പാമയുടേയും ഉദ്ഖനനത്തില്‍ പങ്കാളികളായവരാകട്ടെ തിയോളജിയിലും ക്രിസ്തീയ ചരിത്രത്തിലും ബിരുദങ്ങളുള്ളവരും. ഡോ.പി.ജെ. ചെറിയാന് പുറമേ പട്ടണം ഗവേഷണത്തിന് നേതൃത്വം നല്കിയവര് ആരൊക്കെയെന്ന് പരിശോധിച്ചാല്‍ ഈ ചിത്രം വ്യക്തമാകും. ഹംഗറിയില്‍ നിന്നുള്ള ബൈബിള്‍ ചരിത്ര പണ്ഡിതന് ഇസ്തുവാന് പെരസ്, റോമില്‍ നിന്നുള്ള തിയോളജി പണ്ഡിതന്മാരായ റോബര്‍ട്ടാ ടോംബര്‍, ഫ്രെഡറികോ ഡിറോമെയ്ന്സ് തുടങ്ങിയവരായിരുന്നു ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയത്.
ഇന്ത്യന്‍ ശാസ്ത്രജ്ഞരെയും ചരിത്രകാരന്മാരെയും മാറ്റിനിര്‍ത്തിയപ്പോള്‍ യൂറോപ്യന്‍ സര്‍വ്വകലാശാലകളിലെ തിയോളജിസ്റ്റുകളും ചരിത്രകാരന്മാരും ഇതില്‍ സജീവമായി പങ്കെടുത്തത് ദുരൂഹമാണ്. ഗവേഷണത്തില്‍ പങ്കാളിയായ തമിള്‍ മയ്യം എന്ന സംഘടനയുടെ പ്രസിഡന്റായ ഫാ. ഗാസ്പര്‍ രാജ് മരിയ പൗലിന്‍ എന്നയാളുമായി ഡോ. ചെറിയാനും കൂട്ടര്‍ക്കുമുള്ള ബന്ധവും ദുരൂഹമാണ്. തമിഴ് ഭീകര സംഘടന എല്‍ടിടിഇയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നയാളാണ് ഫാ. ഗാസ്പര്‍ രാജെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കിടയില്‍ സുവിശേഷവത്കരണത്തിനും മതപരിവര്‍ത്തനത്തിനും ഇവര്‍ ശ്രമം നടത്തിയിരുന്നു.
2011-ല്‍ തിരുവനന്തപുരത്ത് നടന്ന ആര്‍ക്കിയോളജി കോണ്‍ഫറന്‍സില്‍ ഡോ. ചെറിയാന് തന്റെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചുവെങ്കിലും രൂക്ഷമായ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. മുസിരിസ് കൊടുങ്ങല്ലൂരല്ലെന്നും അത് പറവൂരിനടുത്ത പട്ടണം എന്ന ചെറിയസ്ഥലമാണെന്നുമായിരുന്നു ചെറിയാന്റെ കണ്ടെത്തലിന്റെ സാരം. തെറ്റായ ചരിത്രമാണ് ഇവര്‍ അവതരിപ്പിക്കുന്നതെന്ന് തമിഴ്നാട് ആര്‍ക്കിയോളജി വകുപ്പിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. ആര്. നാഗസ്വാമി അതേ വാദിയില്ത്തന്നെ ചൂണ്ടിക്കാട്ടി. പ്രശസ്തനായ ആര്‍ക്കിയോളജിസ്റ്റ് എ. സുന്ദരയും ഇതേ അഭിപ്രായം രേഖപ്പെടുത്തി.
ആര്‍ക്കിയോളജിസ്റ്റ് എന്ന നിലയില്‍ ഇത്തരമൊരു ഉദ്ഖനനത്തിനും ഗവേഷണത്തിനും നേതൃത്വം നല്‍കാനുള്ള പി.ജെ.ചെറിയാന്റെ യോഗ്യതയിലും അക്കാദമിക് സമൂഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. 1946ന് മുന്‍പുള്ള തിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന വിഷയത്തിലാണ് പി.ജെ. ചെറിയാന് ഡോക്ടറേറ്റ്. ആര്‍ക്കിയോളജിയുമായി ഒരു ബന്ധവുമില്ലാത്ത വിഷയമാണിത്. ഈ പ്രത്യേക ദൗത്യമേറ്റെടുത്തതിന് ശേഷം യൂണിവേഴ്സിറ്റി ഓഫ് റോം അദ്ദേഹത്തിന് ആര്‍ക്കിയോളജിയില്‍ മൂന്ന് വര്‍ഷത്തെ ഫെലോഷിപ്പ് നല്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: